

തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്ന നടപടികള്‍ സംസ്ഥാനത്തില്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിറക്കിയ സംസ്ഥാന സര്‍ക്കാര്‍ നപടി സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത്ഷായുടെ വിഭജനരാഷ്ട്രീയത്തിന് ചൂട്ടുപിടിക്കുന്ന എന്‍പിആര്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് നന്നായെന്ന് അദ്ദേഹം പറഞ്ഞു.
പൗരത്വ രജിസ്റ്ററിനു വഴിയൊരുക്കുന്ന എന്‍ പി ആര്‍ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് പിണറായി സര്‍ക്കാരിന് ഇന്ന് രാവിലെ ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.അമിത്ഷായുടെ വിഭജനരാഷ്ട്രീയത്തിന് ചൂട്ടുപിടിക്കുന്ന എന്‍ പി ആര്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് നന്നായി.രാജ്യം ഒറ്റക്കെട്ടായി പൗരത്വ ഭേദഗതി നിയമത്തിനു എതിരെ തെരുവിലിറങ്ങിയപ്പോള്‍ ജനവികാരം കണക്കിലെടുക്കാതെയുള്ള തെറ്റായ നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്‍ പി ആര്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചത് സ്വാഗതാര്‍ഹമാണ്.- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് എന്‍പിആര്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിറക്കിയത്. ആശങ്കകള്‍ ഉള്ളതിനാലാണ് നിര്‍ത്തിവയ്ക്കുന്നത് എന്നാണ് വിശദീകരണം. സെന്‍സസ് ഓപ്പറേഷന്‍ ഡയറക്ടറെ സര്‍ക്കാര്‍ നിലപാട് അറിയിച്ചു. പൗരത്വ രജിസ്ട്രിയുടെ ഭാഗമായാണ് നടപടിയെന്ന വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തിലാണ് നടപടി.
'പത്തു വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന കനേഷുമാരി (സെന്‍സസ്)ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ എക്കാലത്തും നല്‍കിവന്നിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് അനിവാര്യമായ ഒരു സ്ഥിതിവിവരക്കണക്കായതിനാല്‍ നിലവിലുള്ള രീതിയില്‍ സെന്‍സസിനോടുള്ള സഹകരണം തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
എന്നാല്‍, 2019 ലെ പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ കൂടി കണക്കിലെടുത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) തയ്യാറാക്കുന്നതിന് സഹായകമായവിധം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കുന്നതിനുള്ള നടപടികളുമായി യാതൊരു കാരണവശാലും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല. ഭരണഘടനാ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനാലും പരമോന്നത നീതിപീഠത്തിന്റെ പരിഗണനയില്‍ ആയതിനാലും ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.' എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates