ചേട്ടന്‍ മാറ്റിത്തന്ന കരള്‍ നിന്റെയുള്ളില്‍ പിടയ്ക്കുന്നുവെങ്കില്‍ നീ സത്യം പറയണം ജോബി; ആര്‍.എല്‍.വി. രാമകൃഷ്ണന്‍

മണിയുടെ സന്തതസഹചാരിയായ ജോബി സെബാസ്റ്റിയന്റെ മൊഴിപ്പകര്‍പ്പ് ഫെയ്‌സ്ബുക്കിലിട്ടുകൊണ്ട് വൈകാരികമായാണ് പ്രതികരിച്ചത്.
ചേട്ടന്‍ മാറ്റിത്തന്ന കരള്‍ നിന്റെയുള്ളില്‍ പിടയ്ക്കുന്നുവെങ്കില്‍ നീ സത്യം പറയണം ജോബി; ആര്‍.എല്‍.വി. രാമകൃഷ്ണന്‍
Updated on
2 min read

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവും അന്വേഷണങ്ങളും ദുരൂഹമായി തുടരുകയാണെന്ന ബന്ധുക്കളുടെ വാദം ഹൈക്കോടതിയില്‍ തുടരുന്നതിനിടെ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ വൈകാരികമായി ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു. കലാഭവന്‍ മണിയുടെ സന്തതസഹചാരിയായ ജോബി സെബാസ്റ്റിയന്റെ മൊഴിപ്പകര്‍പ്പ് ഫെയ്‌സ്ബുക്കിലിട്ടുകൊണ്ട് വൈകാരികമായാണ് പ്രതികരിച്ചത്. ജോബിയ്ക്ക് കരള്‍രോഗം ബാധിച്ചപ്പോള്‍ കലാഭവന്‍ മണിയായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തി നല്‍കിയത്. ആ കരള്‍ ഇപ്പോഴും പിടയ്ക്കുന്നുവെങ്കില്‍ സത്യം തുറന്നു പറയൂ എന്ന് രാമകൃഷ്ണന്‍ പറയുന്നു.
ജോബിയുടെയും സഹോദരന്‍ ജിയോയുടെയും മൊഴികളുടെ പകര്‍പ്പുകള്‍ വച്ച് പോലീസും ജോബിയും പറയുന്നത് കള്ളമാണെന്ന് തെളിയിക്കാനും രാമകൃഷ്ണന്‍ പോസ്റ്റില്‍ ശ്രമിക്കുന്നു.


രാമകൃഷ്ണന്റെ പോസ്റ്റില്‍ നിന്ന്: കലാഭവന്‍ മണിയുടെ മരണത്തില്‍ സന്തത സഹചാരിയായ നടന്ന മാനേജര്‍ ജോബി സെബാസ്റ്റ്യന്റെ മൊഴിയെടുത്തത് കേവലം 3 വരി. പാഡിയില്‍ രക്തം ചര്‍ദ്ദിച്ച് കിടക്കുന്നത് രാവിലെ 8 മണി മുതല്‍ കണ്ടു നിന്നയാള്‍ ഈ ജോബിയാണ്. ജോബിയാണ് മറ്റുള്ളവരെ വിളിച്ചു വരുത്തിയും വൈകീട്ട് 3 മണി വരെ പാഡിയില്‍ കിടത്തി കുടുംബക്കാരോട് ചോദിക്കാതെ ചികിത്സ നടത്തിച്ച ആള്‍. ഇവനെ രക്ഷപ്പെടുത്താന്‍ വേണ്ടി പോലീസ് അകമഴിഞ്ഞ് സഹായിച്ചതിന്റെ തെളിവാണ് ഈ 5 വരികള്‍. ഇതില്‍ 5ാം തിയ്യതി വൈകീട്ട് 3 മണിക്കാണ് ജോബി മണി ചേട്ടനെ കണ്ടതെന്ന് പറയുന്നു. 4.15ന് അമൃതയില്‍ എത്തിച്ചു. അപ്പോ പിന്നെ ജോബി എങ്ങിനെ കുറ്റകാരനാകും. മണിയെ കണ്ട ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പാവം! ചികിത്സ ഒട്ടും തന്നെ വൈകിച്ചില്ല, ആത്മാര്‍ത്ഥതയുള്ള മാനേജര്‍. അടുത്ത പേജ് നോക്കുക ജോബിയുടെ ചേട്ടന്‍ ജിയോ സെബാസ്റ്റ്യന്റെ മൊഴിയില്‍ 5ാം തിയ്യതി ഉച്ചയ്ക്ക് 12 മണിയോടെ ജോബി, ജിയോനെ വിളിച്ച് പാഡിയിലേക്ക് ഉടന്‍ ചെല്ലാന്‍ പറഞ്ഞു. അവിടെ ചെന്നപ്പോള്‍ ജോബിയും, ഡോ: സുമേഷും പാഡിയില്‍ ഉണ്ടായിരുന്നു. ഇവിടെ പൊളിഞ്ഞു പോലീസിന്റെ കള്ളം. നൂറു കള്ളത്തരങ്ങള്‍ ചെയ്യുമ്പോള്‍ ഒരു സത്യം അവശേഷിക്കും എന്നുള്ളത് എത്ര വാസ്തവം! ഒരു മരണാവസ്ഥയിലായ രോഗിയെ ആദ്യം കണ്ട വ്യക്തിയാണ് പ്രധാന വിറ്റ്‌നസ്. ആ വ്യക്തിയില്‍ നിന്നാണ് പ്രധാന മൊഴി രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ജോബിയെ രക്ഷപ്പെടുത്താന്‍ പോലീസ് അമിതമായ ആത്മാര്‍ത്ഥത കാണിച്ചതിന് തെളിവാണിത്. പോലീസ് മൊത്തം വായിച്ചു നോക്കാന്‍ മറന്നുപോയി! രക്തം ഛര്‍ദ്ദിച്ചതിനും, മയക്കമരുന്ന് കുത്തിവപ്പിച്ചതിനും, സമയത്തിന് ചികിത്സ കൊടുക്കാത്തതിനും, വീട്ടുകാരെ അറിയിക്കാത്തതിനും ഇവനെതിരെ എന്തു കേസാണ് എടുക്കേണ്ടത്. നമ്മള്‍ ആരും നിയമം പഠിച്ചിട്ടുണ്ടാവില്ല.

നീതിപീഠമേ നീ പറയൂ. എന്റെ പൊന്നു ചേട്ടന്‍ കിടന്ന് മരണവെപ്രാളത്തില്‍ പിടയ്ക്കുമ്പോള്‍ ഇവനൊക്കെ 12 മണിക്കൂര്‍ നോക്കി നിന്നു. എന്നെ ഒന്നു അറിയിക്കാഞ്ഞില്ലെ ഒന്നു ജീവനോടെ കാണാന്‍. ദൈവമെ.... നീ കണ്ടില്ലെ ഈ ചതി. എന്റെ ചേട്ടന്‍ എന്തു തെറ്റു ചെയ്തു. ജോബിക്ക് എന്റെ ചേട്ടന്‍ കരള്‍ മാറ്റി വച്ച് അവന്റെ ജീവന്‍ രക്ഷിച്ചതല്ലെ? എന്നിട്ടും ആ പാവത്തിനെ രക്ഷിക്കായിരുന്നില്ലെ... ഈ പാപം ജോബി കഴുകി കളഞ്ഞാല്‍ പോകുമോ? കൊന്ന പാപം തിന്നാല്‍ തീരും എന്ന പഴഞ്ചൊല്ലുണ്ട്. ജോബി നീ കൊലയ്ക്കു കൂട്ടുനിന്നിട്ടില്ലെങ്കില്‍ സത്യം പറയ്.. നീ എന്നോട് അമ്യതയില്‍ വച്ച്പറഞ്ഞതല്ലെ അരുണും, വിപിനും അറിയാതെ പാഡിയില്‍ മെഥനോള്‍ എത്തില്ല എന്ന്. എന്നിട്ട് നിനക്ക് അറിയാവുന്ന സത്യം ഇപ്പോഴും നീ മൂടിവയ്ക്കുന്നു: എന്റെ ചേട്ടന്‍ വച്ചു തന്ന കരള്‍ നിന്റെ ഉള്ളില്‍ പിടയ്ക്കുന്നുണ്ട് എങ്കില്‍ നീ സത്യം പറയണം. അല്ലാതെ നിന്റെ ധ്യാനവും, കുമ്പസാരവും ദൈവം കാണില്ല. നിന്റെ കരള്‍ പുഴുത്ത് നീ ചാവും, ഞങ്ങള്‍ കൂടപിറപ്പുകളുടെ കണ്ണുനീര്‍ നിന്റെ ഏഴു തലമുറ ചുട്ടുനീറും. എന്റെ ചേട്ടന്റെ പോസ്റ്റുമാര്‍ട്ടത്തിന്റെ കിറ്റിന് 275 രൂപ കണക്കു പറഞ്ഞ നീ ഇത്രയും കാലം കൂടെ നടന്നതിന്റെ കണക്ക് ആരോടാണ് ബോധിപ്പിച്ചത്? ദൈവമെ നീ ഇത് കാണുന്നില്ലെ?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com