കേരളത്തിലേക്കുള്ള വരവിന് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; നിബന്ധന തുടരും, അണ്‍ലോക് രണ്ടാംഘട്ടം ഇന്നുമുതല്‍

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജൂലൈ 31 വരെ കര്‍ശനമായ ലോക്ഡൗണ്‍ തുടരുമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ ഉത്തരവില്‍ പറയുന്നു.
കേരളത്തിലേക്കുള്ള വരവിന് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; നിബന്ധന തുടരും, അണ്‍ലോക് രണ്ടാംഘട്ടം ഇന്നുമുതല്‍
Updated on
1 min read

തിരുവനന്തപുരം: അണ്‍ലോക്കിന്റെ രണ്ടാംഘട്ടം ഇന്നുമുതല്‍. കേന്ദ്രനിര്‍ദേശങ്ങള്‍ അംഗീകരിച്ച് കൂടുതല്‍ ഇളവുകളോടെ കേരളം ഉത്തരവിറക്കി. അന്തര്‍ സംസ്ഥാനയാത്രയ്ക്ക് പാസോ പെര്‍മിറ്റോ ഏര്‍പ്പെടുത്തരുതെന്നാണ് കേന്ദ്രനിര്‍ദേശം. ഇത് അംഗീകരിക്കുന്നുണ്ടെങ്കിലും കേരളത്തിലേക്കുള്ള വരവിന് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന തുടരും.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജൂലൈ 31 വരെ കര്‍ശനമായ ലോക്ഡൗണ്‍ തുടരുമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ ഉത്തരവില്‍ പറയുന്നു. ഇവിടങ്ങളില്‍ രോഗവ്യാപനം തടയുന്നതിന് ആവശ്യമായ കൂടുതല്‍ നടപടികളെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. ജാഗ്രതാ പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ വഴിയുളള നിയന്ത്രണം നടപ്പാക്കുന്നത് ബുധനാഴ്ച ചേരുന്ന അവലോകനയോഗം ചര്‍ച്ച ചെയ്യും.

തുറക്കുന്നവയും തുറക്കാത്തവയും

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരിശീലനകേന്ദ്രങ്ങള്‍ ജൂലൈ 15 മുതല്‍ തുറക്കും. ഇതിനായി പ്രത്യേക നിര്‍ദേശങ്ങള്‍ വരും.

സ്‌കൂള്‍, കോളജുകള്‍, വിദ്യാഭ്യാസപരിശീലനകേന്ദ്രങ്ങള്‍, മറ്റുരാജ്യങ്ങളില്‍ നിന്നുള്ള വിമാനയാത്ര, മെട്രോ റെയില്‍, സിനിമാതിയേറ്റര്‍, ജിം, നീന്തല്‍ക്കുളങ്ങള്‍, പാര്‍ക്ക്, ബാര്‍, ഓഡിറ്റോറിയം, മത, രാഷ്ട്രീയ, കലാകായിക വിനോദസമ്മേളനങ്ങള്‍, വലിയ കൂട്ടംചേരലുകള്‍ ഇവയൊന്നും അനുവദിക്കില്ല.

രാത്രികര്‍ഫ്യൂ തുടരും

രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ കര്‍ഫ്യൂ തുടരും. വ്യവസായശാലകളുടെ പ്രവര്‍ത്തനം, ചരക്കുനീക്കം, ഗതാഗതം എന്നിവ അനുവദിക്കും. കര്‍ഫ്യൂ ഉറപ്പാക്കാന്‍ 144ാം വകുപ്പ് പ്രഖ്യാപിക്കുന്നതടക്കം നിയമനടപടികള്‍ സ്വീകരിക്കാം.

ആരോഗ്യപരമായ കാരണങ്ങള്‍ക്കും അത്യാവശ്യസേവനങ്ങള്‍ക്കും സാധങ്ങള്‍ക്കും വേണ്ടിയല്ലാതെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ യാത്ര അനുവദിക്കില്ല.

ബഫര്‍സോണിലും നിയന്ത്രണങ്ങള്‍

കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് രോഗംപടരാന്‍സാധ്യതയുള്ള ബഫര്‍സോണുകള്‍ വിജ്ഞാപനം ചെയ്ത് ജില്ലാഭരണകൂടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താം.

65 വയസ്സിന് മുകളിലുള്ളവര്‍, പത്തുവയസ്സിന് താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, ഗുരുതരമായ രോഗമുള്ളവര്‍ എന്നിവര്‍ വീടുകളില്‍ത്തന്നെ കഴിയണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com