'ക്രിസ്ത്യാനികള്‍ മുസ്ലിങ്ങളുടെ മുലകുടിക്കുമോ? എപ്പോടാ ഈ മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം ഇണ്ടായിന്?': കുറിപ്പ്‌

ക്രിസ്ത്യാനികള് മുസ്ലിങ്ങളെ മുലകുടിക്കുമോ?
'ക്രിസ്ത്യാനികള്‍ മുസ്ലിങ്ങളുടെ മുലകുടിക്കുമോ? എപ്പോടാ ഈ മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം ഇണ്ടായിന്?': കുറിപ്പ്‌
Updated on
2 min read


കൊച്ചി: മുസ്ലീങ്ങള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വൈദികനതെിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. മുസ്ലിങ്ങളെ വിശ്വസിക്കാന്‍ പറ്റുന്നവരല്ല, മുംബൈയില്‍ നമ്മള്‍ (ക്രിസ്ത്യാനികള്‍) നിലനില്‍ക്കുന്നത് ശിവസേന ഉള്ളതുകൊണ്ടാണ് എന്നതടക്കമുള്ള വൈദികന്റെ വര്‍ഗീയ പരാമര്‍ശം സോഷ്യല്‍ മീഡിയില്‍ ഇപ്പോഴും സജീവ ചര്‍ച്ചയാണ്. അതിനിടെ എഴുത്തുകാരനും അധ്യാപകനുമായ ടി കെ ഉമ്മര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. 

ജനം ജീവിതം കൊണ്ട് തുന്നിച്ചേര്‍ത്ത ഇടങ്ങളൊക്കെ മതപുരോഹിതന്മാര്‍ വിദ്വേഷം കൊണ്ട് പിച്ചിച്ചീന്തിക്കൊണ്ടിരിക്കും. കാലം മാറി, പണ്ട് കുടിയേറ്റ പ്രദേശങ്ങളില്‍ സ്‌കൂളും റോഡും പാലവും കൊണ്ടു വരാന്‍ പരിശ്രമിച്ചിരുന്നതില്‍ മുന്‍പന്തിയില്‍ നിന്നത് അവിടങ്ങളിലെ ചില പാതിരിമാരായിരുന്നു. അവര്‍ ഇടവകമാറുമ്പോള്‍ ജനം കരഞ്ഞിരുന്നു. ആ സ്ഥാനത്ത് ഇന്ന് മൃഷ്ടാന്നം തിന്ന് എല്ലിനു പിടിച്ച് മുലപ്പാലില്‍ വിഷം തേക്കുന്ന, പീഢനവീരന്മാരായ, കോറോണയെക്കാള്‍ മാരകമായ വര്‍ഗീയ വൈറസുകള്‍ ആധിപത്യം നേടിയിരിക്കുന്നു- ടികെ ഉമ്മര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

സ്‌കൂളിലെ മാഷന്മാര്‍ ചേര്‍ക്കുന്ന ജനനത്തീയതിക്കപ്പുറം യഥാര്‍ഥ ജനനത്തീയതി കിട്ടാന്‍ കഴിഞ്ഞ വര്‍ഷം വളരെ മിനക്കെട്ടിരുന്നു. ഒരു വെള്ളിയാഴ്ചയാണെന്ന് ഉമ്മയ്ക്ക് ഉറപ്പ്. സ്ത്രീകള്‍ക്കു ആശയങ്ങള്‍ക്കു പകരം മൂര്‍ത്തമായ അനുഭവങ്ങളാണ് ചരിത്രം. എന്റെ ജനനത്തെ എന്തെങ്കിലും സംഭവങ്ങളോട് ബന്ധിപ്പിക്കാന്‍ ഉമ്മ ശ്രമിച്ചു കൊണ്ടിരുന്നു. മുനയന്‍കുന്ന് സമരത്തില്‍ ഉമ്മ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട് കേട്ടോ. ഉമ്മയും ഉമ്മുമ്മയും കൂടി ഒരു രാത്രി മുഴുവന്‍ വീട്ടിനടുത്തുള്ള പാറക്കൂട്ടത്തില്‍ ഒളിച്ചു കഴിഞ്ഞു. പോരാളികളെ പിടിക്കാന്‍ എം എസ് പി ഇറങ്ങിയ നാളില്‍.
അതെന്തിനാ ഉമ്മാ അവരെ പേടിക്കുന്നത് എന്നു ചോദിച്ചപ്പോ, എടാ പത്ത് പതിന്നാല് വയസ്സുള്ള ബാല്യക്കാരിപ്പെണ്ണുങ്ങളെ അവര് കണ്ടാപ്പിന്നെ പറയാന്ണ്ടാന്ന് ഉമ്മ. ഉമ്മുമ്മയും മറ്റും കരിവെള്ളൂരില്‍ നിന്നാണ് കിഴക്കന്‍ മലയോരത്തേക്ക കുടിയേറിയത്. അവര്‍ അവിടെ കാടുവെട്ടി. പുനം കൃഷിചെയ്തു. കുരുമുളക് വെച്ചു. ജന്മിക്ക് അഞ്ചിനൊന്ന് പാട്ടം കൊടുത്തു. അതിനും ശേഷമാണ് അവിടേക്ക് കൃസ്ത്യന്‍ കുടിയേറ്റമുണ്ടായത്. പിന്നെയവര്‍ ഒന്നിച്ചു കൃഷി ചെയ്തു. ഒന്നിച്ചു കപ്പവാട്ടി. ദാരിദ്ര്യം മനുഷ്യരെ അത്രമേല്‍ ഒന്നാക്കി. മതം സ്വകാര്യ അനുഭവം മാത്രമായി. എല്ലാ ആഘോഷങ്ങളും എല്ലാവരുടേതുമായിരുന്നു. പറഞ്ഞത് ജനനത്തീയതിയെക്കുറിച്ചുള്ള അന്വേഷണത്തെക്കുറിച്ചായിരുന്നല്ലോ.
ഉമ്മ പറഞ്ഞു: എടാ, വടക്കേ പറമ്പിലെ കുഞ്ഞൂട്ടിയും നീയും ഒരേ പ്രായമാണ്.
 അതെന്താ ഉമ്മാക്ക് ഉറപ്പ് ?
 ഓനെന്റെ മുലകുടിച്ചിട്ടുണ്ട്. നീ മുലകുടിക്കുന്ന കാലത്ത്.
 ഓനോ? ഉമ്മാരെയാ? ക്രിസ്ത്യാനികള് മുസ്ലിങ്ങളെ മുലകുടിക്കുമോ?
 എപ്പോടാ ഈ മുസ്ലിമും കൃസ്താനിയുമെല്ലം ഇണ്ടായിന്? ഈ പൈസയും പത്രാസും സൌകര്യോം വന്നേന്റെ ശേഷല്ലേ. പണ്ട് എല്ലാരും ഒരു പ്ലേറ്റന്ന് തിന്ന് കഴിഞ്ഞ കാലമായിര്ന്ന്. കാട്ടു പന്നിയും കാട്ടു പോത്തും ആനയുമെറങ്ങുന്ന കാട്ടില് മനുഷ്യര് ഒന്നിച്ചു നിന്നേ പറ്റൂ. ഇന്ന് അതെല്ലാം പോയില്ലേ.
ഞാന്‍ മനസ്സില്‍ പറഞ്ഞു: എടാ, കുഞ്ഞൂട്ടി എന്നു വിളിക്കുന്ന തോമസേ, നിനക്കു ഞാന്‍ വെച്ചിട്ടുണ്ട്. ഈ പെന്‍സില്‍ കോലത്തില്‍ നിന്ന് ജീവിതകാലം മുഴുവന് എനിക്കു! രക്ഷപ്പെടാന്‍ കഴിയാത്തതിനു പിന്നില്‍ നിന്റെ അത്യാര്‍ത്തിയുണ്ട് അല്ലേ?
ഞാന്‍ ചോദിച്ചു: ഉമ്മാ ഞാനാരെയെങ്കിലും മുല കുടിച്ചിട്ടുണ്ടോ?
 ആരെയൊക്കെയോ കുടിച്ചിട്ടുണ്ട്. എടാ അന്നൊക്കെ അമ്മമാര് പണിക്കു പോകുമ്പോ കുഞ്ഞ്യള് കരഞ്ഞാല് ആരെങ്കിലും എടുത്ത് മുലകൊടുക്കും. ഇന്നയിന്ന ആള് എന്നൊന്നൂല്ല. ചിലപ്പോ ആരെയെങ്കിലും ഏല്‍പ്പിച്ചിട്ടാ പണിക്ക് പോകല്. നീയും എത്രയോ കുടിച്ചിട്ടുണ്ട്.
 നിങ്ങക്ക് വയസ്സായപ്പോ അത്തും പിത്തുമായതാണ്, ഞാനാ ടൈപ്പല്ല എന്നു ഞാന്‍ ദേഷ്യപ്പെട്ടു. ഉമ്മ അടിക്കാനോങ്ങി. ഇത്രേം ഓര്‍ത്തത് ആ ഡാഷ് അച്ചന്‍ (സോറി, ഞാനിപ്പോ വല്ലാതെ തെറി പറയുന്നു എന്നു ചിലര്‍ പരാതിപ്പെടുന്നുണ്ട്) ആ മ..മ..മഹാനായ അച്ചന്റെ വിദ്വേഷ പ്രസംഗം കേട്ടതോടെയാണ്. കോമഡിയും മിമിക്രിയും ദേശീയ വിനോദമാക്കിയ മലയാളിക്ക് പ്രിയങ്കരനായിരുന്നു സ്ത്രീവിരുദ്ധതയും അല്പം കമ്പിയും കലര്‍ത്തി സംസാരിക്കുന്ന ഈ മ...മ..മനുഷ്യന്‍. ജനം ജീവിതം കൊണ്ട് തുന്നിച്ചേര്‍ത്ത ഇടങ്ങളൊക്കെ മതപുരോഹിതന്മാര്‍ വിദ്വേഷം കൊണ്ട് പിച്ചിച്ചീന്തിക്കൊണ്ടിരിക്കും. കാലം മാറി, പണ്ട് കുടിയേറ്റ പ്രദേശങ്ങളില്‍ സ്‌കൂളും റോഡും പാലവും കൊണ്ടു വരാന്‍ പരിശ്രമിച്ചിരുന്നതില്‍ മുമ്പന്തിയില്‍ നിന്നത് അവിടങ്ങളിലെ ചില പാതിരിമാരായിരുന്നു. അവര്‍ ഇടവകമാറുമ്പോള്‍ ജനം കരഞ്ഞിരുന്നു. ആ സ്ഥാനത്ത് ഇന്ന് മൃഷ്ടാന്നം തിന്ന് എല്ലിനു പിടിച്ച് മുലപ്പാലില്‍ വിഷം തേക്കുന്ന, പീഢനവീരന്മാരായ, കോറോണയെക്കാള്‍ മാരകമായ വര്‍ഗീയ വൈറസുകള്‍ ആധിപത്യം നേടിയിരിക്കുന്നു. അയാളുടെ മാപ്പാണ് ഏറ്റവും ഭയാനകം. ഞാനതൊരു സ്വകാര്യ സദസ്സില്‍ പറഞ്ഞതാണെന്ന്. എത്ര ഭീകരമാണീ വൈറസ്സ്! എന്ത് പ്രതിരോധമാണിതിനെതിരെ നമുക്കു തീര്‍ക്കാനാവുക!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com