

''കരിക്കോട്ടക്കരിപോലെ ക്രിസ്ത്യാനികള്‍ക്കിട്ട് പണി കൊടുക്കാനാണ് ഭാവമെങ്കില്‍ വിവരമറിയും. ഫ്രാങ്കോ പിതാവിനെ അപമാനിച്ചവരുടെ അവസ്ഥ അറിയാമല്ലോ. കഴിവതും വടക്കേ ഇന്ത്യയിലേയോ വിദേശരാജ്യങ്ങളിലേയോ പ്രമേയമെടുത്ത് അവിടുത്തെ അനീതികള്‍ക്കെതിരെ ആഞ്ഞടിക്കുക. സംഭവം പൊളിക്കും'' - പുതിയ നോവല്‍ പ്രസിദ്ധീകരിക്കുന്ന വിനോയ് തോമസിന് എസ് ഹരീഷിന്റെ ആശംസ ഇങ്ങനെ. ബിഷപ് ഫ്രാങ്കോയെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്, മതവികാരം വ്രണപ്പെടുത്തിയെന്ന ആക്ഷേപത്തെത്തുടര്‍ന്നു നോവല്‍ പിന്‍വലിക്കേണ്ടിവന്ന ഹരീഷ് വിനോയ് തോമസിന് നര്‍മത്തില്‍ പൊതിഞ്ഞ ആശംസയുമായി രംഗത്തുവന്നത്. സമകാലിക മലയാളം വാരികയിലാണ് വിനോയ് തോമസിന്റെ 'പുറ്റ്' പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
എസ് ഹരീഷ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്:
വിനോയ് തോമസിന്റെ നോവല്‍ ആരംഭിക്കുന്നു.അത് മലയാളത്തിലെ മികച്ച നോവലുകളിലൊന്നാകുമെന്ന് തന്നെ കരുതുന്നു.പക്ഷേ ചില വിയോജിപ്പുകള്‍ സൂചിപ്പിക്കട്ടെ. ഒന്ന്.പുറ്റ് എന്ന് പച്ചമലയാളത്തില്‍ പേരിട്ടത് ശരിയായില്ല.കുറഞ്ഞപക്ഷം വാത്മീകം എന്നെങ്കിലും ആകാമായിരുന്നു.എന്നാലേ ഒരു ഗുമ്മുള്ളൂ.എഴുതുമ്പോഴും ഈ രീതി സ്വീകരിക്കാം.നാടന്‍ഭാഷ കഴിവതും വര്‍ജ്ജിക്കുക.ഒറ്റ വായനയ്ക്ക് വിവര്‍ത്തനമെന്ന് തോന്നുംമട്ടില്‍ ദുരൂഹമാക്കി എഴുതുക. രണ്ട്.തനിക്ക് തത്വശാസ്ത്രം അറിയില്ലെന്നും ചുറ്റുമുള്ളവരുടെ കഥ പറയാമെന്നും വിനോയ് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞു.ഇവിടെ ആര്‍ക്കാണ് ഫിലോസഫി അറിയാവുന്നത്.പക്ഷേ ഒരിക്കലും അത് സമ്മതിച്ചു കൊടുക്കരുത്.പുട്ടിന് പീര പോലെ ഇടയ്ക്കിടയ്ക്ക് തത്വചിന്താ ശകലങ്ങള്‍ ചേര്‍ത്തോണം.വല്യ അര്‍ത്ഥമൊന്നും വേണമെന്നില്ല.ആളുകള്‍ ഊഹിച്ചെടുത്തോളും.പിന്നെ ചുറ്റുമുള്ളവരുടെ കഥ ഒരു കാരണവശാലും പറയരുത്.കരിക്കോട്ടക്കരിപോലെ ക്രിസ്ത്യാനികള്‍ക്കിട്ട് പണി കൊടുക്കാനാണ് ഭാവമെങ്കില്‍ വിവരമറിയും.ഫ്രാങ്കോ പിതാവിനെ അപമാനിച്ചവരുടെ അവസ്ഥ അറിയാമല്ലോ.കഴിവതും വടക്കേ ഇന്ത്യയിലേയോ വിദേശരാജ്യങ്ങളിലേയോ പ്രമേയമെടുത്ത് അവിടുത്തെ അനീതികള്‍ക്കെതിരെ ആഞ്ഞടിക്കുക.സംഭവം പൊളിക്കും.ഇനി ഇവിടുത്തെ കഥ പറയണമെന്ന് നിര്‍ബ്ബന്ധമാണെങ്കില്‍ കമ്യൂണിസ്റ്റ് നൊസ്റ്റാള്‍ജിയ തുടങ്ങിയ പ്രമേയങ്ങളെടുക്കാവുന്നതാണ്.ജാതി,മതം തുടങ്ങിയ അനീതികളിവിടെയുണ്ടെന്ന് മനസ്സില്‍ പോലും വിചാരിക്കരുത്. മൂന്ന്ഃഇന്റര്‍വ്യൂകള്‍ കൊടുക്കുമ്പോള്‍ ഞാനൊരു പാവം ഉസ്‌ക്കൂള്‍ മാഷാണേ എന്ന ഭാവം ഉപേക്ഷിക്കുക.അല്പം പരപുച്ഛം കലര്‍ത്തി പരസ്പരബന്ധമില്ലാതെ സംസാരിക്കുക.ഒരുത്തനും മെക്കിട്ട്‌കേറില്ല. ആശംസകളോടെ....
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates