

കൊച്ചി: ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാതെ കറങ്ങി നടക്കുന്ന വാഹനങ്ങൾക്ക് ഇനി എവിടെ വെച്ചും പിടിവീഴാം. പിഴവീണ് ഏഴ് ദിവസത്തിനകം തുക അടച്ചില്ലെങ്കിൽ ജനുവരി മുതൽ രാജ്യത്തെവിടെയും പിടികൂടും.
പിഴയടയ്ക്കാതെ നിരത്തിലിറക്കുന്ന വാഹനങ്ങൾ പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും ഇന്റർസെപ്റ്റർ വാഹനത്തിന്റെ 10 മീറ്റർ പരിധിയിലെത്തുമ്പോൾ ഉദ്യോഗസ്ഥർക്കു വിവരം ലഭിക്കും. ഇങ്ങനെ പിടിയിലാകുന്നവർ ഇ–ചലാൻ വഴി ഓൺലൈനിൽ പിഴ അടച്ചാൽ മാത്രമേ യാത്ര തുടരാൻ അനുവദിക്കുകയൊള്ളു.
ഫാസ്ടാഗ്, ജിപിഎസ്, കേന്ദ്ര സർക്കാരിന്റെ ‘വാഹൻ സാരഥി’ സോഫ്റ്റ് വെയർ എന്നിവയുടെ സഹായത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുക. ഇ ചലാൻ നടപടിക്രമങ്ങളും ‘വാഹൻ സാരഥി’യിൽ വാഹന വിവരങ്ങൾ ചേർക്കുന്നതും ഈ മാസം പൂർത്തിയാക്കും. പിഴവീഴുമ്പോഴും അടയ്ക്കുമ്പോഴും സോഫ്റ്റ്‍വെയറിൽ അപ്ഡേറ്റ് ആകുന്ന തരത്തിലാണ് ഇത് ചിട്ടപ്പെടുത്തുന്നത്.
ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പരിശോധനയ്ക്കിടെ നേരിട്ടും ഓഫിസോ കോടതിയോ മുഖേനയും അടയ്ക്കുന്ന രീതി ഒഴിവാക്കി പിഴ അപ്പോൾതന്നെ ഓൺലൈനിൽ അടയ്ക്കാനുള്ള സംവിധാനമാണ് അവതരിപ്പിക്കുന്നത്. പിഴയിൽ പരാതിയുള്ളവർ 7 ദിവസത്തിനകം കോടതിയിൽ കേസ് ഫയൽ ചെയ്യണം. ഡൽഹി, മുംബൈ, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ ഇത് നടപ്പാക്കികഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates