കോട്ടയം: കെവിന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍ തുടങ്ങി യഥാക്രമം ഇഷാന്‍, റിയാസ്, മനു മുരളീധരന്‍, ഷെഫിന്‍, നിഷാദ്, ടിറ്റു ജെറാം, ഫസില്‍ ഷെരീഫ്, ഷീനു ഷാജഹാന്‍, എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസ് അപൂര്‍വങ്ങലില്‍ അപൂര്‍വമാണെന്ന് കോടതി വ്യക്തമാക്കി. വിവിധ വകുപ്പുകളില്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വിധിച്ചു. 9 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഓരോ പ്രതികളും 40,000 രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു. പ്രതികളില്‍ നിന്നും ഈടാക്കുന്ന തുകയില്‍ ഒരു ലക്ഷം രൂപ സാക്ഷി അനീഷിന് നല്‍കണം. ശേഷിക്കുന്ന തുക ഒന്നരലക്ഷം വീതം തുല്യമായി നീനുവിനും കെവിന്റെ പിതാവിനും നല്‍കണമെന്നും കോടതി വിധിച്ചു. വിധിയില്‍ തൃപ്തിയുണ്ടെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ അടക്കം പത്തുപ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ദുരഭിമാനക്കൊലയായി കോടതി വിധിച്ച കേസാണ് കെവിന്‍ വധക്കേസ്. അതുകൊണ്ടുതന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികളുടെ പ്രായവും, ക്രിമിനല്‍ കേസുകളിലൊന്നും പെട്ടിട്ടില്ലെന്ന മുന്‍കാല ചരിത്രവും പരിഗണിച്ച് ശിക്ഷ ഇളവ് നല്‍കണമെന്ന് പ്രതിഭാഗവും വാദിച്ചിരുന്നു. ദുരഭിമാനക്കൊലയാണെന്ന നീനുവിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.
കേസില്‍ അഞ്ചാം പ്രതിയായ നീനുവിന്റെ പിതാവ് ചാക്കോയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്ന ചാക്കോയെ, സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതി കുറ്റവിമുക്തനാക്കിയത്. ചാക്കോയെ കൂടാതെ, കേസിലെ പത്താം പ്രതി വിഷ്ണു, 13-ഉം, 14ഉം പ്രതികാളായ ഷിനു നാസര്‍, റെമീസ് എന്നിവരെയും കോടതി വെറുതെ വിട്ടിരുന്നു. നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ 2018 മേയ് 27നാണ് പ്രതികള്‍ കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
തെന്മല ചാലിയക്കര സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി സ്വദേശി കെവിന്‍ പി ജോസഫിനെ നീനുവിന്റെ സഹോദരന്‍ ഷാനുചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി. പിന്നീട് ചാലിയേക്കര ആറ്റില്‍ കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാറില്‍ പോകവെ, പ്രതികളുടെ കസ്റ്റഡിയില്‍ നിന്നും ഇറങ്ങിയോടിയ കെവിനെ ആറ്റില്‍ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
നീനുവിന്‍ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ ഷാനു ചാക്കോ എന്നിവരുള്‍പ്പടെ ആകെ 14 പ്രതികളാണ് കേസിലുണ്ടായിരുന്നത്. 113 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മൂന്നു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates