

കൊച്ചി: ഗാന്ധിജിയുടെ സ്മരണയ്ക്കായി നിലകൊള്ളുന്ന ഖാദിയില്‍നിന്ന് സ്ത്രീവിരുദ്ധമെന്ന് ആക്ഷേപമുള്ള പര്‍ദ പുറത്തിറക്കുന്നതിനെതിരെ സാമൂഹ്യ പ്രവര്‍ത്തക വിപി സുഹറ. പര്‍ദ പുറത്തിറക്കിയ ഖാദി ബോര്‍ഡിന്റെ നടപടിക്കെതിരെ സുഹറ മുഖ്യമന്ത്രിക്കു പരാതി നല്‍കി. പരാതി തുടര്‍നടപടികള്‍ക്കായി കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഗാന്ധിജിയുടെ സ്മരണയ്ക്കായി നിലകൊളളുന്ന ഒരു സ്ഥാപനം ഗാന്ധി തത്വങ്ങള്‍ക്കു വിരുദ്ധമായി പര്‍ദ പോലുള്ള വസ്ത്രം പുറത്തിറക്കുന്നതിന് എതിരെയാണ് പരാതി നല്‍കിയതെന്ന് വിപി സുഹറ പറഞ്ഞു. സതി പോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ് പര്‍ദയെന്നും ഹിന്ദു പര്‍ദയായാലും ഇസ്ലാം പര്‍ദയായാലും ചാരിത്ര്യം സംരക്ഷിക്കാനാവില്ലെന്നും ഗാന്ധിജി തന്നെ പറഞ്ഞിട്ടുണ്ടെന്ന് സുഹറ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകളെ അടിച്ചമര്‍ത്താനുള്ള ഉപകരണമാണ് പര്‍ദയെന്ന് പുരോഗമനപരമായി ചിന്തിക്കുന്നവര്‍ പല കോണുകളില്‍നിന്നും എതിര്‍പ്പ് ഉന്നയിക്കുന്നുണ്ട്. മതയാഥാസ്ഥിതികര്‍ സ്ത്രീകള്‍ക്കും ചെറുപ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്കുമിടയില്‍ മൂടുപടമണിയിച്ച് ഒതുക്കിനിര്‍ത്താന്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നൂറ്റാണ്ടുകള്‍ക്കു പിറകിലേക്കാണ് നാം തിരിച്ചുപോവുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള പല വസ്ത്രധാരണ രീതികളും സമരങ്ങളില്‍ക്കൂടി നാം മാറ്റിയെടുത്തു. മാറുമറയ്ക്കല്‍ സമരം, പിന്നാക്ക വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ക്കു മേല്‍വസ്ത്രം ധരിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടം ഇവയൊക്കെ അതില്‍പ്പെടും. ഇന്ന് അവയൊക്കെ തിരിച്ചുകൊണ്ടുവരാന്‍ നാം തയാറാവുമോയെന്ന് സുഹറ മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ചോദിക്കുന്നു.
സ്ത്രീകളുടെ ചാരിത്ര്യത്തെക്കുറിച്ചുള്ള രോഗാതുരമായ ആകാംക്ഷയാണ് വസ്ത്രം കൊണ്ട് സ്ത്രീക്കു ചുറ്റും ഭിത്തിയുണ്ടാക്കുന്നത്. എന്തുകൊണ്ടാണ് സ്ത്രീയുടെ വിശുദ്ധിയെക്കുറിച്ചു മാത്രം അതിരു കവിഞ്ഞ ആശങ്കയുണ്ടാവുന്നത്? പര്‍ദയെ സംബന്ധിച്ചുള്ള ഗാന്ധിജിയുടെ ഇത്തരം വാദങ്ങള്‍ നിലനില്‍ക്കെ ഖാദി പോലുള്ള സ്ഥാപനങ്ങള്‍ പര്‍ദ പ്രചരിപ്പിക്കുന്നത് സാമൂഹികമായ അടിച്ചമര്‍ത്തലുകള്‍ക്കു സര്‍ക്കാര്‍ തന്നെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്. ഇതു തടയാന്‍ സര്‍ക്കാരും ഖാദി വ്യവസായത്തിനു മേല്‍നോട്ടം വഹിക്കുന്നവരും തയാറാവണമെന്നാണ് സുഹറ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വനിതാ കമ്മിഷനും ഖാദി സര്‍വോദയ സംഘത്തിനും പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates