

കൊച്ചി: തമിഴ്‌നാട് അവിനാശിയില്‍ നടന്ന വാഹനാപകടത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ്, മൈസൂരുവിനടുത്ത് ഹുന്‍സൂരില്‍ കല്ലട ബസ് അപകടത്തില്‍പ്പെട്ട് ഒരു യുവതി മരിച്ചത്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാത്രി ഒന്നരയോടെ നടന്ന അപകടത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ് ആ ബസിലെ യാത്രക്കാരിയായിരുന്ന അമൃത.
ഡ്രൈവറുടെ തോന്ന്യവാസവും അമിത വേഗതയും കൊണ്ടാണ് കല്ലട ബസ് അപകടത്തില്‍പ്പെട്ടതെന്ന് അമൃത ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ തുറന്നുപറയുന്നു. കാറിനെ വെട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ അപകടം സംഭവിച്ചതെന്ന വിവരം തെറ്റാണ്. അമിത വേഗതയും പെര്‍മിറ്റില്ലാത്ത റൂട്ടിലേക്ക് വാഹനം തിരിച്ചതുമാണ് അപകടകാരണമെന്ന് അമൃത പറയുന്നു
'അപകടത്തില്‍ തന്റെ തൊട്ടടുത്ത് കിടന്നിരുന്ന മഹാരാഷ്ട്രയില്‍ നിന്നുളള പെണ്‍കുട്ടിയാണ് മരിച്ചത്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബസില്‍ ഞങ്ങള്‍ക്ക് എപ്പോഴും സഹായങ്ങള്‍ ചെയ്തിരുന്ന ക്ലീനര്‍ ഒരു കാലില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഒരു യാത്രക്കാരന്റെ കൈവിരലുകള്‍ അറ്റുപോയി. ഗര്‍ഭിണിക്ക് അരുതാത്തത് സംഭവിച്ചു. എല്ലാം ഡ്രൈവറുടെ തോന്ന്യവാസം കാരണമാണ്. എന്തിനാണ് ബസ് ഈ റോഡിലേക്ക് തിരിച്ചതെന്നാണ് പൊലീസുകാരന്‍ പോലും ചോദിച്ചത്.'
'ബസ് ബംഗളൂരുവില്‍ നിന്ന് യാത്ര പുറപ്പെട്ടത് മുതല്‍ അമിത വേഗതയിലായിരുന്നു. ഫാമിലികളും ഗര്‍ഭിണിയായിട്ടുളളവരും യാത്ര ചെയ്യുന്നുണ്ട് എന്ന് പറഞ്ഞിട്ടും വേഗത കുറയ്ക്കാന്‍ തയ്യാറായില്ല.നിങ്ങള്‍ അതിനെ കുറിച്ച് ഒന്നും ആലോചിക്കേണ്ടതില്ല എന്നാണ് ഡ്രൈവര്‍ പറഞ്ഞത്. സ്ലീപ്പര്‍ കോച്ചായിരുന്നെങ്കിലും അമിതവേഗത കാരണം കിടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ഇളകുകയായിരുന്നു.'
'ബസ് ഹുന്‍സൂരില്‍നിന്ന് മറ്റൊരു റോഡിലൂടെ തിരിച്ചുവിട്ടിരുന്നു. വഴി സംശയമായപ്പോള്‍ അമിതവേഗത്തില്‍ പെട്ടെന്ന് തിരിച്ചതാണ് അപകടത്തിന് കാരണം. ഞങ്ങളെല്ലാം തലകുത്തിമറിഞ്ഞു. എനിക്ക് തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റു. എന്റെ കഴുത്തിലേക്ക് മുകളിലുള്ളവര്‍ വീണു. മരിച്ച പെണ്‍കുട്ടിയും തൊട്ടടുത്താണ് വന്നുവീണത്. ആ പെണ്‍കുട്ടിയുടെ ദേഹത്തും പലതും വന്നുവീണിരുന്നു. ഉള്ളില്‍ മുറിവുണ്ടായാണ് മരണം സംഭവിച്ചത്.'
'അപകടത്തില്‍ പരിക്കേറ്റതിനാല്‍ ആശുപത്രിയില്‍ എത്തിയതിന് ശേഷമുള്ള പലതും ഓര്‍മ്മയില്ല. ഞങ്ങള്‍ക്ക് നാട്ടിലെത്താനായി കല്ലട മറ്റൊരു ബസ് അയച്ചിരുന്നു. എന്നാല്‍ അതില്‍ കയറാന്‍ ധൈര്യമുണ്ടായിരുന്നില്ല. പക്ഷേ, നാട്ടിലേക്കെത്താന്‍ വേറെ വഴിയില്ലാത്തതിനാല്‍ ആ ബസില്‍ കയറി. രാവിലെയാണ് ആ ബസ് അവിടെനിന്ന് പുറപ്പെട്ടത്.'
'അപകടം അഭിമുഖീകരിച്ചവരെയും അതിജീവിച്ചവരെയും നാട്ടില്‍ എത്തിക്കാന്‍ കല്ലട ബസ് തന്നെ ഏര്‍പ്പാട് ചെയ്തിരുന്ന ബസാണ് രണ്ടാമത് വന്നത്. ആ വയനാട് ചുരത്തിലൊക്കെ രണ്ടാമത്തെ ബസിന്റെ വേഗത കണ്ടാല്‍ ഞങ്ങള്‍ ജീവനോടെ വീട്ടില്‍ എത്തിയത് അത്ഭുതമായിട്ടാണ് തോന്നുന്നത്. ഇത്തരത്തിലുളള ഒരു അപകടം നടന്നിട്ടും ഇതൊന്നും തങ്ങളെ ബാധിക്കില്ല എന്ന മനോഭാവത്തോടെയാണ് ഡ്രൈവര്‍ വാഹനം ഓടിച്ചത്.'- അമൃത ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറയുന്നു.നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടും കേരള പൊലീസിനോടും അമൃത അഭ്യര്‍ത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates