

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ മാത്രം വിറ്റിരുന്ന ക്വാർട്ടർ കുപ്പിയിലെ മദ്യം (180എംഎൽ) ബാറുകൾ വഴിയും വിതരണം ചെയ്യാൻ നിർദ്ദേശം. ബിവറേജസ് കോർപ്പറേഷൻ എംഡിയാണ് നിർദ്ദേശമിറക്കിയത്. ക്വാർട്ടർ കുപ്പികളിലുള്ള മദ്യം വെയർഹൗസുകളിൽ കെട്ടികിടക്കുന്നതും എക്സൈസ് ഡ്യൂട്ടി നഷ്ടവുമാണ് പുതിയ തീരുമാനത്തിനു കാരണമായി എംഡിയുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്.
ബവ്കോ ഔട്ട്‌ലെറ്റുകളിലൂടെ സാധാരണക്കാർ കൂടുതലായി വാങ്ങുന്നത് ക്വാർട്ടർ കുപ്പിയിലെ മദ്യമാണ്. പുതിയ തീരുമാനത്തിലൂടെ ഔട്ട്‌ലെറ്റുകളുടെ വരുമാനം ഗണ്യമായി കുറയുമെന്നു ബവ്കോയിലെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ബാറുകൾക്ക് ഇഷ്ടമുള്ള വിലയ്ക്ക് ക്വാർട്ടർ വിൽക്കാനും സാധിക്കും.
ലോക്ഡൗണിൽ ഇളവു അനുവദിച്ചതിനു പിന്നാലേ, പ്രത്യേക കൗണ്ടറുകളിലൂടെ ബിവറേജസ് നിരക്കിൽ മദ്യം കുപ്പിയിൽ വിതരണം ചെയ്യാൻ ബാറുകൾക്ക് അനുവാദം നൽകിയിരുന്നു. ക്വാർട്ടറിനു മുകളിലുള്ള കുപ്പികൾ വിൽക്കാനാണ് അനുമതിയുണ്ടായിരുന്നത്. ബാറുടമകളുടെ സമ്മർദത്തെത്തുടർന്നാണ് ക്വാർട്ടർ വിൽപ്പനയ്ക്ക് ഇപ്പോൾ അനുമതി നൽകിയതെന്നു ബവ്കോയിലെ സംഘടനകൾ ആരോപിക്കുന്നു. ബെവ് ക്യൂ ആപ് വഴിയുള്ള ടോക്കണുകൾ കൂടുതലായും ബാറുകൾക്ക് പോകുന്നതോടെ ബവ്കോയുടെ വരുമാനം കുത്തനെ കുറഞ്ഞു വരികയാണ്.
ലോക്ഡൗണിനു മുൻപ് ബവ്കോയുടെ 267 ഔട്ട്‌ലെറ്റുകളിൽ ഒരുദിവസം ശരാശരി 22 കോടി രൂപ മുതൽ 32 കോടി രൂപവരെയുള്ള കച്ചവടമാണ് നടന്നിരുന്നത്. ലോക്ഡൗണിനു ശേഷം മദ്യ വിൽപ്പന ആരംഭിച്ച ആദ്യത്തെ എട്ട് ദിവസങ്ങളിലെ ശരാശരി വിൽപ്പന 20.25കോടിരൂപയായിരുന്നു. ഇതിപ്പോൾ ശരാശരി 16 കോടിയായി കുറഞ്ഞിട്ടുണ്ട്. പല ബാറുകളിലും ടോക്കണിലാതെ മദ്യം കൊടുക്കാൻ കൗണ്ടറുകളുമുണ്ട്. എക്സൈസിന്റെ പരിശോധന ഇല്ലാത്തതിനാൽ ബാറുകളിലൂടെ അനധികൃതമായി മദ്യം ഒഴുകുന്നത് ബവ്കോയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
