

തിരുവനന്തപുരം: വിതുര തേവിയോട് വിദ്വാരി വൈദ്യനാഥക്ഷേത്രത്തില്‍ കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ചു രക്താഭിഷേകം നടത്താനുള്ള നീക്കത്തിനെതിരെ മന്ത്രി കടകംപളളി സുരേന്ദ്രന്‍.പ്രാകൃതമായ ആചാരം കേരളത്തിനാകെ അപമാനവും അപകടകരവുമാണെന്നും ചടങ്ങ് അനുവദിക്കാനാകില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
അനാചാരങ്ങള്‍ തടയണമെന്നും ചടങ്ങു സംഘടിപ്പിക്കുന്ന ക്ഷേത്രം ഭാരവാഹികള്‍ക്കെതിരേ കര്‍ശനനടപടി വേണമെന്നും അദ്ദേഹം ജില്ലാ കളക്ടറോടും റൂറല്‍ എസ്.പി.യോടും ആവശ്യപ്പെട്ടു. വിഗ്രഹത്തില്‍ രക്താഭിഷേകം നടത്താന്‍ അമിതമായ താത്പര്യമില്ലെന്നും ഇതുമായി ബന്ധപ്പെട്ട വിവാദത്തിനില്ലെന്നും ക്ഷേത്രം തന്ത്രി മണികണ്ഠന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആചാരത്തിന്റെ ഭാഗമായി വിഗ്രഹത്തില്‍ തന്ത്രി രക്തം ചാര്‍ത്തുന്ന പതിവുണ്ട്. രക്തം ചാര്‍ത്തുന്നതിനു പങ്കെടുപ്പിക്കണമെന്നു ഭക്തര്‍ ആവശ്യപ്പെട്ടതിനാലാണ് അവര്‍ക്ക് ഇത്തവണ അവസരം നല്‍കിയത്. വിവാദമുണ്ടായ സാഹചര്യത്തില്‍ ഭക്തര്‍ തങ്ങളുടെ ആഗ്രഹം സാധിക്കാന്‍ മന്ത്രിയെയോ ജില്ലാഭരണകൂടത്തെയോ സമീപിച്ച് അനുവാദം വാങ്ങുകയാണു വേണ്ടതെന്നും തന്ത്രി പറഞ്ഞു.
രക്താഭിഷേകത്തിന്റെ ശാസ്ത്രീയത തെളിയിക്കാനാവും. രക്താഭിഷേകം തട്ടിപ്പാണോയെന്നു മനസ്സിലാക്കാന്‍ വൈദ്യ, മനഃശാസ്ത്രരംഗങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പരിശോധന നടത്തും. അശാസ്ത്രീയമെന്നു കണ്ടെത്തിയാല്‍ ആചാരം ഉപേക്ഷിക്കാന്‍ ഒരുക്കമാണ്. മന്ത്രി അടക്കമുള്ളവര്‍ ക്ഷേത്രാചാരത്തിനെതിരേ രംഗത്തുവന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ നിര്‍ബന്ധമില്ലെന്ന നിലപാടെടുത്തത് തന്ത്രി പറഞ്ഞു.
നരബലിയും മൃഗബലിയും അടക്കമുള്ള അനാചാരങ്ങള്‍ നവോത്ഥാനമുന്നേറ്റത്താല്‍ ഉപേക്ഷിച്ച കേരളത്തില്‍, അസ്സംബന്ധ ആചാരങ്ങളുടെ തിരിച്ചുവരവിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അനാചാരങ്ങളുടെ നടത്തിപ്പിന് ഒരു വര്‍ഗീയസംഘടനയുടെ പിന്തുണയുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഉത്സവനടത്തിപ്പില്‍ ഒരു വര്‍ഗീയസംഘടനയും പിന്തുണ നല്കിയിട്ടില്ലെന്നു പത്രസമ്മേളനത്തില്‍ പങ്കെടുത്ത ക്ഷേത്രം നിയോഗി കൃഷ്ണപിള്ള പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates