

മലപ്പുറം: കോവിഡ് 19 കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച നാലുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ഖബറടക്കി. മഞ്ചേരി പയ്യനാട് വടക്കാങ്ങര പറമ്പില്‍ അഷ്റഫിന്റെയും ആസിഫയുടെയും മകള്‍ നൈഫ ഫാത്തിമയാണ് മരിച്ചത്. കോവിഡ്-19 പ്രോട്ടോകോള്‍ പാലിച്ച് മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്.
ഹൃദ്രോഗവും വളർച്ചക്കുറവുമുള്ള കുഞ്ഞ് മൂന്നുമാസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവെപ്പട്ടതിനെ തുടർന്ന് ഏപ്രിൽ 17ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ന്യുമോണിയ ലക്ഷണം കണ്ടതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ നിർദേശിച്ചു. എന്നാൽ, ബന്ധുക്കൾ നഗരത്തിലെ മറ്റൊരു ആശുപത്രിയിലാണ് എത്തിച്ചത്.
ഏപ്രിൽ 21ന് അപസ്മാരം ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 22ന് രാവിലെ നൈഫ ഫാത്തിമക്ക് കോവിഡ് സ്ഥിരീകരിച്ചു. ഐസൊലേഷൻ കേന്ദ്രത്തിൽ തീവ്രപരിചരണ വിഭാഗത്തിലായിരിക്കെ വെള്ളിയാഴ്ച പുലർച്ചയായിരുന്നു മരണം.
കുഞ്ഞിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. രോഗം സ്ഥിരീകരിച്ച ബുധനാഴ്ച മുതൽ ഇതിന് നടപടി ആരംഭിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ വിവരം ലഭിച്ചില്ല. ബന്ധുക്കളുടെ പരിശോധന ഫലം വന്നാൽ മാത്രമേ ഇതിൽ വ്യക്തത വരുത്താനാകൂ.
നേരത്തേ, മാർച്ച് 19ന് ഗൾഫിൽ നിന്നെത്തിയ കുട്ടിയുടെ ബന്ധുവിന് മാർച്ച് 29ന് രോഗം സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ വകുപ്പ് നിർദേശമനുസരിച്ചാണ് ഇയാൾ നിരീക്ഷണത്തിൽ കഴിഞ്ഞത്. ഏപ്രിൽ 13ന് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവർ കുട്ടിയുമായോ കുടുംബാംഗങ്ങളുമായോ സമ്പർക്കമുണ്ടായിട്ടില്ല. എങ്കിലും ഇൗ സാധ്യതയും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates