'ജീനികെട്ടിയ ട്രോളന്മാര്‍ക്ക് ആഘോഷിക്കുവാന്‍ വകയായി' ; ബാലഗോകുലം വിവാദത്തില്‍ മറുപടിയുമായി നടന്‍ ജോയ് മാത്യു

ശ്രീകൃഷ്ണന്‍ എന്ന ദാര്‍ശനിക കഥാപാത്രത്തെ ആദരിച്ചാല്‍ ഒരാള്‍ ഒലിച്ചുപോകുമോ?
'ജീനികെട്ടിയ ട്രോളന്മാര്‍ക്ക് ആഘോഷിക്കുവാന്‍ വകയായി' ; ബാലഗോകുലം വിവാദത്തില്‍ മറുപടിയുമായി നടന്‍ ജോയ് മാത്യു
Updated on
2 min read

ബാലഗോകുലം സംസ്ഥാനസമ്മേളനം ഉദ്ഘാടകനായതിനെ ന്യായീകരിച്ച് നടന്‍ ജോയ് മാത്യു. ധര്‍മ്മാധര്‍മ്മങ്ങളുടെ യുദ്ധഭൂമിയില്‍ നില്‍ക്കുന്ന അര്‍ജ്ജുന വിഷാദത്തെ മറികടക്കാനും ധര്‍മ്മത്തിന്റെ/നീതിയുടെ പക്ഷത്ത് നിന്ന് യുദ്ധം ചെയ്യാനും  അര്‍ജ്ജുനനെ പ്രേരിപ്പിച്ച ഗീഥാകാരന്‍ ഉയിര്‍കൊടുത്ത ശ്രീകൃഷ്ണന്‍ എന്ന ദാര്‍ശനിക കഥാപാത്രത്തെ ആദരിച്ചാല്‍ ഒരാള്‍ ഒലിച്ചുപോകുമോ?എഴുത്തുകാരി കമലാദാസിനെ ആദരിക്കാം എന്നാല്‍ അവരുടെ ശ്രീകൃഷ്ണ സങ്കല്‍പ്പത്തെ മാറ്റി നിര്‍ത്തണം എന്ന് പറയുന്നതിലെ പൊള്ള യുക്തി തന്നെയാണിതും. വിവാദങ്ങളെ വിമര്‍ശിച്ച് ജോയ് മാത്യു വെബ്‌സൈറ്റില്‍ കുറിച്ചു. 

മാര്‍ക്‌സിസത്തിന്റെ തലതൊട്ടപ്പന്മാരായ നമ്മുടെ ദേവസ്വം മന്ത്രിമാരും മറ്റു വിപ്ലവകാരികളും ഗുരുവായൂരും ശബരിമലയിലും 'വിനയാന്വിത കുനീരരായി' നില്‍ക്കുന്നതും പ്രസാദം വാങ്ങിച്ചു മിണുങ്ങന്നതും നാം കണ്ടു പഠിക്കേണ്ടതാണ് .അതുകൊണ്ട് പ്രിയ സുഹൃത്തുക്കളെ ,അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ വേദികള്‍ വേണം. ഏതെങ്കിലും കലാകാരന്‍ എന്റെ സിനിമ എന്റെ പാര്‍ട്ടിക്കാര്‍ മാത്രം കണ്ടാല്‍ മതി എന്ന് ആഗ്രഹിക്കുമോ ? ശുദ്ധകള്ളത്തരമല്ലേ അത് ?
എല്ലാവര്‍ക്കും തങ്ങളുടെ സിനിമകള്‍ എല്ലാവരും കാണണം എന്ന് തന്നെയാണ് ഉള്ളിലിരുപ്പ്. അതുപോലെതന്നെയാണ് നമ്മളെ സ്‌നേഹിക്കുന്നവര്‍,നമ്മളിലെ കലാകാരനെ ആദരിക്കുന്നവര്‍ നമ്മളെ കേള്‍ക്കാന്‍,അതും നമ്മുടെ അഭിപ്രായം വ്യത്യസ്തമാണെങ്കില്‍ കൂടി,തയാറായി നമ്മളെ ക്ഷണിക്കുമ്പോള്‍  പുറംതിരിഞ്ഞ് നില്‍ക്കുകയാണോ വേണ്ടത് ? ജോയ്മാത്യു ചോദിക്കുന്നു. 


കുറിപ്പിന്റെ പൂര്‍ണരൂപം : 


ബാലഗോകുലവും ഞാനും


എന്താണ് സ്വാതന്ത്ര്യം ?

ബാലഗോകുലം സംസ്ഥാനസമ്മേളനം ഉദ്ഘാടകനായി  അതിന്റെ സംഘാടകര്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ,ഞാന്‍ നിങ്ങളുമായി പലകാര്യങ്ങളിലും അഭിപ്രായവ്യത്യാസമുള്ള ആളാണ് ,ക്ഷണിക്കാന്‍ വന്നവര്‍ പറഞ്ഞു .അത് ഞങ്ങള്‍ക്കറിയാം അതുകൊണ്ട് കൂടിയാണ് താങ്കളെ  ക്ഷണിക്കുന്നത് ;അതെനിക്കിഷ്ടമായി.
ബാലഗോകുലത്തിന്റെ ഉദ്ഘാടകനാകുന്നതിനെപ്പറ്റി എന്നെക്കാള്‍ വിവരമുള്ള എന്റെ സുഹൃത്തുക്കളോട് ഞാന്‍ ചോദിച്ചു.അവര്‍ പറഞ്ഞു,സ്വന്തമായി അഭിപ്രായമുള്ളവര്‍ക്ക് ആരുടെ വേദിയിലും അത് പ്രകടിപ്പിക്കാം ,അതിനുള്ള സ്വാതന്ത്ര്യം അവര്‍ തരുന്നുണ്ടല്ലോ,പിന്നെന്ത് ?
എന്നെപ്പോലുള്ളവര്‍ പലരും ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കുന്ന ഒരടവുണ്ട് 'അയ്യോ ആ ദിവസം എനിക്ക് ഷൂട്ടിംഗ് ഉണ്ട് ,അല്ലെങ്കില്‍ ഞാന്‍ വിദേശത്തായിരിക്കും' എന്നൊക്കെ. അത്തരം നുണകള്‍ എനിക്ക് പതിവില്ല.അതിനാല്‍ ഞാന്‍ അത് സന്തോഷത്തോടെ ഏറ്റു.
ഉദ്ഘാടനച്ചടങ് എന്നത് നിലവിളക്ക് കൊളുത്തിയിട്ടായിരിക്കും എന്നു കരുതിയ എനിക്ക് തെറ്റി .ശ്രീകൃഷ്ണ വിഗ്രഹത്തില്‍ തുളസിമാല അണിയിച്ചാണ് ഉദ്ഘാടനം എന്ന് അല്പം സങ്കോചത്തോടെ അവര്‍ എന്നോട് പറഞ്ഞപ്പോള്‍ എനിക്കത് നല്ല രസമായിട്ടാണ് തോന്നിയത് .വിവാഹത്തിനു എന്റെ ഭാര്യയെ മാലയിട്ടതല്ലാതെ മറ്റാരെയും ഞാന്‍ മാലയിട്ടതായി ഓര്‍മ്മയില്ല .പലരെയും മാലയിട്ടാലോ എന്ന ആലോചിച്ചിരുന്നുവെന്നത് വേറെകാര്യം .ഏതായാലും ശ്രീകൃഷ്ണനെ മാലചാര്‍ത്തുന്ന ചിത്രം ജീനികെട്ടിയ ട്രോളന്മാര്‍ക്ക് ആഘോഷിക്കുവാന്‍ വകയായി ;എനിക്കാണെങ്കില്‍ അത് പുല്ലുമായി.
ശ്രീകൃഷ്ണന്‍ എന്ന ദൈവത്തെയല്ല ഭഗവത് ഗീഥ ചൊല്ലിയ ദാര്‍ശനികനായ  കൃഷ്ണനെയാണ് ഞാന്‍ മാലയിട്ടത് എന്ന് തുടങ്ങിയായിരുന്നു  എന്റെ ഉദ്ഘാടനപ്രസംഗം.
ധര്‍മ്മാധര്‍മ്മങ്ങളുടെ യുദ്ധഭൂമിയില്‍ നില്‍ക്കുന്ന അര്‍ജ്ജുന വിഷാദത്തെ മറികടക്കാനും ധര്‍മ്മത്തിന്റെ/നീതിയുടെ പക്ഷത്ത് നിന്ന് യുദ്ധം ചെയ്യാനും  അര്‍ജ്ജുനനെ പ്രേരിപ്പിച്ച ഗീഥാകാരന്‍ ഉയിര്‍കൊടുത്ത ശ്രീകൃഷ്ണന്‍ എന്ന ദാര്‍ശനിക കഥാപാത്രത്തെ ആദരിച്ചാല്‍
ഒരാള്‍ ഒലിച്ചുപോകുമോ?എഴുത്തുകാരി കമലാദാസിനെ ആദരിക്കാം എന്നാല്‍ അവരുടെ ശ്രീകൃഷ്ണ സങ്കല്‍പ്പത്തെ മാറ്റി നിര്‍ത്തണം എന്ന് പറയുന്നതിലെ പൊള്ള യുക്തി തന്നെയാണിതും.നമ്മുടെ മുന്‍ വിദ്യാഭ്യാസമന്ത്രി (വിദ്യാഭ്യാസത്തിന്റെ ഗതി നോക്കണേ!) ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്താന്‍ പറ്റില്ലെന്നും അത് തന്റെ മത വിശ്വാസത്തിനെതിരാണെന്നും പറഞ്ഞു വെളിച്ചത്തിനു പുറം തിരിഞ്ഞു നിന്നപ്പോള്‍ അതെ മതത്തില്‍ വിശ്വസിക്കുന്ന എന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായ ശ്രീ മമ്മുട്ടി വേദിയില്‍ വെച്ചുതന്നെ മന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ചത് ഞാന്‍ ആത്മഹര്‍ഷത്തോടെയാണ് ഓര്‍ക്കുന്നത്. വൈരുദ്ധ്യാത്മക  ഭൗതിക വാദം അരച്ച് കലക്കി കുടിച്ച മാര്‍ക്‌സിസത്തിന്റെ തലതൊട്ടപ്പന്മാരായ നമ്മുടെ ദേവസ്വം മന്ത്രിമാരും മറ്റു വിപ്ലവകാരികളും ഗുരുവായൂരും ശബരിമലയിലും 'വിനയാന്വിത കുനീരരായി' (പേടിക്കേണ്ട പുതിയ വാക്കാണ് – എന്റെ ചങ്ങാതി കണ്ടുപിടിച്ചത് ) നില്‍ക്കുന്നതും പ്രസാദം വാങ്ങിച്ചു മിണുങ്ങന്നതും നാം കണ്ടു പഠിക്കേണ്ടതാണ് .അതുകൊണ്ട് പ്രിയ സുഹൃത്തുക്കളെ ,അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ വേദികള്‍ വേണം .
ഏതെങ്കിലും കലാകാരന്‍ എന്റെ സിനിമ എന്റെ പാര്‍ട്ടിക്കാര്‍ മാത്രം കണ്ടാല്‍ മതി എന്ന് ആഗ്രഹിക്കുമോ ? ശുദ്ധകള്ളത്തരമല്ലേ അത് ?
എല്ലാവര്‍ക്കും തങ്ങളുടെ സിനിമകള്‍ എല്ലാവരും കാണണം എന്ന് തന്നെയാണ് ഉള്ളിലിരുപ്പ് .അത് പുറമെ കാണിക്കുന്നില്ലെന്ന് മാത്രം. അതുപോലെതന്നെയാണ് നമ്മളെ സ്‌നേഹിക്കുന്നവര്‍,നമ്മളിലെ കലാകാരനെ ആദരിക്കുന്നവര്‍ നമ്മളെ കേള്‍ക്കാന്‍ ,അതും നമ്മുടെ അഭിപ്രായം വ്യത്യസ്തമാണെങ്കില്‍ കൂടി,തയാറായി നമ്മളെ ക്ഷണിക്കുമ്പോള്‍  പുറംതിരിഞ്ഞ് നില്‍ക്കുകയാണോ വേണ്ടത് ?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com