

കൊച്ചി: ജനകീയ മെട്രോ യാത്രയില് കൊച്ചി മെട്രോ സംവിധാനങ്ങൾ താറുമാറായതുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ജാമ്യം. ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.
കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങും ആദ്യയാത്രയും രാഷ്ട്രീയവത്കരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും നേതൃത്വത്തിൽ ജനകീയ മെട്രോ യാത്ര സംഘടിപ്പിച്ചത്. ഇതിൽ മെട്രോ സംവിധാനങ്ങൾ താറുമാറായി എന്ന് കാണിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഇതിലാണ് ഇരുനേതാക്കൾക്കും ജാമ്യം ലഭിച്ചത്.
പ്രവർത്തകർ കൂട്ടമായി മുദ്രാവാക്യം വിളിച്ചും പ്രകടനമായും ആലുവയിലെയും പാലാരിവട്ടെത്തെയും സ്റ്റേഷനിലെത്തിയതോടെ സുരക്ഷാ സംവിധാനങ്ങൾ തകർന്നുവെന്നാണ് കേസ്. ടിക്കറ്റ് സ്കാൻ ചെയ്ത് മാത്രം പ്ലാറ്റ്ഫോമിലേക്ക് കടത്തിവിടാൻ അനുവദിക്കുന്ന ഓട്ടോമാറ്റിക് ടിക്കറ്റ് ഗേറ്റുകൾ തിരക്കുനിമിത്തം തുറന്നിടേണ്ടിയും വന്നു. യാത്രയ്ക്കിടെ മെട്രോ ട്രെയിനിൽ വച്ചും പ്രവർത്തകർ മുദ്രാവാദ്യം വിളിച്ചു.
മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷൻ പരിസരത്തും പ്രകടനം നടത്തുന്നത് 1000 രൂപ പിഴയും ആറുമാസം വരെ തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ 500 രൂപ പിഴയും നൽകണം. ജനകീയ യാത്രയ്ക്കിടെ സാധാരണ യാത്രക്കാർക്കു പ്ലാറ്റ്ഫോമിൽ നിൽക്കാൻ പോലും ഇടംലഭിച്ചിരുന്നില്ലെന്നും പരാതി ഉയർന്നിരുന്നു.തിരക്കു നിമിത്തം ഉമ്മൻചാണ്ടിക്ക് ചെന്നിത്തലയ്ക്കൊപ്പം ട്രെയിനിൽ കയറാനുമായിരുന്നില്ല. സംഭവത്തിൽ കോണ്ഗ്രസ് നേതാക്കൾ ഖേദം പ്രകടിപ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates