

തിരുവനന്തപുരം: വിവാദത്തിലുള്ള കോട്ടയം പബ്ലിക് ലൈബ്രറിയുടെ ഭരണച്ചുമതല ലൈബ്രറി കൗണ്‍സില്‍ ഏറ്റെടുത്തു. സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിര്‍ദേശപ്രകാരം കോട്ടയം താലൂക്ക് ലൈബ്രറി കൗണ്‍സിലാണ് കഴിഞ്ഞ ദിവസം ചുമതലയേറ്റെടുത്തത്. ഈ മാസം 13നാണ് സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഇതു സംബന്ധിച്ച ഉത്തരവ് ( സി3/ 1596/17) പുറപ്പെടുവിച്ചത്. താലൂക്ക് ലൈബ്രറി കൗണ്‍സിന്റെ ഉത്തരവാദിത്തത്തില്‍ പുതിയ വോട്ടര്‍ പട്ടിക തയ്യാറാക്കി കോട്ടയം പബ്ലിക് ലൈബ്രറിയില്‍ ഒരു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കാനാണ് നിര്‍ദേശം. വായനശാലയിലെ അഴിമതി പുസ്തകം എന്ന തലക്കെട്ടില്‍ കോട്ടയം പബ്ലിക് ലൈബ്രറിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള ആരോപണങ്ങളെക്കുറിച്ച് 2016 നവംബര്‍ 28ലെ ലക്കം സമകാലിക മലയാളം വാരിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
ലൈബ്രറിയില്‍ നടന്ന തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ എസ് പത്മകുമാര്‍ ( കോട്ടയം പത്മന്‍ ) സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് ലൈബ്രറി കൗണ്‍സില്‍ തീരുമാനമെടുത്തത്. പുതുതായി തെരഞ്ഞെടുപ്പു നടത്താനുള്ള ചുമതല ഇപ്പോഴത്തെ ഭാരവാഹികളെ ഏല്‍പ്പിച്ചതിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.
റിട്ടേണിംഗ് ഓഫീസറെ നിയമിച്ച് ഒരു വര്‍ഷം കഴിഞ്ഞു നടത്തിയ മുന്‍ തെരഞ്ഞെടുപ്പ് അംഗീകരിക്കാനാകില്ലെന്ന പത്മകുമാറിന്റെ വാദം ലൈബ്രറി കൗണ്‍സില്‍ അംഗീകരിച്ചു. ലൈബ്രറി അംഗങ്ങളിലെ സബ്‌സ്‌െ്രെകബര്‍മാര്‍ എന്ന വിഭാഗം ഉള്‍ക്കൊള്ളുന്ന തനതു നിയമാവലി മോഡല്‍ ബൈലോയിലെ പ്രസക്ത നിര്‍ദേശങ്ങള്‍ക്കെതിരാണെന്നും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടും സബ്‌സ്‌െ്രെകബര്‍മാരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തില്ലെന്നും കൗണ്‍സില്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. തനതു നിയമാവലി അംഗീകാരമുള്ളതല്ല, മാതൃകാ നിയമാവലി പബ്ലിക് ലൈബ്രറി അംഗീകരിച്ചതാണ്. അഫിലിയേറ്റ് ചെയ്ത എല്ലാ ലൈബ്രറികളും മാതൃകാ നിയമാവലിപ്രകാരം പ്രവര്‍ത്തിക്കണമെന്നു 2013 മെയ് മൂന്നിലെ സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശി്ച്ചിട്ടുണ്ട് എന്നീ കാര്യങ്ങളും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
ലൈബ്രറി കൗണ്‍സില്‍ നിയമവും ചട്ടങ്ങളും ഗ്രന്ഥശാലകളുടെ മാതൃകാ നിയമാവലിയും കോട്ടയം പബ്ലിക് ലൈബ്രറിക്ക് ബാധകമല്ലെന്ന ഭരണസമിതിയുടെ വാദം നിലനില്‍ക്കില്ല. നേരത്തേ അവരുന്നയിച്ച ആ വാദത്തില്‍ ഹര്‍ജിയുടെ വാദം നടക്കുമ്പോള്‍ അവര്‍ ഉറച്ചു നിന്നിട്ടുമില്ല. ലൈബ്രറിയിലെ മുന്‍ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കേസ് കോട്ടയം മുന്‍സിഫ് കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന ഭരണസമിതിയുടെ വാദം അടിസ്ഥാനരഹതിമാണെന്ന് കൗണ്‍സില്‍ ഉത്തരവില്‍ പറയുന്നു.
ലൈബ്രറി കൗണ്‍സില്‍ നിയമപ്രകാരം ലൈബ്രറികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരാതി സമര്‍പ്പിക്കേണ്ടത് നിര്‍ദിഷ്ട സമിതികള്‍ക്കു മുന്നിലാണ്. മറ്റു കോടതികളില്‍ തെരഞ്ഞെടുപ്പു പരാതികള്‍ ഉന്നയിക്കാന്‍ പാടില്ല. മുന്‍സിഫ് കോടതിയില്‍ ഇപ്പോള്‍ ഹര്‍ജി നിലനില്‍ക്കുന്നുമില്ല.
സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ലൈബ്രറികളും മാതൃകാ നിയമാവലി അംഗീകരിച്ചുവെന്നും അതുപ്രകാരം പ്രവര്‍ത്തിച്ചുവെന്നും ഉറപ്പു വരുത്തേണ്ട ബാധ്യത ലൈബ്രറി കൗണ്‍സിലിനുണ്ട്. ഒരിക്കല്‍ കോട്ടയം പബ്ലിക് ലൈബ്രറി അതില്‍ നിന്ന് വ്യതിചലിച്ച് ലൈബ്രറി കൗണ്‍സില്‍ അഫിലിയേഷന്‍ തന്നെ പിന്‍വലിച്ചുകൊണ്ട് തീരുമാനമെടുത്തപ്പോള്‍ സര്‍ക്കാര്‍ തന്നെ ഇടപെട്ട് ആ തീരുമാനം പിന്‍വലിക്കാന്‍ നിര്‍ദേശിച്ച് നടപ്പാക്കിയതാണെന്ന് ഉത്തരവിലുണ്ട്.
അതുപ്രകാരമുള്ള സര്‍ക്കാര്‍ കത്ത് ലൈബ്രറി കൗണ്‍സിലിന് ലഭിക്കുകയും ചെയ്തിരുന്നു. മാതൃകാ നിയമാവലി അനുസരിച്ചാണ് കോട്ടയം പബ്ലിക് ലൈബ്രറിയില്‍ തെരഞ്ഞെടുപ്പും അനുബന്ധ നടപടികളും സ്വീകരിക്കേണ്ടതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. നടപടിക്രമങ്ങള്‍ പാലിച്ചല്ല തര്‍ക്കത്തിലുള്ള തെരഞ്ഞെടുപ്പ് നടന്നതെന്ന താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും നിഗമനം തികച്ചും ശരിയാണ്. കോട്ടയം പബ്ലിക് ലൈബ്രറിയോട് താലൂക്ക് ലൈബ്രറി കൗണ്‍സിലിനും ജില്ലാ ലൈബ്രറി കൗണ്‍സിലിനും വൈരാഗ്യമുള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പു ഹര്‍ജിയില്‍ തങ്ങള്‍ക്കെതിരേ തീരുമാനമെടുത്തത് എന്ന ഭരണസമിതിയുടെ വാദത്തില്‍ കഴമ്പുണ്ടെന്നു കരുതാനുമാകില്ല ഉത്തരവ് വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates