

തിരുവനന്തപുരം : ഓഖി ദുരന്തവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ ജേക്കബ് തോമസിന്റെ വിശദീകരണം സര്‍ക്കാര്‍ തള്ളി. ജേക്കബ് തോമസിന്റേത് അച്ചടക്ക ലംഘനം തന്നെയാണ്. നടപടികളുമായി മുന്നോട്ട് പോകാനാണ് ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ തീരുമാനം. തന്റെ ശുപാര്‍ശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കി. റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് ഇനി തീരുമാനം എടുക്കേണ്ടത്.
സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്നോട്ടുപോകുന്ന ജേക്കബ് തോമസിനെതിരെ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഓഖി ദുരന്തത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നായിരുന്നു ജേക്കബ് തോമസിന്റെ ആരോപണം. 'കേരളത്തിലെ ഭരണ സംവിധാനത്തിലുള്ള വിവിധ താൽപര്യങ്ങള്‍' എന്ന വിഷയത്തെ കുറിച്ചുള്ള സംവാദത്തില്‍ സംസാരിക്കവെയാണ് സർക്കാറിനെതിരെ ആഞ്ഞടിച്ചത്. ദുരന്തത്തിൽ എത്രപേര്‍ മരിച്ചെന്നോ എത്രപേരെ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരാണ് കടലില്‍ പോയിരുന്നതെങ്കില്‍ ഇങ്ങനെ ആകുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി.
ജേക്കബ് തോമസിന്റെ വിവാദ പ്രസംഗത്തിൽ സർക്കാർ അദ്ദേഹത്തോട് വിശദീകരണം തേടി. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനായിരുന്നു ആവശ്യപ്പെട്ടത്. ജേക്കബ് തോമസിന്റേത് അച്ചടക്ക ലംഘനമാണെന്നും, ഉത്തരവാദപ്പെട്ട സീനിയർ ഉദ്യോഗസ്ഥൻ സർക്കാരിനെതിരെ ഇത്തരത്തിൽ പ്രസ്താവന നടത്താൻ പാടില്ലായിരുന്നെന്നും കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തമാക്കി.
സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്ന പരാമർശം സർക്കാരിനെതിരായ ഗൗരവമായ ആരോപണമാണ്. കേന്ദ്ര ഇടപെടലിന് വഴിവെക്കുന്നതാണ് ഈ പ്രസ്താവന. പ്രസംഗത്തിനിടെ യാദൃശ്ചികമായി പറഞ്ഞതല്ലെന്നും, മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗമായിരുന്നു ജേക്കബ് തോമസിന്റേതെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചാൽ, ജേക്കബ് തോമസിനെതിരെ വിശദമായ അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെ നിയോഗിച്ചേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates