കോട്ടയം: തിരുനക്കരയില്‍ കോടിക്കണക്കിന് ആസ്തിയുള്ള ഭൂസ്വത്തിന് ഉടമയായ മലയാളി സത്രീ ചെന്നൈയില്‍ അഗതി മന്ദിരത്തില്‍. കോട്ടയം തൂമ്പില്‍ കുടുംബാംഗം പരേതനായ മാത്തന്റെ മകള്‍ മാഗിയാണ് ചെന്നൈ അയനാവരത്തുള്ള അന്‍പകം അഗതി മന്ദിരത്തില്‍ കഴിയുന്നത്. വഴിയരികില്‍ കഴിയുകയായിരുന്ന ഇവരെ പോലീസാണ് അഗതി മന്ദിരത്തിലെത്തിച്ചത്.
എന്നാല്‍, വീടിനെയും കുടുംബത്തെയും കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. താംബരത്ത് വാടകവീട്ടില്‍ കഴിയുകയായിരുന്നെന്നും സുവിശേഷകനായ ഭര്‍ത്താവ് കഴിഞ്ഞ സെപ്റ്റംബറില്‍ മരിച്ചതോടെ മറ്റ് മാര്‍ഗമില്ലാതെ തെരുവിലേക്ക് ഇറങ്ങുകയായിരുന്നുവെന്നുമാണ് പറയുന്നത്. മാനസിക വൈകല്യവുമുണ്ട്.
ഭര്‍ത്താവിനെക്കുറിച്ച് ചോദിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നാണ് മറുപടി. സഹോദരന്‍ മനോജ് ചെന്നൈയില്‍ ഉണ്ടായിരുന്നെന്നും മരിച്ചുപോയി എന്നാണ് മാഗി പറയുന്നത്. അന്‍പകം സ്ഥാപക ട്രസ്റ്റി മുഹമ്മദ് റാഫി നടത്തിയ അന്വേഷണത്തിനൊടുവില്‍ കോട്ടയത്തുള്ള ബന്ധു ബേബി ഈപ്പനാണ് ചിത്രം കണ്ട് ഇവരെ തിരിച്ചറിഞ്ഞത്. സഹോദരന്‍ മനോജിനെ ഫോണില്‍ ബന്ധുപ്പെട്ടുവെങ്കിലും മാഗിയെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറല്ലെന്നായിരുന്നു പ്രതികരണം.
കോട്ടയത്തുള്ള സ്വത്ത് മാതാപിതാക്കള്‍ സഹോദരന്റെ പേരില്‍ എഴുതിനല്‍കിയെന്നും മാഗി പറയുന്നുണ്ട്. എന്നാല്‍, മുമ്പ് മനോജ് ഈ സ്ഥലം വില്ക്കാന്‍ ശ്രമിച്ചെങ്കിലും മാഗിക്കുകൂടി അവകാശപ്പെട്ടതായതിനാല്‍ വില്‍പ്പന നടന്നില്ലെന്നാണ് അറിയുന്നത്.
മാഗിയുടെ അച്ഛന്‍ മാത്തന്‍ വ്യോമസേനയിലായിരുന്നു. രാജ്യത്ത് പലയിടങ്ങളില്‍ ജോലിചെയ്ത ശേഷം ചെന്നൈയില്‍ സ്ഥിര താമസമാക്കി. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ള മാഗിയുടേത് പ്രണയ വിവാഹമായിരുന്നുവെന്നും പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates