മലയാളികള്‍ ഇന്നലെ മുതല്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളവരില്‍ ഒരാളായിരിക്കാം നൗഷാദ്. പ്രളയദുരിതത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ തന്റെ കടയിലെ തുണികള്‍ എടുത്തുകൊടുത്താണ് അദ്ദേഹം ആളുകളുടെ ഹൃദയത്തില്‍ കയറിയത്. ഇന്നലെ മുതല്‍ നൗഷാദിനെ അന്വേഷിച്ച് വീട്ടില്‍ ഫോണ്‍കോളുകളുടെ ബഹളമാണ്.
ഇതിനിടെ മലയാളികളുടെ പ്രിയപ്പെട്ടവരില്‍ പ്രിയപ്പെട്ടവനായി മാറിയ നൗഷാദിനെ പരിചയപ്പെടുത്തി മകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയാണ് തരംഗമാകുന്നത്. ഞങ്ങള്‍ ചെറുപ്പം മുതല്‍ കാണുന്നത് ഇങ്ങനെയുള്ള വാപ്പയെ ആണെന്നു മകള്‍ പറയുമ്പോള്‍ സ്വന്തം കഴിവനുസരിച്ച് മറ്റുള്ളവരെ സഹായിക്കാന്‍ അഭ്യര്‍ഥിക്കുകയാണ് നൗഷാദ്.
''ഇതാണ് എന്റെ വാപ്പ..നിങ്ങളുടെ നൗഷാദിക്ക.. ഇന്നലെ മുതല്‍ വാപ്പയെ വിളിക്കുവാ ഫോണില്‍ കിട്ടുന്നില്ല. അതുകൊണ്ട് ഇന്നു വീട്ടിലേക്ക് നേരിട്ടെത്തി. ഒറ്റ രാത്രി കൊണ്ട് വാപ്പ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി. എന്നാല്‍ ഞാന്‍ ചെറുപ്പം മുതലേ കാണുന്നതാ. വാപ്പ ഇങ്ങനെ തന്നെയാ.. എല്ലാരെയും സഹായിക്കും. അതുകൊണ്ട് ഇതൊന്നും ഒരു വലിയ കാര്യമായോ പ്രത്യേകതയായോ കാണുന്നില്ല..'നൗഷാദിന്റെ മകള്‍ പറയുന്നു.
''പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ ദയവായി സഹായിക്കണം. കയ്യിലുള്ളത് കൊടുക്കണം. എല്ലാവരോടും കരുണയുള്ളവരായിരിക്കണം, എന്നിങ്ങനെയാണ് നൗഷാദിന്റെ വാക്കുകള്‍.
ഇതിനിടെ അന്തരിച്ച നടന്‍ അബിയെപ്പോലെയാണ് നൗഷാദ് എന്ന് ലൈവിനിടെ ആരോ കമന്റ് ചെയ്തപ്പോള്‍ അബി തന്റെ അമ്മായിയുടെ മോനാണെന്ന് നൗഷാദ് തമാശയായി പറയുന്നുണ്ട്. നൗഷാദിന്റെ ഹെയര്‍സ്റ്റൈലിനെക്കുറിച്ചും ആളുകള്‍ ചോദിച്ചു. അത് ഹിന്ദി സിനിമകള്‍ കാണുന്നതിനാലാണെന്നാണ് മകള്‍ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates