

തിരുവനന്തപുരം: കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായത്. ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കോവിഡ് 19 ബാധിച്ചവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണ് മരണക്കയത്തില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ഇതോടെ പത്തനംതിട്ടയിലെ 5 അംഗ കുടുംബം രോഗമുക്തരായി. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലെ എല്ലാ ജീവനക്കാരേയും ആരോഗ്യമന്ത്രി കെകെ. ശൈലജ അഭിനന്ദനം അറിയിച്ചു.
ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ഈ വൃദ്ധ ദമ്പതികള്‍ക്കുമാണ് മാര്‍ച്ച് 8ന് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി. ഈ വൃദ്ധ ദമ്പതികള്‍ക്ക് പരമാവധി ചികിത്സ നല്‍കി ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് മാര്‍ച്ച് 9ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചുമയും പനിയും കോവിഡിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്ന ഇവരെ പേ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. ആദ്യ പരിശോധനയില്‍ പ്രായാധിക്യമുള്ള അവശതകളോടൊപ്പം ഡയബെറ്റിക്‌സും ഹൈപ്പര്‍ ടെന്‍ഷനും ഉള്ളതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സ ക്രമീകരിച്ചത്.
തോമസിന് ആദ്യ ദിവസങ്ങളില്‍ തന്നെ നെഞ്ചുവേദനയുണ്ടെന്ന് മനസിലാക്കി ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും കണ്ടെത്തി. അതിനാല്‍ ഇവരെ മെഡിക്കല്‍ ഐസിയുവില്‍ വി.ഐ.പി. റൂമിലേക്ക് മാറ്റിയിരുന്നു. ഇവരെ രണ്ടുപേരെയും ഓരോ റൂമുകളില്‍ തനിച്ചു പാര്‍പ്പിച്ചിരുന്നതിനാല്‍ ഇവര്‍ രണ്ടുപേരും അസ്വസ്ഥരായി കാണപ്പെട്ടിരുന്നു. ആയതിനാല്‍ പതിനൊന്നാം തീയതി ഇവര്‍ രണ്ടുപേര്‍ക്കും പരസ്പരം കാണാന്‍ കഴിയുന്ന വിധം ട്രാന്‍സ്പ്ലാന്റ് ഐസിയുവിലേക്ക് മാറ്റി. ഇടയ്ക്കുവെച്ച് തോമസിന് ചുമയും കഫക്കെട്ടും കൂടുതല്‍ ആവുകയും ഓക്‌സിജന്‍നില കുറവായി കാണപ്പെടുകയും അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്തു. ആയതിനാല്‍ തോമസിനെ വെന്റിലറേറ്ററിലേക്കു മാറ്റി 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചു. അതിനിടയ്ക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുകയും ചെയ്തു.
തോമസിനും മറിയാമ്മയും മൂത്രസംബന്ധമായ അണുബാധ ഇതിനിടയില്‍ കാണപ്പെട്ടു. മറിയാമ്മയ്ക്ക് ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ കൂടി ഉണ്ടായിരുന്നു. ഇത് രോഗം മൂര്‍ച്ഛിക്കുന്നതിന് കാരണമായി. അതിനുള്ള ചികിത്സയും ഇതിനിടയില്‍ പ്രത്യേകം ചെയ്യുന്നുണ്ടായിരുന്നു.
വിദഗ്ധ ചികിത്സയെ തുടര്‍ന്ന് നാലു ദിവസങ്ങള്‍ക്ക് മുമ്പ് ഓക്‌സിജന്റെ നില മെച്ചപ്പെടുകയും ശ്വാസംമുട്ടും ചുമയും കുറയുകയും ചെയ്തതിനാല്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ഒരിക്കല്‍ക്കൂടി കൊറോണ ടെസ്റ്റ് എടുക്കുകയും ടെസ്റ്റ് നെഗറ്റീവ് ആവുകയും ചെയ്തു. ഇപ്പോള്‍ രണ്ടുപേരുടെയും നില പ്രായാധിക്യമുള്ള അവശതകള്‍ ഒഴിച്ചാല്‍ തൃപ്തികരമാണ്. എത്രയും വേഗം ഇവരെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ചില സമയങ്ങളില്‍ വീട്ടില്‍ പോകണം എന്ന് വാശി കാരണം ഭക്ഷണം കഴിക്കാതിരിക്കുകയും നഴ്‌സിംഗ് സ്റ്റാഫുമായി സഹകരിക്കാതിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നഴ്‌സിംഗ് സ്റ്റാഫിന്റെ സമയോചിതമായ ഇടപെടലും അനുനയിപ്പിക്കലും കൊണ്ട് അവരെ സമാധാനിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. അതായത് ഈ വൃദ്ധ ദമ്പതികളെ രക്ഷിച്ചെടുക്കാന്‍ അത്രയേറെ ജീവനക്കാര്‍ പാടുപെട്ടു. അത്രയേറെ അവര്‍ക്ക് സ്‌നേഹവും നല്‍കി.
വീട്ടിലെ ഒരംഗത്തെപ്പോലെ ഇത്രയും അവശതകളുള്ള വൃദ്ധ ദമ്പതികളെ ചികിത്സിച്ച ഒരു നഴ്‌സിനാണ് കൊറോണ രോഗം പിടിപെട്ടത്. മന്ത്രി ആ നഴ്‌സിനെ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ആരോഗ്യ വകുപ്പിന്റെ പിന്തുണയറിയിക്കുകയും ചെയ്തു. പത്തനംതിട്ട കുടുംബത്തില്‍ നിന്നും മെഡിക്കല്‍ കോളേജിലെ ചികിത്സയിലൂടെ രോഗമുക്തി നേടിയ മൂന്നംഗ കുടുംബത്തിലെ റോബില്‍ കഴിഞ്ഞ ദിവസം മന്ത്രിയെ വിളിച്ച് തന്റെ കുടുംബത്തെ രക്ഷിച്ചതിലുള്ള നന്ദിയറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates