ടോംജോസ്, ഹേമചന്ദ്രന്‍, ജേക്കബ് തോമസ് ; സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഇന്നു വിരമിക്കുന്നത് 10,919 പേര്‍

ടോംജോസ്, ഹേമചന്ദ്രന്‍, ജേക്കബ് തോമസ് ; സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഇന്നു വിരമിക്കുന്നത് 10,919 പേര്‍

സംസ്ഥാന ചീഫ് സെക്രട്ടറിയും രണ്ട് ഡിജിപിമാരും അടക്കം സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് ഇന്നു വിരമിക്കുന്നത് 10,919 പേര്‍
Published on

തിരുവനന്തപുരം  :  സംസ്ഥാന ചീഫ് സെക്രട്ടറിയും രണ്ട് ഡിജിപിമാരും അടക്കം സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് ഇന്നു വിരമിക്കുന്നത് 10,919 പേര്‍. 94 വകുപ്പുകളിലായാണ് ഇത്രയും പേര്‍ കൂട്ടത്തോടെ പടിയിറങ്ങുന്നത്. സെക്രട്ടേറിയറ്റില്‍ നിന്നും നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നുമായി 122 പേര്‍ ഇന്നു വിരമിക്കും. പൊതുഭരണ വകുപ്പ് 84, ധനവകുപ്പ് 11, നിയമവകുപ്പ് 9, നിയമസഭ 18 എന്നിങ്ങനെയാണ് വിരമിക്കുന്നവരുടെ എണ്ണം.

സംസ്ഥാന ചീഫ് സെക്രട്ടറിയായ ടോം ജോസ് ആണ് ഇന്ന് വിരമിക്കുന്നവരില്‍ പ്രമുഖന്‍. ഇദ്ദേഹത്തെ കൂടാതെ ഡിജിപിയും മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനുമായ ജേക്കബ് തോമസ്, ഡിജിപിയും ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറലുമായ എ.ഹേമചന്ദ്രന്‍ എന്നിവരും ഇന്ന് പടിയിറങ്ങുന്നു. 11 ഐപിഎസുകാര്‍ ഉള്‍പ്പെടെ 18 മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാര്‍ ഇന്നു വിരമിക്കുന്നവരില്‍ ഉള്‍പ്പെടുന്നു.

പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ എ വിജയന്‍, തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ പി വിജയകുമാരന്‍, അഡീഷനല്‍ എക്‌സൈസ് കമ്മിഷണര്‍ സാം ക്രിസ്റ്റി ഡാനിയേല്‍, കണ്‍സ്യൂമര്‍ ഫെഡ് എംഡി വി എം മുഹമ്മദ് റഫീക്ക്, സ്‌പെഷല്‍ ബ്രാഞ്ച് എസ്പിമാരായ കെ.എം ആന്റണി, ജെ.സുകുമാര പിള്ള, ഭീകരവിരുദ്ധ സേന എസ്പി കെ ബി വേണുഗോപാല്‍, എസ്എപി കമന്‍ഡാന്റ് കെ എസ് വിമല്‍, ആലപ്പുഴ എസ്പി ജയിംസ് ജോസഫ് എന്നീ ഐപിഎസ് ഓഫിസര്‍മാരാണ് ഇന്ന് പടിയിറങ്ങുന്നത്.

ക്രൈംബ്രാഞ്ച് എസ്പി എന്‍. അബ്ദുല്‍ റഷീദ്, കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ബി.രവി, പൊലീസ് അക്കാദമി അസി. ഡയറക്ടര്‍ റെജി ജേക്കബ്, മനുഷ്യാവകാശ കമ്മിഷന്‍ എസ്പി വി.എം.സന്ദീപ്, കെഎസ്ഇബി വിജിലന്‍സ് ഓഫിസര്‍ ആര്‍. സുനീഷ് കുമാര്‍, റാപ്പിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് കമന്‍ഡാന്റ് യു.ഷറഫലി, തിരുവനന്തപുരം സിറ്റി എആര്‍ കമന്‍ഡാന്റ് പി.ബി.സുരേഷ് കുമാര്‍, പൊലീസ് ആസ്ഥാനത്തെ മാനേജര്‍ എസ്. രാജു എന്നിവരും ഇന്നു വിരമിക്കും.

കെഎസ്ഇബിയില്‍ രണ്ടു ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 718 പേര്‍ ഇന്നു വിരമിക്കും. ഇത്രയും പേര്‍ ഒറ്റദിവസം വിരമിക്കുന്നത് ആദ്യമാണ്.  ഡയറക്ടര്‍മാരായ എന്‍ വേണുഗോപാല്‍ (ട്രാന്‍സ്മിഷന്‍), വി ബ്രിജ്‌ലാല്‍ (ജനറേഷന്‍ ഇലക്ട്രിക്കല്‍), ചീഫ് സേഫ്റ്റി കമ്മിഷണര്‍ ഉഷ വര്‍ഗീസ് തുടങ്ങിയവരാണ് വിരമിക്കുന്നത്. തിരുവനന്തപുരം വൈദ്യുതി ഭവനില്‍ മാത്രം 49 പേര്‍ വിരമിക്കുന്നു. കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും 2757 പേരും മാര്‍ച്ചില്‍ 5327 പേരും വിരമിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com