

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തിന് അഭിമാനനേട്ടമായി രണ്ട് പേര്‍ക്ക് പത്മശ്രീ അവാര്‍ഡ് ലഭിച്ചു. നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷി, അരുണാചലിലെ ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തകനായ സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവരെ തേടിയാണ് പുരസ്‌കാരം എത്തിയത്. ജഗദീഷ് ലാല്‍ അഹുജ( പഞ്ചാബ്), മുഹമ്മഷരീഫ് ( യുപി), ജാവേദ് അഹമ്മദ് ടക്( ജമ്മുകശ്മീര്‍) അടക്കം 21 പേര്‍ക്കാണ് പത്മശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചത്.
അഞ്ച് നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള കേരളത്തിന്റെ പരമ്പരാഗത കലയായ നോക്കുവിദ്യ പാവകളി സംരക്ഷിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ച കലാകാരിയാണ് മൂഴിക്കല്‍ പങ്കജാക്ഷി. കോട്ടയം സ്വദേശിനിയായ ഇവര്‍ എട്ടാംവയസ്സ് മുതല്‍ നാട്ടിലും വിദേശരാജ്യങ്ങളിലുമായി നോക്കുവിദ്യ പാവകളി അവതരിപ്പിച്ച് ഇതിന്റെ പ്രശസ്തി ലോകരാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. കേരളത്തില്‍ ജനിച്ച സത്യനാരായണന്‍ മുണ്ടയൂര്‍ കഴിഞ്ഞ നാലുദശാബ്ദ കാലമായി അരുണാചല്‍ പ്രദേശിലെ ഗ്രാമീണ മേഖലയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ഗ്രാമീണ മേഖലയില്‍ വായനശാലകള്‍ ആരംഭിച്ചതിനുമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
മൂക്കിനും ചുണ്ടിനും ഇടയിലുള്ള ഇത്തിരിയിടത്ത് ഉറപ്പിച്ചു നിര്‍ത്തിയ തണ്ട് എന്ന് വിളിയ്ക്കുന്ന നീളമുള്ള വടിയില്‍ ആടുന്ന തരത്തിലാണ് നോക്കുവിദ്യ പാവകളി. മഹാഭാരതത്തില്‍ നിന്നും രാമായണത്തില്‍ നിന്നും സാമൂഹ്യ ജീവിതത്തില്‍ നിന്നുമൊക്കെ തിരഞ്ഞെടുത്ത ഏടുകളാണ് കഥയാകുന്നത്.
മച്ചിങ്ങ ഈര്‍ക്കിലില്‍ കുത്തി നിര്‍ത്തി മുഖത്തു വച്ചായിരുന്നു പങ്കജാക്ഷിയമ്മയുടെ ബാല്യകാലത്തെ പരിശീലനം.മുഖം മുറിഞ്ഞ് വേദനയെടുക്കും. വീണ്ടും അവിടെത്തന്നെ വച്ച് കഠിനമായ പരിശീലനം. പാലത്തടിയില്‍ നിര്‍മ്മിച്ച ഈ പാവകളുടെ ശില്‍പ്പി പങ്കജാക്ഷിയമ്മയുടെ ഭര്‍ത്താവ് ശിവരാമപ്പണിക്കര്‍ ആയിരുന്നു. പാലത്തടിയ്ക്ക് കനം കുറവാണ് എന്നതാണ് പാവനിര്‍മ്മാണത്തിന് ഉപയോഗിയ്ക്കാന്‍ കാരണം. വേലപ്പണിക്കര്‍ എന്ന വിഭാഗത്തിന്റെ പാരമ്പര്യ കലാരൂപമാണ് നോക്കുവിദ്യ.
പണ്ടുകാലത്ത് ഓണത്തിന് വലിയ തറവാടുകളില്‍ പാവകളിയുമായി പോകുമായിരുന്നു എന്ന് പങ്കജാക്ഷിയമ്മ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നുണ്ട്. തന്റെ അച്ഛനും അമ്മയും വല്യച്ഛനുമെല്ലാം കളിക്കാരായിരുന്നുവെന്നും പതിനൊന്നു വയസ്സു മുതല്‍ തന്നെയും പഠിപ്പിച്ച് തുടങ്ങിയെന്നും പറയുന്നു. വിവാഹം കഴിച്ചു വന്നുകയറിയ കുടുംബവും കലയോട് ഇതേ മനോഭാവമുള്ളവരായിരുന്നത് കൊണ്ട് പങ്കജാക്ഷിയമ്മയ്ക്ക് തന്റെ കലാജീവിതം അവിടെയും തുടരാന്‍ കഴിഞ്ഞു. ഭര്‍ത്താവ് തന്നെ എഴുതി ഈണം നല്‍കിയ പാട്ടുകളാണ് പങ്കജാക്ഷിയമ്മ ഓര്‍മ്മകളില്‍ ഇപ്പോഴും മൂളുന്നത്..
ആയുര്‍വ്വേദവും വൈദ്യവുമെല്ലാം വശമായിരുന്നു പങ്കജാക്ഷിക്ക്. ഫോക്ക് ലോര്‍ അക്കാദമിയുടെ അവാര്‍ഡും ഫെല്ലോഷിപ്പും പങ്കജാക്ഷിയെ തേടി എത്തിയിട്ടുണ്ട്. ഫ്രാന്‍സ് പോലെയുള്ള വിദേശരാജ്യങ്ങളില്‍ നോക്കുവിദ്യ ചെയ്ത് വിദേശികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും നാടന്‍ കലകളില്‍ തല്‍പ്പരരായ പലരും നോക്കുവിദ്യ കാണാന്‍ വരാറുണ്ട്.
ഏഴുവര്‍ഷം മുന്‍പ് വരെ പാവകളികലാരംഗത്ത് സജീവമായിരുന്ന പങ്കജാക്ഷിയമ്മ ആരോഗ്യപരമായ പ്രശ്‌നങ്ങളാല്‍ അരങ്ങിനോട് വിടപറഞ്ഞു.
അതിന് മുന്‍പു തന്നെ തന്റെ കലാപാരമ്പര്യത്തിന്റെ തുടര്‍ച്ചയായി കൊച്ചുമകളായ രഞ്ജിനിക്ക് പാവകളി പഠിപ്പിയ്ക്കാന്‍ തുടങ്ങിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates