ഗെയ്ല്‍ പൈപ്പ്‌ലൈന്‍ സുപ്രധാന വികസന പദ്ധതി; സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടികളുമായി മുന്നോട്ടുപോവും: മുഖ്യമന്ത്രി

ഗെയ്ല്‍ പൈപ്പ്‌ലൈന്‍ സുപ്രധാന വികസന പദ്ധതി; സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടികളുമായി മുന്നോട്ടുപോവും: മുഖ്യമന്ത്രി
ഗെയ്ല്‍ പൈപ്പ്‌ലൈന്‍ സുപ്രധാന വികസന പദ്ധതി; സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടികളുമായി മുന്നോട്ടുപോവും: മുഖ്യമന്ത്രി
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിന് പ്രയോജനകരമാകുന്ന സുപ്രധാനമായ പദ്ധതിയാണ് ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളെ പൂര്‍ണമായും വിശ്വാസത്തിലെടുത്ത് പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. 

എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 7 ജില്ലകളിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനിന്റെ അലൈന്‍മെന്റ് പരമാവധി ജനസാന്ദ്രത കുറഞ്ഞ മേഖലകളിലൂടെയാണ് 2011ല്‍ നിശ്ചയിച്ചത്. എന്നിരുന്നാലും കേരളം പോലെയുള്ള ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് ജനവാസ മേഖല പൂര്‍ണ്ണമായും ഒഴിവാക്കുക പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ നിയമ വ്യവസ്ഥകളെല്ലാം കര്‍ശനമായി പാലിച്ചുകൊണ്ട് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കിയാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്. ജനവാസ മേഖലയിലൂടെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും ഉദാരമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

പദ്ധതി പ്രദേശത്ത് ഉയര്‍ന്നുവന്ന എതിര്‍പ്പുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെയും വ്യവസായ വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ യോഗം വിളിച്ചുചേര്‍ക്കുകയും യോഗത്തില്‍ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ടികളെല്ലാം പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്.

പത്ത് സെന്റോ അതിനു താഴെയോ മാത്രം ഭൂമിയുള്ളവര്‍ക്ക് ആശ്വാസധനമായി 5 ലക്ഷം രൂപ നല്‍കണമെന്നും കണ്ണൂര്‍ ജില്ലയില്‍ നിശ്ചയിച്ച പ്രകാരം നെല്‍വയലുകളുടെ നഷ്ടപരിഹാരത്തിനു പുറമെ സെന്റിന് 3761/ രൂപ നിരക്കിലുള്ള പ്രത്യേക നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പത്ത് സെന്റോ അതിനു താഴെ മാത്രം ഭൂമിയുള്ളവരുടെ പൈപ്പ് ലൈന്‍ ഇടാന്‍ ഉപയോഗിക്കുന്ന സ്ഥലം വെറും രണ്ട് മീറ്റര്‍ ആയി ചുരുക്കും. നിലവിലെ വീടുകള്‍ സംരക്ഷിക്കപ്പെടുകയും ഭാവിയില്‍ വീടു വെയ്ക്കത്തക്ക രീതിയില്‍ അലൈന്‍മെന്റ് ഒരു വശത്തുകൂടി 2 മീറ്റര്‍ വീതിയില്‍ മാത്രമായും ക്രമപ്പെടുത്തും. ബാക്കിയുള്ള സ്ഥലത്തിന് വീട് വെയ്ക്കാനുള്ള സ്ഥലം അടയാളപ്പെടുത്തി അനുമതി പത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന ഭൂരേഖ ഉടമകള്‍ക്ക് കൈമാറും.

പദ്ധതിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും വ്യാജ പ്രചരണങ്ങളും ദൂരീകരിക്കുന്നതിന് വ്യാപകമായ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. എന്നാല്‍ ചില തല്‍പ്പരകക്ഷികളും ചില സംഘടനകളും ചിലയിടങ്ങളില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജനങ്ങളെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തുകൊണ്ട് പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും- മുഖ്യമന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com