കൊച്ചി: തിങ്കളാഴ്ച സർവീസുകൾ പുനരാരംഭിക്കാനിരിക്കെ കൊച്ചി മെട്രോ ട്രെയിനിൽ യാത്രാ നിരക്ക് കുറച്ചു. കൂടിയ നിരക്ക് 60 രൂപയായിരുന്നത് കുറച്ച് 50 രൂപയാക്കി. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് പത്ത് ശതമാനം കൂടി ഇളവും ലഭിക്കും.
കോവിഡിനെ തുടർന്ന് മാസങ്ങളായി നിർത്തി വച്ച മെട്രോ കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് ഈ മാസം ഏഴ് മുതൽ സർവീസ് പുനരാരംഭിക്കുന്നത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യാത്ര. സീറ്റുകളിൽ സാമൂഹിക അകലം പാലിച്ച് യാത്രക്കാർക്ക് ഇരിക്കാനുള്ള നടപടികളെല്ലാം പൂർത്തിയായിട്ടുണ്ട്.
സർവീസ് ആരംഭിക്കുന്ന ആദ്യത്തെ രണ്ട് ദിവസങ്ങളിൽ (7, 8) മെട്രോയ്ക്ക് ഉച്ചയ്ക്ക് അവധിയായിരിക്കും. ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ട് വരെയാവും സർവീസ്. കൂടാതെ ഇതേ ദിവസങ്ങൾ രാത്രി എട്ടിന് സർവീസ് അവസാനിക്കുകയും ചെയ്യും.
യാത്രക്കാരുടെ തിരക്ക് എത്രയുണ്ടെന്നു പരിശോധിച്ചു സർവീസ് പൂർവസ്ഥിതിയിൽ ആക്കിയാൽ മതിയെന്നാണു തീരുമാനം. അതിന്റെ ഭാഗമാണു രണ്ടു ദിവസത്തെ നിയന്ത്രണങ്ങൾ. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാവും മെട്രോയുടെ പ്രവർത്തനം. ട്രെയിനിന്റെ വാതിൽ സ്റ്റേഷനുകളിൽ 20 സെക്കൻഡ് തുറന്നിടും. ട്രെയിനിലെ വായുസഞ്ചാരം മെച്ചപ്പെടുത്താനും ആളുകൾക്കു തിരക്കുണ്ടാക്കാതെ കയറാനും ഇറങ്ങാനും വേണ്ടിയാണിത്. കൂടാതെ തൈക്കൂടം, ആലുവ സ്റ്റേഷനുകളിൽ ഓരോ യാത്രയ്ക്കു ശേഷവും ട്രെയിനിന്റെ എല്ലാ വാതിലുകളും 5 മിനിറ്റ് തുറന്നിടും.
7,8 ദിവസങ്ങളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് 2മുതൽ രാത്രി 9 വരെയും 10 മിനിറ്റ് ഇടവേളയിൽ സർവീസുണ്ടാകും. ഉച്ചയ്ക്ക് 12 മുതൽ 2വരെയുള്ള സമയത്ത് 20 മിനിറ്റ് ഇടവിട്ട് സർവീസ്. തുടർന്നുള്ള ദിവസങ്ങളിൽ സർവീസ് രാവിലെ 7 മുതൽ രാത്രി 9 വരെയായിരിക്കും. അവസാന ട്രെയിൻ ആലുവ, തൈക്കൂടം സ്റ്റേഷനുകളിൽ നിന്നു രാത്രി 9നു പുറപ്പെടും. 10 മിനിറ്റ് ഇടവേളയിൽ സർവീസ്. ഞായറാഴ്ച സർവീസ് രാവിലെ 8 മുതൽ മാത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates