

കൊച്ചി: അനുജിത്തിന്റെ അന്ത്യാഭിലാഷം സാധിക്കുന്നതിനാണ് അവയവങ്ങള്‍ ദാനം ചെയ്യുന്നതെന്ന് ഭാര്യ പ്രിന്‍സി. ഈ ലോകത്ത് ഇല്ലെങ്കിലും ഞാനായിട്ട് ആരെങ്കിലും ജീവിക്കുകയാണെങ്കില്‍ ജീവിക്കട്ടെ എന്ന് പലപ്രാവശ്യം അദ്ദേഹം പറഞ്ഞിരുന്നതായും ഭാര്യ പറയുന്നു. ഇരുവരും ഒരുമിച്ചാണ് നേരത്തെ മൃതസഞ്ജീവനി പദ്ധതിയില്‍ അവയവ ദാനത്തിന് സമ്മതപത്രം ഒപ്പിട്ടു നല്‍കുന്നത്. 'ഒപ്പിട്ടു നല്‍കുമ്പോഴും അദ്ദേഹം അത് പറഞ്ഞു. മരിക്കുന്നതിനു മുമ്പ് ഒരുപാട് പുണ്യപ്രവര്‍ത്തികള്‍ ചെയ്യുമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ് മാതൃക, രക്തദാനത്തിനും രോഗികളെ സഹായിക്കാനും എപ്പോഴും പോകുമായിരുന്നു. അദ്ദേഹത്തിന്റെ കൂട്ടുകാരും ഇതിനു വേണ്ടി മുന്നിട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രിന്‍സി പറഞ്ഞു.
തിരുവനന്തപുരത്ത് ഒരു കോളജ് ബസില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു കൊട്ടാരക്കര എഴുകോണ്‍ സ്വദേശി അനുജിത്ത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ജോലി. അതിനിടെയാണ് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. മുന്നിലെത്തിയെ ആളെ രക്ഷിക്കാന്‍ വണ്ടിവെട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് മരണത്തിന് ഇടയാക്കിയത്. കഴിഞ്ഞ 14നായിരുന്നു അപകടം. അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഭര്‍ത്താവിന്റെ വിയോഗ വേദനയ്ക്കിടയിലും അവയവങ്ങള്‍ ദാനം ചെയ്യാനുള്ള തീരുമാനം അനുജിത്തിന്റെ ഭാര്യയുടേതായിരുന്നെന്ന് സുഹൃത്തുക്കളും പറയുന്നു. അവന്റെ പേരില്‍ ചെയ്യാവുന്നത് പരമാവധി ചെയ്യാനായിരുന്നു ഞങ്ങള്‍ കൂട്ടുകാരുടെയും തീരുമാനമെന്ന് അനുജിത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു
ഒരു കഡാവറില്‍ നിന്ന് എടുക്കാവുന്ന ആറ് അവയവങ്ങളും അനുജിത്തില്‍ നിന്ന് എടുക്കുന്നുണ്ട്. ഹൃദയം, കരള്‍, നേത്ര പടലങ്ങള്‍, വൃക്കകള്‍, രണ്ടു കൈകള്‍ എന്നിവയാണിത്. ഇതില്‍ ഹൃദയവും കരളും എറണാകുളത്ത് ചികിത്സയിലുള്ളവര്‍ക്കാണ് നല്‍കുന്നത്.
എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിനാണ് അനുജിത്തിന്റെ ഹൃദയം വച്ചു പിടിപ്പിക്കുന്നത്. ഹൃദ്രോഗിയായ സണ്ണിക്ക് എട്ടു മാസം മുമ്പാണ് രോഗം ഗുരുതരമാകുന്നത്. ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റ് വഴികള്‍ ഒന്നും ഇല്ലെന്ന് വന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതുവരെയും അനുയോജ്യമായ ഹൃദയം ലഭിച്ചില്ല. ഇന്നാണ് തിരുവനന്തപുരം ലിസി ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം ലഭ്യമാണെന്ന് അറിയുന്നത്. ഇതോടെയാണ് ശ്‌സ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates