

തിരുവനന്തപുരം : ശബരിമല ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട് സംഘപരിവാറിലുണ്ടായ പൊട്ടിത്തെറിയില്‍ വെടിനിര്‍ത്തല്‍. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിലെ ഒരു വിഭാഗവും, റെഡി ടു വെയ്റ്റ് സംഘവും തമ്മിലാണ് സോഷ്യല്‍ മീഡിയയില്‍ പോര്‍വിളി നടന്നത്. ഇത് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയിലേക്ക് എത്തിയതോടെയാണ്, കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്.
ആചാര സംരക്ഷണത്തിനും ഹൈന്ദവ ഏകീകരണത്തിനും സുശക്തമായ ബാന്ധവമുണ്ടാകണമെന്ന് ചര്‍ച്ചയില്‍ ചിദാനന്ദപുരി ആവശ്യപ്പെട്ടു. ഒരേ ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന വ്യക്തികളും സംഘടനകളും തമ്മില്‍ ഐക്യമുണ്ടാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതോടെയാണ് സമവായത്തിന് വഴിതെളിഞ്ഞത്. ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയും സമവായ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തു.
സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ആര്‍ ഹരിക്കും, ഒരു വിഭാഗം പരിവാര്‍ നേതാക്കള്‍ക്കും എതിരെ റെഡി ടു വെയ്റ്റ് പ്രവര്‍ത്തകര്‍ പോര്‍വിളി തുടങ്ങിയത്. തുടക്കം മുതലെ ശബരിമലയിലെ യുവതി പ്രവേശനത്തിന് അനുകൂല നിലപാടായിരുന്നു ആര്‍ ഹരി അടക്കമുള്ള നേതാക്കള്‍ക്ക്. ഇതില്‍ റെഡി ടു വെയ്റ്റുകാരുടെ അസംതൃപ്തിയാണ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായത്.ആര്‍ ഹരി ശബരിമല വിഷയത്തിലെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചര്‍ച്ചകള്‍.
ഇതിന് പിന്നാലെ തന്ത്രിമാരുമായും ആചാര്യന്മാരുമായും ആലോചിച്ച് ശബരിമലയിലെ ആചാരങ്ങളില്‍ മാറ്റം വരുത്താമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു കൂടി അഭിപ്രായപ്പെട്ടതോടെ ഭിന്നത രൂക്ഷമായി. പരസ്പരമുള്ള പോര്‍വിളികള്‍ ഫെയ്‌സ്ബുക്കില്‍ രൂക്ഷമായതോടെ ആര്‍എസ്എസ് നേതൃത്വം ഇടപെടുകയായിരുന്നു.
ആര്‍എസ്എസ് നേതാക്കളായ വല്‍സന്‍ തില്ലങ്കേരി, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, ശരത് എടത്തില്‍, അഡ്വ.ശങ്കു ടി ദാസ്, റെഡി ടു വെയ്റ്റ് സംഘാടക കൃഷ്ണപ്രിയ, കുരുക്ഷേത്ര പ്രകാശന്‍ ജനറല്‍ മാനേജര്‍ ഷാബു പ്രസാദ്, എഴുത്തുകാരന്‍ രഞ്ജിത്ത് വിശ്വനാഥന്‍ മേച്ചേരി, സലീഷ് ശിവദാസ്, ജിനീഷ്.ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തര്‍ക്ക വിഷയങ്ങളില്‍ പര്യാലോചനകള്‍ നടത്തി ഒരു കുടുംബമെന്ന നിലയ്ക്ക് സ്‌നേഹത്തോടെ പരിഹാരം കണ്ടെത്തുമെന്ന് തീരുമാനമെടുത്തതായി വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates