കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ പിടിയിലായ ജോളിയെ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നു. അമേരിക്കയിലുള്ള ഇളയമകന്‍ റോജോയുടെ അടുത്തേക്ക് പോകാന്‍ ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസ് തീരുമാനിച്ചിരുന്നു. 2008 ജൂലെയില്‍ ടോം തോമസിനെ അമേരിക്കയിലേക്ക് കൊണ്ടുപോകാനാണ് റോജോ തീരുമാനിച്ചത്. എന്നാല്‍ ഈ യാത്ര ജോളി മുടക്കുകയായിരുന്നു.
താന്‍ ഗര്‍ഭിണിയാണെന്നും പ്രസവം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയാല്‍ മതിയെന്നുമായിരുന്നു ജോളി ആവശ്യപ്പെട്ടത്. എന്നാല്‍ 2008 ആഗസ്റ്റ് 26 ന് ടോം തോമസ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു. ജോളിയുടെ പ്രസവം നടന്നതുമില്ല. ഗര്‍ഭം അലസിപ്പോയെന്നായിരുന്നു ജോളി പറഞ്ഞത്. എന്നാല്‍ ജോളിയുടെ വാദം റോജോ പൂര്‍ണമായി വിശ്വസിച്ചിരുന്നില്ല.
മകള്‍ രഞ്ജി ഭര്‍ത്താവിനൊപ്പം ശ്രീലങ്കയിലെ കൊളംബോയില്‍ താമസിക്കുന്ന സമയത്ത് മകളുടെ അടുത്ത് ടോം തോമസ് പോയിരുന്നു. ജോളിയുടെ നടപടികള്‍ പലതും സംശയാസ്പദമാണെന്നും പിതാവ് അന്ന് മകളോട് സൂചിപ്പിച്ചിരുന്നു. റോയി മരിക്കുന്ന സമയത്ത് എന്‍ഐടിയില്‍ അധ്യാപികയാണെന്നാണ് ജോലി പറഞ്ഞത്. എന്നാല്‍ റോയി മരിച്ചപ്പോള്‍ എന്‍ഐടിയില്‍ നിന്നും അധികൃതരോ വിദ്യാര്‍ത്ഥികളോ ആരും വീട്ടിലെത്തിയില്ല. ഇത് സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്ന് റോജോ നടത്തിയ അന്വേഷണത്തില്‍ എന്‍ഐടിയില്‍ ജോളി എന്ന പേരില്‍ അധ്യാപികയില്ലെന്ന് മനസ്സിലായി.
ഇതിനിടെ 2014 ഫെബ്രുവരി 24 ന് റോജോയുടെ അമ്മാവന്‍ മാത്യു മാഞ്ചാടിയില്‍ കുഴഞ്ഞുവീണ് മരിച്ചു. മാത്യു മരിക്കുന്ന ദിവസം ഉച്ചയ്ക്ക് ശേഷം എറണാകുളത്തുള്ള രഞ്ജിയെ വിളിച്ച് ജോളിയുടെ നടപടികള്‍ പലതും സംശയാസ്പദമാണെന്ന് പറഞ്ഞിരുന്നു. അന്ന് വൈകീട്ട് ആറരയോടെ ജോളിയാണ് മാത്യു കുഴഞ്ഞുവീണ് മരിച്ച വിവരം രഞ്ജിയെ അറിയിക്കുന്നത്.
മാത്യു മരിക്കുന്നതിന് മുമ്പായി ജോളിയുടെ വീട്ടില്‍ ചെന്നിരുന്നു എന്ന കാര്യം രഞ്ജി സഹോദരന്‍ റോജോയോട് പങ്കുവെച്ചു. ഇതോടെ പിതാവ് ടോം, അമ്മ അന്നമ്മ, റോയി മാത്യു എന്നിവരുടെ മരണത്തില്‍ റോജോക്ക് സംശയം വര്‍ധിച്ചു. റോയിയുടെ ദുരൂഹ മരണത്തില്‍ സംശയം പ്രകടിപ്പിച്ച മാത്യുവിന്റെ നിര്‍ബന്ധപ്രകാരമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇതാണ് മാത്യുവിനെ വകവരുത്താന്‍ ജോളിയെ പ്രേരിപ്പിച്ചത്.
2017 ഫെബ്രുവരിയിലാണ് ജോളി ടോമിന്റെ സഹോദരപുത്രനായ ഷാജുവിനെ വിവാഹം കഴിക്കുന്നത്. രണ്ടാം വിവാഹം കഴിച്ചശേഷവും ജോളി കൂടത്തായിയിലെ തറവാട്ടു വീട്ടിലാണ് താമസം തുടര്‍ന്നത്. ഇത് റോജോ ചോദ്യം ചെയ്തു. ഭര്‍ത്തവായ ഷാജുവിന്റെ കോടഞ്ചേരിയിലുള്ള വീട്ടിലെത്തി ഷാജുവിനോടും പിതാവ് സക്കറിയയോടും ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കോടഞ്ചേരിയിലെ വീട്ടിലേക്ക് മാറാന്‍ ജോളി കൂട്ടാക്കിയിരുന്നില്ല.
തുടര്‍ന്ന് റോജോ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സംഘടിപ്പിച്ചു. അപ്പോവാണ് റോയിയുടെ ദുരൂഹമരണത്തില്‍ സംശയം ഇരട്ടിച്ചത്. റോയി ഭക്ഷണമെടുത്തുവെക്കാന്‍ പറഞ്ഞശേഷം കുളിമുറിയില്‍ കയറിയപ്പോള്‍ കുഴഞ്ഞു വീണെന്നാണ് ജോളി ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ റോയിയുടെ വയറ്റില്‍ ദഹിക്കാത്ത ചോറും കടലക്കറിയും ഉണ്ടായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കൂടാതെ റോയിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടെന്ന് വ്യക്തമായതും ഈ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates