

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും. അതിനിടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കൂട്ട ഉപവാസം ആരംഭിച്ചു. പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും ഒപ്പം കുറുവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും ഹൈക്കോടതി ജങ്ഷനില്‍ നടക്കുന്ന ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യമായാണ് സഭയ്‌ക്കെതിരെ പ്രത്യക്ഷമായി ആരോപണമുയര്‍ത്തിയ കന്യാസ്ത്രീയുടെ ഒപ്പമുള്ള അഞ്ച് പേരും പ്രത്യക്ഷ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്.
നീതി നിഷേധിക്കപ്പെട്ടതിനാലാണ് സമരത്തിനിറങ്ങിയത്. ആരും സംരക്ഷിക്കാനില്ല. ഇരയായ കന്യാസ്ത്രീക്കൊപ്പം ഉറച്ചുനില്‍ക്കും. കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങളുള്ളതായും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതി കിട്ടി 74 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതെന്ന് അവര്‍ ചോദിച്ചു. മൊഴി രേഖപ്പെടുത്തലല്ലാതെ കേസില്‍ ഒന്നും നടക്കുന്നില്ല. സഭയും സര്‍ക്കാരും ബിഷപ്പിനെ സംരക്ഷിക്കുന്നു. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും അവര്‍ പറഞ്ഞു.
സാധാരണക്കാരനായിരുന്നെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമായിരുന്ന പൊലീസ് ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് അലസ മനോഭാവം കാണിക്കുന്നത്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസം കുറഞ്ഞു. സഭയും സര്‍ക്കാരും സംഭവത്തില്‍ നീതി പുലര്‍ത്തിയില്ല. ഇനിയുള്ള പ്രതീക്ഷ കോടതി മാത്രമാണെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. തങ്ങളുടെ സഹോദരിയ്ക്ക് നീതി ലഭിക്കാന്‍ സഭ ഒന്നു ചെയ്തില്ല. നീതി വൈകുന്നത് കൊണ്ടാണ് നിരത്തില്‍ പ്രതിഷേധവുമായി ഇറങ്ങേണ്ടി വന്നതെന്നും കന്യാസ്ത്രീകള്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates