കോഴിക്കോട്: കൊറോണ വൈറസ് വ്യാപിക്കുന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണങ്ങളും വർധിക്കുകയാണ്. ചിലർ കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവിവരങ്ങൾ നൽകുമ്പോൾ, മറ്റു ചിലർ ജീവനോടെയിരിക്കുന്നവരെ സമൂഹമാധ്യമത്തിലൂടെ കൊന്നും രസം കണ്ടെത്തുകയാണ്. ഇത്തരത്തിലൊരു വ്യാജവാര്‍ത്ത കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് യുഎഇയിലെ മലയാളി ഡോക്ടറായ പൊന്നാനി സ്വദേശി റിയാസ് ഉസ്മാന്‍.
കൊറോണ രോഗികളെ ചികിത്സിക്കുന്നതിനിടെ മരിച്ച ഡല്‍ഹിയിലെ ഡോക്ടറെന്ന പേരിലാണ് പൊന്നാനി സ്വദേശിയായ റിയാസ് ഉസ്മാന്റെ ചിത്രം സമൂഹമാധ്യമത്തിൽ പ്രചരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാനില്‍ ഉസാമ റിയാസ് എന്ന ഡോക്ടര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ചിലര്‍ ഡല്‍ഹിയിലെ ഉസ്മാന്‍ റിയാസ് എന്ന ഡോക്ടര്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. അതിനൊപ്പം നല്‍കിയ ചിത്രം പൊന്നാനിക്കാരനായ റിയാസ് ഉസ്മാന്റേതും.
റിയാസ് ഉസ്മാന്റെ ആശുപത്രി വെബ്‌സൈറ്റിലെ ഫോട്ടോയാണ് ഇവര്‍ ഉപയോഗിച്ചത്. ഫോട്ടോയ്‌ക്കൊപ്പം പൂച്ചെണ്ടുകള്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയും ചെയ്തു. ഉത്തരേന്ത്യയില്‍നിന്നും കര്‍ണാടകയില്‍നിന്നുമുള്ള ഫെയ്‌സ്ബുക്ക് പേജുകളില്‍ ഈ വ്യാജവാര്‍ത്ത പ്രചരിച്ചു. അപ്പാര്‍ട്ട്‌മെന്റിലെ സൂപ്പര്‍വൈസറായ ഒരു മലയാളി ഭാര്യയെ വിളിച്ച് പറയുമ്പോഴാണ് താന്‍ സംഭവമറിയുന്നതെന്ന് ഡോക്ടർ ഉസ്മാൻ പറഞ്ഞു.
വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം അയച്ചുതന്നു. ഇതിന് പിന്നാലെ യുഎസില്‍നിന്നടക്കം സുഹൃത്തുക്കള്‍ വിളിച്ചു. വ്യാജവാര്‍ത്ത വ്യാപകമായി പ്രചരിച്ചെന്ന് മനസിലായതോടെ ഓരോ ഫെയ്‌സ്ബുക്ക് പോസ്റ്റിലും പോയി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും പോസ്റ്റുകള്‍ ഒഴിവായില്ലെന്നും വീണ്ടും വ്യാപകമായി പ്രചരിച്ചെന്നും റിയാസ് ഉസ്മാന്‍ പറഞ്ഞു. ആശുപത്രി മാനേജ്മെന്റിനെ വിവരം അറിയിച്ചു. സംഭവത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഡോക്ടർ റിയാസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you