

തിരുവനന്തപുരം: ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതി ഭയാനകമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം യൂസഫ് തരിഗാമി. ജനങ്ങൾക്ക് അടിസ്ഥാന പൗരാവകാശം പോലും നിഷേധിച്ചിരിക്കുകയാണെന്നും സിപിഎമ്മിന്റെ ജമ്മു കശ്മീരിലെ ഏക എംഎൽഎ കൂടിയായ തരിഗാമി. വിളപ്പിൽശാലയിൽ നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയപ്പോഴാണ് ജമ്മു കാശ്മീരിലെ നിലവിലെ സ്ഥിതി തരിഗാമി വിശദീകരിച്ചത്.
370 റദ്ദാക്കുക വഴി രാജ്യത്തിന്റെ ഫെഡറൽ സംവിധാനം ആക്രമിക്കപ്പെട്ടു. കേന്ദ്ര സർക്കാർ ഭരണഘടനയെ അട്ടിമറിച്ചതായും രാജ്യത്തെ ജനങ്ങളെയാകെ സർക്കാർ തെറ്റിദ്ധരിപ്പിച്ചാതായും അദ്ദേഹം പറഞ്ഞു.
ജമ്മുവിലെയും കശ്മീരിലെയും ജനങ്ങൾക്ക് രാജ്യത്തെ മറ്റു പ്രദേശവുമായുള്ള ഐക്യത്തിന്റെ അടിത്തറയാണ് കേന്ദ്ര സർക്കാർ തകർത്തത്. അവിടത്തെ ജനങ്ങളെ അപമാനിച്ചു. ജനങ്ങൾക്ക് അടിസ്ഥാന പൗരാവകാശം പോലും നിഷേധിച്ചു. രാഷ്ട്രീയ നേതാക്കളെ കസ്റ്റഡിയിൽ എടുത്തു. തെരുവുകളിൽ എവിടെയും ഇപ്പോഴും സൈന്യവും പൊലീസുമാണ്. മാധ്യമ പ്രവർത്തകരെ വിവരങ്ങൾ നേരിട്ട് ലഭിക്കാത്ത വിധം തടഞ്ഞിരിക്കുന്നു. ഇങ്ങനെയാണോ ജനാധിപത്യം സംരക്ഷിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
താഴ്വരയിലെ കച്ചവടവും കൃഷിയും തകർന്നു. ആപ്പിൾ കച്ചവടക്കാരുടെ നഷ്ടം 1000 കോടിയാണെന്ന് പറയുന്നു. ഇപ്പോൾ 36 കേന്ദ്ര മന്ത്രിമാർ അവിടേക്ക് വരികയാണ്. 31 പേരും ജമ്മുവിലേക്കാണ്. അഞ്ച് പേർ കശ്മീരിലേക്കും. ലഡാക്കിലേക്ക് ആരും വരുന്നില്ലെന്നും തരിഗാമി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates