

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ജെയിന്‍ കോറല്‍ കോവ് നിലംപൊത്തി. രാവിലെ 11.03 നാണ് സ്ഫോടനം നടന്നത്. മഴ ചെരിഞ്ഞിറങ്ങുന്നതുപോലെ ജെയിൻ കോറൽകോവ് ഫ്ലാറ്റ് സമുച്ചയം മണ്ണടിഞ്ഞു. ഇതോടെ 17 നിലകളിലുള്ള ഫ്ലാറ്റ് സമുച്ചയം വെറും കോൺക്രീറ്റ് കൂമ്പാരമായി മാറി. രാവിലെ 10.30 ന് ആദ്യ സൈറൺ മുഴങ്ങി. രണ്ടാമത്തെ സൈറൺ 10.55 നും മൂന്നാമത്തെ സൈറൺ 10.59 നും മുഴങ്ങി. പിന്നാലെയായിരുന്നു സ്ഫോടനം. രാവിലെ തന്നെ പ്രദേശത്തെ സമീപവാസികളെയെല്ലാം ഒഴിപ്പിച്ചിരുന്നു. പ്രദേശത്ത് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
മരടിലെ പൊളിക്കുന്ന ഫ്ലാറ്റുകളിലെ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയമാണ് ജെയിൻ കോറൽ കോവ്. ജെയിൻ കോറൽകോവ് പൊളിക്കാൻ 400 കിലോ സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചത്. ഫ്ലാറ്റിൽ ഒന്ന്, മൂന്ന്, ആറ്, 11, 14 നിലകളിലാണ് സ്ഫോടക വസ്തുക്കൾ നിറച്ചിരുന്നത്. ഫ്ലാറ്റ് പൊളിക്കാന്‍ കരാറെടുത്തിരിക്കുന്ന ജെറ്റ് ഡെമോളിഷന്‍ കമ്പനി വിദഗ്ദര്‍ തുടര്‍ന്ന് ജെയ്ന്‍ കോറല്‍ കോവിലെ ക്രമീകരണങ്ങള്‍ അവസാന നിമിഷം വീണ്ടും വിലയിരുത്തി ഉറപ്പുവരുത്തിയിരുന്നു.
ജെയിൻ കോറൽകോവിൽ 16 നിലകളിലായി 125 അപാർട്മെന്റുകളാണ് ഉള്ളത്. ഇതിന് 50 മീറ്റർ ഉയരമുണ്ട്. ഈ ഫ്ലാറ്റ് കെട്ടിടത്തിന്റെ 200 മീ ചുറ്റളവിൽ ആകെയുള്ളത് നാല് വീടുകൾ മാത്രമാണെന്നത് സ്ഫോടനത്തിന്റെ വെല്ലുവിളി കുറച്ചിരുന്നു. എന്നാൽ കായലിനോട് ചേർന്ന് കിടക്കുന്ന ഫ്ലാറ്റ് കെട്ടിടം തകർക്കുമ്പോൾ അവശിഷ്ടങ്ങൾ കായലിലേക്ക് വീഴാതിരിക്കാൻ ജാഗ്രത പുലർത്തുകയും ചെയ്തിരുന്നു. ഇതിനായി ഫ്ലാറ്റ് കെട്ടിടത്തോട് ചേർന്ന് നിലനിന്നിരുന്ന കാർ പാർക്കിങ് ഏരിയ പൊളിച്ച് ഈ ഭാഗം തുറസായ സ്ഥലമാക്കി മാറ്റിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates