കോവിഡ് തോറ്റു: ഭാര്യയ്ക്ക് പിന്നാലെ ബ്രിട്ടീഷ് പൗരനും ആശുപത്രി വിട്ടു; മരണമുഖത്തു നിന്ന് ബ്രയാന്‍ നീല്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി

കോവിഡ് തോറ്റു: ഭാര്യയ്ക്ക് പിന്നാലെ ബ്രിട്ടീഷ് പൗരനും ആശുപത്രി വിട്ടു; മരണമുഖത്തു നിന്ന് ബ്രയാന്‍ നീല്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി

മരണത്തെ പരാജയപ്പെടുത്തി വീണ്ടെടുത്ത ജീവിതം  ബ്രയാനു നല്‍കുമ്പോള്‍ അതൊരു യുദ്ധം ജയിച്ച സന്തോഷമാണ് എറണാകുളത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
Published on

കൊച്ചി: രോഗമുക്തനായി ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ നീല്‍ ആശുപത്രി വിടുമ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വൈദ്യസംഘത്തിന് സന്തോഷം ഇരട്ടിയാണ്. മഹാമാരിയായ കോവിഡിന്റെ പിടിയില്‍ നിന്ന് കഠിനശ്രമത്തിലൂടെയാണ് ഇവര്‍ ബ്രയാന്റെ ജീവന്‍ തിരിച്ചുപിടിച്ചത്. മരണത്തെ പരാജയപ്പെടുത്തി വീണ്ടെടുത്ത ജീവിതം  ബ്രയാനു നല്‍കുമ്പോള്‍ അതൊരു യുദ്ധം ജയിച്ച സന്തോഷമാണ് എറണാകുളത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്. 

കഴിഞ്ഞ മാര്‍ച്ച് 15നാണ് കോവിഡ് 19 പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് 57 കാരനായ ബ്രയാനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ജെയ്ന്‍ ലോക്ക് വുഡും ഒപ്പമുണ്ടായിരുന്നു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. 

ഗുരുതരമായ ന്യുമോണിയ ബാധിച്ച നിലയിലായിരുന്നു ബ്രയാന്‍ അപ്പോള്‍. ഇത് രൂക്ഷമായതിനെ തുടര്‍ന്ന് രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞു കൊണ്ടിരുന്നു. ശ്വാസോച്ഛാസം അപകടനിലയിലേക്ക് എത്തുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെ ബ്രയാന് ആന്റി വൈറല്‍ മരുന്നുകളായ റിറ്റോനാവിര്‍, ലോപിനാവിര്‍ കോമ്പിനേഷന്‍ നല്‍കി. 14 ദിവസം ഇത് തുടര്‍ന്നു. വൈറല്‍ ഫില്‍റ്റര്‍ ഘടിപ്പിച്ച ഇന്റര്‍ഫേസ് വെന്റിലേഷനാണ് ബ്രയാന് നല്‍കിയത്. മരുന്നുകള്‍ നല്‍കി മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ആരോഗ്യനിലയില്‍  പുരോഗതി വന്നു. പക്ഷേ പനി വിട്ടുമാറിയില്ല. 

എക്‌സ് റേ കളില്‍ അദ്ദേഹത്തിന്റെ ഇടത് ലംഗ്‌സ് പൂര്‍ണ്ണമായും വലത് ലംഗ്‌സ് ഭാഗികമായും ന്യൂമോണിയ പടര്‍ന്നതായി കണ്ടെത്തി. ചികിത്സ തുടര്‍ന്നു. ഏഴ് ദിവസമായപ്പോള്‍ ന്യൂമോണിയ കുറഞ്ഞു വന്നു. ഇതോടെ പനിയും കുറഞ്ഞു. കോ വിഡ് 19 പരിശോധനാഫലവും നെഗറ്റീവായി . ഈ കാലയളവില്‍ സി.ടി.സ്‌കാന്‍ ഉള്‍പ്പടെയുള്ള സേവനങ്ങളും ലാബ് പരിശോധനകളും നടത്തി. കഴിഞ്ഞ അഞ്ചു ദിവസമായി സ്വയം ശ്വാസം എടുക്കുകയും രക്തത്തില്‍ ഓക്‌സിജന്റെ അളവ് 97 ശതമാനമാവുകയും ചെയ്തു. ഇതോടെ ബ്രയാന്‍ നീല്‍ ആശുപത്രി വിട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com