

കൊച്ചി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ട ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടില്‍ മിനിമം വരുമാനം എത്തിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മിനിമം വരുമാനം അവകാശമാക്കി മാറ്റുമെന്ന് കൊച്ചിയില്‍ പാര്‍ട്ടി നേതൃസംഗമത്തെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. തൊഴിലുറപ്പു പദ്ധതിയുടെ തുടര്‍ച്ചയായി ആയിരിക്കും മിനിമം വരുമാന പദ്ധതി നടപ്പാക്കുകയന്നും രാഹുല്‍ പറഞ്ഞു.
വനിതാ സംവരണ ബില്‍ പാസാക്കുകയായിരിക്കും അധികാരത്തിലെത്തിയാല്‍ ആദ്യം ചെയ്യുന്ന നടപടി. ഓരോ തെരഞ്ഞെടുപ്പിലും കൂടുതല്‍ വനിതകള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കുകയാണ കോണ്‍ഗ്രസ് നയം. കൂടുതല്‍ വനിതകള്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വരേണ്ടതുണ്ട്. കേരളത്തിന് ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാനാവും. ഈ വേദിയില്‍ വനിതകള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുകയാണെന്ന് രാഹുല്‍ പറഞ്ഞു.
മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കുള്ള പരിഹാരം നമ്മള്‍ അധികാരത്തില്‍ വരുമ്പോള്‍ ചെയ്യും. രാജ്യത്തെ രണ്ടായി വിഭജിക്കുക എന്നതാണ് നരേന്ദ്രമോദിയുടെ ലക്ഷ്യം. മൂന്നര ലക്ഷം കോടി രൂപയാണ് മോദി 50 കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി ചെലവഴിച്ചത്. അങ്ങനെയുള്ള പ്രധാനമന്ത്രി ഒരു രൂപ പോലും പാവപ്പെട്ട കര്‍ഷകര്‍ക്കു വേണ്ടി ചെലവഴിച്ചില്ല. തൊഴിലുറപ്പുപദ്ധതിയിലും ഭക്ഷ്യസുരക്ഷാ പദ്ധതിയിലും വെള്ളം ചേര്‍ത്തു. ഭൂമി ഏറ്റെടുക്കല്‍ നിയമത്തെ കര്‍ഷക വിരുദ്ധമായി ദുര്‍ബലപ്പെടുത്തി. രാജ്യത്തിന്റെ സുപ്രധാനമായ അഞ്ചു വര്‍ഷമാണ് മോദി പാഴാക്കിയത്. പ്രധാനമന്ത്രി ജനങ്ങളോടു തുടര്‍ച്ചയായി കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
ഓരോ വര്‍ഷവും രണ്ടു കോടി തൊഴിലവസരങ്ങളാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്. ഇതെല്ലാം മറന്ന മോദി പതിനഞ്ചു ബിസിനസ് സുഹൃത്തുക്കള്‍ക്കു മാത്രമായാണ് പ്രവര്‍ത്തിച്ചത്. കേരളത്തിലെയും കര്‍ണാടകയിലെയും രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലെയും യുവാക്കളുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടായിരുന്നു ഇത്- രാഹുല്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates