ആലപ്പുഴ: വിവാഹ വാഗ്ദാനത്തില്‍ നിന്ന് കാമുകന്‍ പിന്‍മാറിയതില്‍ മനംനൊന്ത് ആലപ്പുഴയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി അര്‍ച്ചനയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. ബിഎസ്‌സി നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ അര്‍ച്ചന, ശനിയാഴ്ച വൈകുന്നേരമാണ് വീട്ടിലെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തത്.
'എല്ലാവരും എന്നോട് ക്ഷമിക്കണം, എനിക്ക് അച്ഛന്റെ ആഗ്രഹം നിറവേറ്റാന്‍ പറ്റിയില്ല' എന്ന് തുടങ്ങുന്നതാണ് കുറിപ്പ്. സഹോദരിയോട് നന്നായി പഠിക്കണമെന്നും ജോലി വാങ്ങി അച്ഛനെയും അമ്മയെയും നോക്കണമെന്നും അര്‍ച്ചന പറയുന്നു.
'എല്ലാവരും അണ്ണനെ മറക്കാന്‍ പറയുന്നു, പക്ഷേ, എനിക്ക് പറ്റുന്നില്ല. ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരുപോലെയാ, അണ്ണനും നന്നായി ജീവിക്ക്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റൂ. അവര്‍ക്ക് കൊടുത്ത വാക്ക് പാലിക്ക്. ഞാന്‍ മരിച്ചാലും നിങ്ങള്‍ക്ക് കുഴപ്പമില്ലെന്നറിയാം. അണ്ണന്‍ ഒന്ന് മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. നിങ്ങള്‍ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആആഗ്രഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു'. അര്‍ച്ചനയുടെ വരികള്‍ ഇതാണ്.
യുവാവിന്റെ വീട്ടില്‍ മറ്റൊരു പെണ്‍കുട്ടിയുമായുള്ള വിവാഹനിശ്ചയ ചടങ്ങ് നടക്കുന്ന സമയത്തായിരുന്നു യുവതി വാട്സാപ്പില്‍ മരിക്കുകയാണെന്ന സന്ദേശം അയച്ചശേഷം ആത്മഹത്യ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ഏഴു വര്‍ഷം പ്രണയിച്ച ശേഷമാണ് സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് യുവാവ് വിവാഹത്തില്‍ നിന്നും പിന്‍മാറിയതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. ഇതേത്തുടര്‍ന്ന് യുവതിയുടെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അര്‍ച്ചന സ്‌കൂളിനു സമീപത്തു താമസിച്ചിരുന്ന യുവാവുമായി പ്രണയത്തിലാകുന്നത്. പെണ്‍കുട്ടി പ്ലസ്ടു കഴിഞ്ഞപ്പോള്‍ യുവാവ് വിവാഹ അഭ്യര്‍ഥനയുമായി ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിപ്പിക്കാനാകില്ലെന്നും പെണ്‍കുട്ടിയെ പഠിപ്പിക്കണമെന്നും പറഞ്ഞു പിതാവ് മടക്കി അയച്ചു. ബിഎസ്സി നഴ്സിങ് പഠിക്കുമ്പോഴും പ്രണയം തുടര്‍ന്നു. ഇതിനിടെ വിദേശത്തു പോയ യുവാവ് സാമ്പത്തികമായി ഉയര്‍ച്ച നേടി. ഇതോടെ പെണ്‍കുട്ടിയെ ഒഴിവാക്കാനായി ശ്രമമെന്നും കുടുംബം ആരോപിച്ചു.
പെണ്‍കുട്ടി വിവാഹക്കാര്യം പറഞ്ഞപ്പോള്‍ സ്ത്രീധനം എത്ര നല്‍കുമെന്ന് യുവാവ് ചോദിച്ചു. 30 പവന്‍ സ്വര്‍ണം നല്‍കാമെന്ന് അറിയിച്ചു. കൂലിപ്പണിക്കാരനായ പിതാവിന് അധികം പണം നല്‍കി വിവാഹം കഴിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ യുവാവ് വിവാഹത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. യുവാവിന്റെ സഹോദരിക്ക് 101 പവന്‍ സ്വര്‍ണവും കാറും കൊടുത്താണ് വിവാഹം കഴിപ്പിച്ചത്. അത്ര തന്നെ തനിക്കും വേണമെന്നും അല്ലെങ്കില്‍ വേറെ വിവാഹം കഴിക്കുമെന്നും യുവാവ് അറിയിച്ചു. ഇതോടെ പെണ്‍കുട്ടി നിരാശയിലാകുകയായിരുന്നു.
ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവാഹം നടത്തുന്നതിന് തീരുമാനിച്ച കാര്യം പെണ്‍കുട്ടി അറിഞ്ഞു. തുടര്‍ന്ന്
താന്‍ മരിക്കാന്‍ പോകുന്നതായി വെള്ളിയാഴ്ച യുവാവിനു പെണ്‍കുട്ടി വാട്സാപ്പില്‍ സന്ദേശം അയച്ചു. സന്ദേശം യുവാവ് കണ്ടെന്ന് ഉറപ്പു വരുത്തി മെസേജ് ഡലീറ്റ് ചെയ്തു. തുടര്‍ന്ന് ഒതളങ്ങ എന്ന വിഷക്കായ കഴിച്ചു. ഇതിനിടെ യുവാവ് തന്റെ സുഹൃത്തുക്കളില്‍ ഒരാളെ വിവരം അറിയിച്ചു സ്ഥലത്തെത്തിയപ്പോഴേയ്ക്ക് പെണ്‍കുട്ടി അവശ നിലയിലായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പെണ്‍കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
