കൊച്ചി : തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധ ബിസിനസുകള്‍ നടത്തുന്നതായി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നതായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) നല്‍കിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍.
'കോണ്‍സല്‍ ഈസ് ഈറ്റിങ് മാംഗോസ്' എന്ന കോഡ് വാചകമാണ് ജീവനക്കാര്‍ ഉപയോഗിച്ചിരുന്നത് എന്ന് സ്വപ്‌ന പറഞ്ഞതെന്നും ശിവശങ്കര്‍ വെളിപ്പെടുത്തി. നയതന്ത്ര പാഴ്‌സല്‍ വഴി എത്തിക്കുന്ന സൗന്ദര്യവര്‍ധന വസ്തുക്കള്‍ മറിച്ചുവിറ്റു ലാഭമുണ്ടാക്കുന്നതുപോലുള്ള ബിസിനസുകളാണ് പലരും ചെയ്തിരുന്നത്.
സ്വര്‍ണക്കടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവയ്ക്കാനുള്ള സ്വപ്ന അടക്കമുള്ള പ്രതികളുടെ ശ്രമങ്ങളുടെ സത്യാവസ്ഥ അറിയില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു. യുഎഇയില്‍ നിന്നു കോണ്‍സുലേറ്റിലേക്കുള്ള ചില നയതന്ത്ര പാഴ്‌സലുകള്‍ കസ്റ്റംസ് തടഞ്ഞുവച്ചപ്പോള്‍ അതു വിട്ടുകിട്ടാനായി ജൂലൈ ഒന്നിന് സ്വപ്ന സഹായം അഭ്യര്‍ഥിച്ചതായി ശിവശങ്കര്‍ സമ്മതിച്ചു.
അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ച് പാഴ്‌സലുകള്‍ വിട്ടുതരാന്‍ പറയണമെന്നാണ് സ്വപ്ന ആവശ്യപ്പെട്ടത്. അപ്പോഴൊന്നും സ്വര്‍ണക്കടത്തിനെക്കുറിച്ച് തനിക്ക് ഒരറിവും ഉണ്ടായിരുന്നില്ലെന്നും ശിവശങ്കര്‍ ഇ ഡിയോട് പറഞ്ഞു. സ്‌പേസ് പാര്‍ക്കിലെ ജോലി സംബന്ധിച്ച് സ്വപ്‌നയുടെ മൊഴിയും ശിവശങ്കര്‍ തള്ളി. ഐടി വകുപ്പ് മേല്‍നോട്ടം വഹിക്കുന്ന സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ ജോലി ലഭിച്ചതു മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന സ്വപ്‌നയുടെ മൊഴിയാണ് തള്ളിപ്പറഞ്ഞത്.
ചെറിയ കാലയളവിലേക്കുള്ള ഇത്തരം കരാര്‍ നിയമനങ്ങള്‍ ബന്ധപ്പെട്ട ഗവണ്‍മെന്റ് സെക്രട്ടറി പോലും അപൂര്‍വമായേ അറിയാറുള്ളൂവെന്ന് ശിവശങ്കര്‍ ഇഡിയോട് പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച് യുഎഇ റെഡ് ക്രസന്റുമായി താന്‍ ചര്‍ച്ച നടത്തിയ ശേഷം അതിലെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. 2018ലെ പ്രളയബാധിതര്‍ക്കു വീടു നിര്‍മിക്കാന്‍ റെഡ് ക്രസന്റിന്റെ ഫണ്ട് ഉപയോഗിക്കാമെന്ന നിര്‍ദേശം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നുവെന്നും ശിവശങ്കര്‍ വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates