തൃശൂര്‍: ഗൂഗിള്‍ മാപ്പ് നോക്കി പാലക്കാട് നിന്നു പട്ടിക്കാട്ടേക്കു കാറില്‍ പുറപ്പെട്ടവര്‍ വഴി തെറ്റി വീണത് പുഴയില്‍. യാത്രികരായ 5 പേരും രക്ഷപ്പെട്ടു. കാര്‍ പുഴയില്‍ നിന്നും കരകയറ്റാനായിട്ടില്ല. തൃശൂര്‍ പട്ടിക്കാട്ട് കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രി എട്ടരയോടെ എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തു പുഴയിലേക്കു കൂപ്പു കുത്തിയത്.
കുതിരാനിലെ ഗതാഗതക്കുരുക്ക് കാരണം പട്ടിക്കാട്ടേക്കു പുറപ്പെടാന്‍ ഗൂഗിളിന്റെ സഹായം തേടിയപ്പോള്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെയായിരുന്നു യാത്ര. തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാന്‍ തടയണയിലൂടെ കയറിയപ്പോള്‍, രാത്രിയായതിനാല്‍ വെള്ളം ഇവരുടെ ശ്രദ്ധയില്‍ പെട്ടില്ല. ഒഴുക്കില്‍ പെട്ടതോടെ കാര്‍ പുഴയിലേക്കു മറിയുകയായിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബറിലും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് ഗൂഗിള്‍ മാപ്പ് നോക്കി കാഞ്ഞങ്ങാട് നിന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാര്‍ ആഴമേറിയ ചിറയില്‍ വീഴാതെ രക്ഷപ്പെട്ടതു ഭാഗ്യം കൊണ്ടു മാത്രമാണ്. പയ്യന്നൂര്‍ ഭാഗത്തു നിന്നു ദേശീയപാത വഴി വന്ന കാര്‍ ചിറവക്ക് ജംക്ഷനില്‍ നിന്നു കാല്‍നട യാത്രക്കാര്‍ മാത്രം ഉപയോഗിക്കുന്ന റോഡിലേക്കു തിരിയുകയായിരുന്നു.
ഈ റോഡ് അല്‍പം മുന്നോട്ടുപോയാല്‍, 4 ഏക്കറില്‍ അധികം വരുന്ന തളിപ്പറമ്പ് ചിറയിലേക്കുള്ള കല്‍പടവുകളിലാണ് അവസാനിക്കുന്നത്. പെട്ടെന്നു റോഡ് അവസാനിച്ചതറിയാതെ കാര്‍ പടവുകള്‍ ചാടിയിറങ്ങി. കാര്‍ പെട്ടെന്നു തന്നെ തിരിച്ചതു മൂലം ചിറയിലേക്കു ചാടിയില്ല. പിന്നീടു നാട്ടുകാര്‍ ഏറെ പ്രയത്‌നിച്ചാണു കാര്‍ തിരിച്ചു കയറ്റിയത്.
കഴിഞ്ഞ ഡിസംബറില്‍ പാലമറ്റം നേര്യമംഗലം റോഡിലെ ചാരുപാറയില്‍ പുതുക്കിപ്പണിയാന്‍ പൊളിച്ചുനീക്കിയ പാലത്തിന്റെ വലിയ കിടങ്ങില്‍ കാര്‍ വീണ് മൂന്നംഗ വിനോദയാത്രാസംഘം അത്ഭുതകരമായി രക്ഷപെട്ടിരുന്നു. 30 അടിയിലേറെ താഴ്ചയില്‍ കുഴിച്ചിരുന്ന കുഴിയില്‍ 10 അടിയോളം വെള്ളമുണ്ടായിരുന്നു. മുങ്ങിയ കാറില്‍ നിന്നു സാഹസികമായി പുറത്തുകടന്ന യുവാക്കളില്‍ 2 പേര്‍ നീന്തി കരകയറി.
നീന്തല്‍ അറിയാത്ത ഒരാള്‍ മുങ്ങിയ കാറിന്റെ മുകളില്‍ കയറിയാണു രക്ഷപ്പെട്ടത്. കോതമംഗലത്തുനിന്നും മൂന്നാറിലേക്കുള്ള വഴി ഗൂഗിള്‍ മാപ് നോക്കിയാണ് യുവാക്കള്‍ ഇതുവഴി എത്തിയത്. റോഡില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതറിയാതെ വന്ന യുവാക്കള്‍ അബദ്ധത്തില്‍ കുഴിയില്‍ അകപ്പെടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates