

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കേരള സര്‍വകലാശാല അധ്യാപകനെ സസ്‌പെന്റ് ചെയ്തു. കാര്യവട്ടം ക്യാമ്പസിലെ മനശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ജോണ്‍സണെയാണ് സസ്‌പെന്റ് ചെയ്തത്. അധ്യാപകന്റെ വിദ്യാര്‍ത്ഥികളോടുള്ള പെരുമാറ്റത്തെക്കുറിച്ച് സമകാലിക മലയാളം വാരികയില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. 'മാര്‍ക്കിലെ വിവേചനം, പ്രതിക്കൂട്ടിലാകുന്ന അധ്യാപകന്‍' എന്ന പേരില്‍ പിഎസ് റംഷാദാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് നടപടി.
എം എസ് സി അപ്ലൈഡ് സൈക്കോളജി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളാണ് ജോണ്‍സന് എതിരെ പരാതി നല്‍കിയത്. ഇന്റേണല്‍ പരീക്ഷയുടെ പേപ്പറുകള്‍ നോക്കാതെ കുറഞ്ഞ മാര്‍ക്ക് നല്‍കിയത് മുതല്‍ കുട്ടികളെ മാനസ്സികമായി പീഡിപ്പിക്കുന്നതുവരെയുള്ള പരാതികള്‍ അന്വേഷിക്കാന്‍ സര്‍വകലാശാല അഞ്ചംഗ സമിതിയെ നിയമിച്ചിരുന്നു. മോശം പെരുമാറ്റത്തിന്റെ പേരില്‍ വകുപ്പ് മേധാവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജോണ്‍സണെ മുന്‍പ് രണ്ടുതവണ സസ്‌പെന്റ് ചെയ്യുകയും നിയമനം ക്രമപ്രകാരമല്ല എന്ന പരാതിയില്‍ ഒരുതവണ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. കോടതിയെ സമീച്ചാണ് തിരിച്ചു കയറിയത്.
നടത്തിയ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് പ്രദര്‍ശിപ്പിക്കാതിരിക്കുക,പേപ്പര്‍ മൂല്യനിര്‍ണയം നടത്താതിരിക്കുക, അര്‍ഹമായ മാര്‍ക്ക് നല്‍കാത്തത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ മുറിയില്‍ നിന്ന് ഇറക്കിവിട്ടു, അംഗലൈകല്യമുള്ള കുട്ടിയെ ഉള്‍പ്പെടെ വരാന്തയില്‍ കാത്തു നിര്‍ത്തി തുടങ്ങി നിരവധി പരാതികളാണ് വിദ്യാര്‍ത്ഥികള്‍ ജോണ്‍സണ്‍ എതിരെ ഉന്നയിച്ചിരിക്കുന്നത്.
വിവരമറിഞ്ഞ വകുപ്പ് മേധാവി കുട്ടികളെ മാനസ്സികമായി പീഡിപ്പിക്കാതെ അര്‍ഹമായ മാര്‍ക്ക് നല്‍കാന്‍ നിര്‍ദേശിച്ചിട്ടും അത് വകവയ്ച്ചില്ല. തങ്ങളുടെ സത്യസന്ധതയും ധാര്‍മികതയും ചോദ്യം ചെയ്യുന്ന തരത്തിലുളള പെരുമാറ്റമാണ് അധ്യാപകനില്‍ നിന്നുണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിന്‍ഡിക്കേറ്റ് കമ്മീഷന്‍ അന്വേഷണം നടത്തി വിസിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates