

കോട്ടയം: ഒരു മാസത്തിനുള്ളിൽ കെവിനുമായുള്ള നീനുവിന്റെ വിവാഹം നടത്തിക്കൊടുക്കാമെന്നു നീനുവിന്റെ പിതാവ് ചാക്കോ ജോൺ പറഞ്ഞതായി മുൻ എസ്ഐയുടെ മൊഴി. ഗാന്ധിനഗർ മുൻ എസ്ഐ എംഎസ് ഷിബുവാണ് മൊഴി നൽകിയത്. ഈ ഉറപ്പു നൽകിയതു കൊണ്ടാണു നീനുവുമായി സംസാരിക്കാൻ ചാക്കോയ്ക്ക് അവസരം നൽകിയത്. അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ സർവീസിൽ നിന്ന് എംഎസ് ഷിബുവിനെ പിരിച്ചു വിട്ടിരുന്നു. തിരിച്ചെടുത്തെങ്കിലും പ്രതിഷേധത്തെ തുടർന്ന് ആ ഉത്തരവ് മരവിപ്പിച്ചിരിക്കുകയാണ്.
നീനുവിനെ കെവിൻ തട്ടിക്കൊണ്ടു പോയെന്ന് 2018 മേയ് 25നു പിതാവ് ചാക്കോ ജോൺ പരാതി നൽകി. നീനുവിനെ അമ്മഞ്ചേരിയിലെ ഹോസ്റ്റലിൽ നിന്നു വിളിച്ചു വരുത്തി. പിതാവിനൊപ്പം പോകാൻ താത്പര്യമില്ലെന്നും കെവിന് ഒപ്പം പോകാനാണ് താത്പര്യമെന്നും നീനു പറഞ്ഞു. സ്റ്റേഷനു മുന്നിൽ വച്ചു ചാക്കോ ജോൺ നീനുവിനെ ബലമായി കാറിൽ കയറ്റാൻ ശ്രമിക്കുന്നതു കണ്ടുവെന്നും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിക്കു മുൻപാകെ ഷിബു മൊഴി നൽകി.
കെവിനെയും ബന്ധു അനീഷിനെയും നീനുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ വിവരം സംഭവ ദിവസം രാവിലെ ഏഴിനു ജില്ലാ പൊലീസ് മേധാവിയെയും ഡിവൈഎസ്പിയെയും അറിയിച്ചിരുന്നു. മെഡിക്കൽ കോളജിൽ വിഐപി സന്ദർശനമുള്ളതിനാൽ അന്നു വൈകീട്ട് നാല് മണിക്കാണ് കെവിനെ അന്വേഷിച്ചു പോകാൻ കഴിഞ്ഞത്. അര ദിവസം മാത്രമാണ് അന്വേഷിക്കാൻ കഴിഞ്ഞത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റേതാണു വിഐപി ഡ്യൂട്ടിയെന്നും ഷിബു പറഞ്ഞു.
മേയ് 27നു രാവിലെ ആറിന് എഎസ്ഐ ടി.എം ബിജുവാണ് തന്നെ വിവരം ഫോണിൽ അറിയിച്ചത്. ഏഴിനു ഡിവൈഎസ്പി ഷാജിമോൻ ജോസഫിനോട് ഫോണിൽ വിവരം പറഞ്ഞു. അപ്പോൾ എഎസ്ഐ ബിജു പറഞ്ഞ സംഭവം അല്ലേ എന്ന് ചോദിച്ചു. 10ന് ജില്ലാ പൊലീസ് മേധാവിയെയും വിവരം അറിയിച്ചു. 2018 മേയ് 27 ന് ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെ മുഖ്യമന്ത്രിയുടെ വിഐപി ഡ്യൂട്ടി ആയിരുന്നു. ഒന്നര ലക്ഷം രൂപയുടെ ക്വട്ടേഷനാണു തട്ടിക്കൊണ്ടു പോകലെന്ന് അക്രമി സംഘം പറഞ്ഞതായി അനീഷ് മൊഴി നൽകിയെന്നതു ഷിബു നിഷേധിച്ചു. ഈ മൊഴി ഓർക്കുന്നില്ലെന്നു ഷിബു പറഞ്ഞു.
പ്രതികൾ മോചിപ്പിച്ച അനീഷ് തിരിച്ചെത്തിയപ്പോൾ കണ്ണിൽ അടി ഏറ്റതിന്റെ പാട് ഉണ്ടായിരുന്നു. പേടിച്ച നിലയിലും കടുത്ത മാനസിക സംഘർഷം ഉള്ളതായും തോന്നിയിരുന്നു. ഉടനെ എഫ്ഐആർ ഇടേണ്ടതിനാൽ വളരെ ചുരുക്കിയാണ് മൊഴി പറയാൻ ആവശ്യപ്പെട്ടത്. എസ്ഐ തന്നെ കാര്യങ്ങൾ പറയാൻ അനുവദിച്ചില്ലെന്ന് നേരത്തെ അനീഷ് കോടതിയിൽ മൊഴി നൽകിയിരുന്നു.
കെവിൻ കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന കുറ്റം ആരോപിച്ചാണ് സസ്പെൻഡ് ചെയ്തത്. ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി അറിയില്ല. പിരിച്ചുവിടുമെന്ന് കാണിച്ച് നോട്ടീസ് നൽകിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം കെവിന്റെ പിതാവ് ജോസഫ് തന്നെ ഫോണിൽ വിളിച്ചതിനെക്കുറിച്ച് ഓർക്കുന്നില്ലെന്നും ഷിബു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates