ക്രിമിനലും തീവ്രവാദിയും എന്ന മുന്‍വിധിയോടെ എന്‍ഐഎയിലെ ചില ഉദ്യോഗസ്ഥര്‍ പെരുമാറി :  ഹാദിയ

മാനസികനില തകരാറിലാണെന്നും ഐഎസുമായി ബന്ധം ഉണ്ടെന്നുമുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമവിചാരണ വരെ നടന്നു
ക്രിമിനലും തീവ്രവാദിയും എന്ന മുന്‍വിധിയോടെ എന്‍ഐഎയിലെ ചില ഉദ്യോഗസ്ഥര്‍ പെരുമാറി :  ഹാദിയ
Updated on
1 min read

ന്യൂഡൽഹി : തനിക്കെതിരെ അടിസ്ഥാനരഹിതവും വിദ്വേഷം നിറഞ്ഞതുമായ പ്രചാരണം ഉണ്ടായിയെന്ന് ഹാദിയ. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തൽ. മാനസികനില തകരാറിലാണെന്നും ഐഎസുമായി ബന്ധം ഉണ്ടെന്നുമുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമവിചാരണ വരെ നടന്നു.  ക്രിമിനലും തീവ്രവാദിയും എന്ന മുന്‍വിധിയോടെയാണ് എന്‍ഐഎയിലെ ചില ഉദ്യോഗസ്ഥര്‍ പെരുമാറിയത്. ഡോക്ടര്‍ എന്ന നിലയിലുള്ള തന്റെ ഭാവിയെ ഇത് ബാധിക്കുമെന്നും ഹാദിയ സത്യവാങ്മൂലത്തിൽ ആശങ്ക പ്രകടിപ്പിച്ചു. 

താൻ അനുഭവിച്ച പീഡനങ്ങള്‍ തെറ്റ് ചെയ്തതിനല്ല. മറിച്ച് ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശം വിനിയോഗിച്ചതിനും സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിച്ചതിനുമാണ്. അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ടവർക്ക് നിർദേശം നൽകണമെന്നും ഹാദിയ ആവശ്യപ്പെട്ടു.  25 പേജ് ദൈര്‍ഘ്യമുള്ള ഹാദിയയുടെ സത്യവാങ്മൂലം അഭിഭാഷകനായ സയ്യദ് മര്‍സൂക് ബാഫഖിയാണ് സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്. 

ഷെഫിന്‍ ജഹാന്‍ ഭര്‍ത്താവാണ്. ഭര്‍ത്താവും ഭാര്യയുമായി ജീവിക്കാന്‍ കോടതി അനുവദിക്കണമെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഷെഫിന്‍ ജഹാന്‍ വിദ്യാസമ്പന്നനാണ്. നല്ല കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ച വ്യക്തിയെന്ന നിലയില്‍ തന്നെ വിവാഹം കഴിക്കുകയാണ് ഉണ്ടായതെന്നും സത്യവാങ്മൂലത്തില്‍ ഹാദിയ ചൂണ്ടിക്കാട്ടി.

നിരീശ്വരവാദിയായ അച്ഛന്‍ എന്തുകൊണ്ടാണ് താന്‍ മതം മാറിയതിനെയും മറ്റൊരു മതത്തില്‍പ്പെട്ട ആളിനെ വിവാഹം കഴിച്ചതിനെയും എതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ല. അച്ഛന്‍ ചിലരുടെ സ്വാധീനത്തിലാണെന്നും ഹാദിയ ആരോപിച്ചു. വീട്ടുതടങ്കലില്‍ ആയിരുന്നപ്പോള്‍ സന്ദര്‍ശിക്കാന്‍ വന്നവരുടെ വിശദംശങ്ങള്‍ സന്ദര്‍ശകപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകം പരിശോധിച്ചാല്‍ ഹിന്ദു മതത്തിലേക്ക് മാറ്റാന്‍ ഭീഷണിപ്പെടുത്തിയവരുടെയും സമ്മര്‍ദം നടത്തിയവരുടെയും വിശദശാംശങ്ങൾ മനസിലാകും. അച്ഛന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും, തന്നെ പീഡിപ്പിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഹാദിയ ആവശ്യപ്പെടുന്നു.

മാതാപിതാക്കളോട് വെറുപ്പില്ല. അവരോടുള്ള കടപ്പാട് വിലമതിക്കാനാകാത്തതാണ്. അവരെ അനാഥരാക്കിയിട്ടില്ല. രക്ഷകര്‍ത്താക്കളെ തള്ളിപ്പറയില്ല. ഇസ്‌ലാം വിശ്വാസം ഉപേക്ഷിച്ച ശേഷമേ വീട്ടിലേക്ക് മടങ്ങി വരാവു എന്നാണ് മാതാപിതാക്കള്‍ നിഷ്‌കര്‍ഷിക്കുന്നത്. ഒരു ഇന്ത്യന്‍ പൗരയായി ജീവിക്കാനും മരിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com