

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച ഒരാള്‍ കൂടി മരിച്ചു. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീന്‍ ആണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 75 വയസായിരുന്നു. മൊയ്തീന്‍ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ ആയിരുന്നെന്നും അതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്തും കണക്കാക്കുന്നത്. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരമുള്ള ഇന്റര്‍നാഷണല്‍ ഗൈഡ്‌ലൈന്‍ അനുസരിച്ചാണ് ഇവിടെയും കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. ഇതനുസരിച്ച് കോവിഡ് മൂര്‍ച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. ഇക്കാര്യത്തില്‍ ആരോഗ്യ രംഗത്തെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഒരാള്‍ കോവിഡ് സംശയിക്കപ്പെടുന്ന സമയത്താണ് മരണമടഞ്ഞതെങ്കില്‍ അപ്പോള്‍ തന്നെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഇതുസംബന്ധിച്ചുള്ള വിദഗ്ധ പരിശോധനയും മെഡിക്കല്‍ റിപ്പോര്‍ട്ടും ഡോക്ടര്‍മാരുടങ്ങുന്ന വിദഗ്ധ സമിതി പരിശോധിച്ചാണ് സ്ഥിരീകരിക്കുന്നത്. കോവിഡ് ബാധിച്ച ഒരാള്‍ മുങ്ങിമരണം, ആത്മഹത്യ, അപകടം എന്നിവയിലൂടെ മരണമടഞ്ഞാല്‍ അതിനെ കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തില്ല. ഗുരുതരമായ അസുഖങ്ങള്‍ ഉള്ള ഒരാള്‍ അത് മൂര്‍ച്ഛിച്ച് മരണമടയുന്നുവെങ്കില്‍ പോസിറ്റീവാണെങ്കില്‍ പോലും കോവിഡ് മരണത്തില്‍ പെടില്ല. ഇതുസംബന്ധിച്ച് ആ രോഗിയെ പരിശോധിച്ച ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് വിദഗ്ധ സമിതി വിലയിരുത്തിയാണ് കോവിഡ് മരണമാണോയെന്ന് സ്ഥിരീകരിക്കുന്നത്.
എറണാകുളത്ത് ആത്മഹത്യ ചെയ്ത 23 വയസുകാരന് കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും കോവിഡ് മരണത്തില്‍പ്പെടുത്തിയിട്ടില്ല. അതേസമയം പ്രായാധിക്യവും മറ്റ് പല അസുഖങ്ങള്‍ ഉണ്ടെങ്കില്‍ പോലും കോവിഡ് മൂലം മറ്റവയവങ്ങളെ ബാധിച്ച് മരിച്ചാല്‍ അതിനെ കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ജൂലൈ 31ന് മരിച്ച 68 വയസുള്ള തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയുടെ മരണം എന്‍ഐവി ആലപ്പുഴയുടെ പരിശോധനാഫലത്തിന് ശേഷം കോവിഡ് മരണമായി സ്ഥിരീകരിക്കുകയും ആഗസ്റ്റ് മൂന്നിലെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പറയുകയും ചെയ്തിരുന്നു.
ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചാല്‍ ഉടന്‍ തന്നെ സാമ്പിളുകള്‍ അതേ ആശുപത്രിയില്‍ തന്നെയുള്ള കോവിഡ് ലാബിലോ അംഗീകൃത ലാബില്ലായെങ്കില്‍ തൊട്ടടുത്ത കോവിഡ് ലാബിലോ പരിശോധനയ്ക്കായി അയയ്ക്കും. മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചാലും മരണത്തില്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയാലും സാമ്പിളുകള്‍ ലാബിലേക്കയയ്ക്കും. കാലതാമസം ഉണ്ടാകാതിരിക്കാന്‍ ജീന്‍ എക്‌പേര്‍ട്ട് ടെസ്‌റ്റോ, ട്രൂനാറ്റ് ടെസ്‌റ്റോ നടത്തിയാണ് മൃതദേഹം വിട്ടുകൊടുക്കുന്നത്. ട്രൂനാറ്റ് ടെസ്റ്റില്‍ പോസിറ്റീവാണെന്ന് കരുതി എല്ലായിപ്പോഴും പോസീറ്റീവാകണമെന്നില്ല. മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ചിലപ്പോള്‍ പോസിറ്റീവ് ആകും. ആശുപത്രിയില്‍ നിന്നും മൃതദേഹം വിട്ടുകൊടുക്കുമ്പോള്‍ കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞേ വിട്ടുകൊടുക്കൂ. മാത്രമല്ല കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും മൃതദേഹം സംസ്‌കരിക്കുക. അതേസമയം മൃതദേഹത്തില്‍ നിന്നെടുത്ത സാമ്പിള്‍ കേന്ദ്ര സര്‍ക്കാരിന്റെ എന്‍ഐവി ആലപ്പുഴയിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. ആദ്യം മുതലേ സംശയമുള്ള എല്ലാ കേസുകളും എന്‍ഐവി ആലപ്പുഴയിലയച്ചാണ് സ്ഥിരീകരിക്കുന്നത്. എന്‍ഐവി ആലപ്പുഴയില്‍ നിന്നും ലഭിക്കുന്ന ഫലവും ആശുപത്രി നല്‍കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും വിലയിരുത്തിയാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നത്.
സ്ഥിരീകരിക്കുന്ന മരണം അന്ന് തന്നെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലോ ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ് റിലീസിലോ പേരും വയസും സ്ഥലവും സഹിതം ഉള്‍പ്പെടുത്താറുണ്ട്. അതിനാല്‍ കോവിഡ് മരണം മറച്ച് വയ്ക്കുന്നു എന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. എന്‍ഐവി ആലപ്പുഴയില്‍ സാമ്പിളികള്‍ അയച്ച് കിട്ടുന്ന മുറയ്ക്ക് കാലതാമസമില്ലാതെ വിലയിരുത്തി മരണം പ്രഖ്യാപിക്കാറാണ് പതിവ്.
കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ പേരുകള്‍ പലതും തൊട്ടടുത്ത ദിവസങ്ങളില്‍ സ്ഥിരീകരണത്തിന് ശേഷം സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയതായി കാണാം. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഉള്‍പ്പെടുത്താന്‍ കഴിയാത്തവ ഒഴിവാക്കിയിട്ടുമുണ്ട്. ഉള്‍പ്പെടുത്തിയതും ഒഴിവാക്കിയതുമായ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates