ഡിവൈഡറിന്റെ വശത്ത് 60 മീറ്ററോളം ദൂരത്തില്‍ ടയര്‍ ഉരഞ്ഞതിന്റെ പാട്, ടയര്‍ ഡ്രമ്മില്‍നിന്ന് ഊരിപ്പോയി ; അപകടകാരണം ലോറിയുടെ സാങ്കേതിക തകരാറല്ല ?

രജിസ്റ്റര്‍ ചെയ്തിട്ട് ആറ് മാസം മാത്രമായ വാഹനത്തിന്റെ ടയറുകള്‍ക്ക് മറ്റു കുഴപ്പമുണ്ടാകാന്‍ സാധ്യതയില്ല
ഡിവൈഡറിന്റെ വശത്ത് 60 മീറ്ററോളം ദൂരത്തില്‍ ടയര്‍ ഉരഞ്ഞതിന്റെ പാട്, ടയര്‍ ഡ്രമ്മില്‍നിന്ന് ഊരിപ്പോയി ; അപകടകാരണം ലോറിയുടെ സാങ്കേതിക തകരാറല്ല ?
Updated on
1 min read

തിരുപ്പൂര്‍ : തമിഴ്‌നാട്ടിലെ അവിനാശിയില്‍ 19 പേരുടെ മരണത്തിന് കാരണമായ വാഹനാപകടം ലോറിയുടെ സാങ്കേതിക തകരാര്‍ മൂലമല്ലെന്ന് കണ്ടെത്തിയതായി സൂചന.  ലോറി ഡ്രൈവര്‍ ഉറങ്ങിയതോ അമിത വേഗത്തില്‍ ദേശീയപാതയിലെ വളവ് അശ്രദ്ധമായി തിരിച്ചതോ ആണ് വാഹനം നിയന്ത്രണം വിട്ട് ഡിവൈഡര്‍ മറികടക്കാനുള്ള കാരണം. അപകടകാരണത്തെക്കുറിച്ച് അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പി ശിവകുമാര്‍ ഈ നിഗമനത്തിലെത്തിയതായാണ് സൂചന. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് കൈമാറിയേക്കും.

ലോറി സഞ്ചരിച്ചിരുന്ന ട്രാക്കിലെ ഡിവൈഡറിന്റെ വശത്ത് 60 മീറ്ററോളം ദൂരത്തില്‍ ടയര്‍ ഉരഞ്ഞതിന്റെ പാട് ഉണ്ട്. വേഗത്തില്‍ സഞ്ചരിക്കുന്ന ഭാരംകയറ്റിയ ലോറിയുടെ ടയര്‍ ഇത്തരത്തില്‍ ഉരഞ്ഞപ്പോള്‍ ശക്തമായി ചൂടാകുകയും ഒരു ടയര്‍ ഡ്രമ്മില്‍നിന്ന് ഊരിപ്പോവുകയുമാണ് ചെയ്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തിട്ട് ആറ് മാസം മാത്രമായ വാഹനത്തിന്റെ ടയറുകള്‍ക്ക് മറ്റു കുഴപ്പമുണ്ടാകാന്‍ സാധ്യതയില്ല.

ഡ്രം നിലത്ത് ഉരഞ്ഞ് ഡിവൈഡറിലൂടെ സഞ്ചരിച്ചപ്പോള്‍ മറ്റ് ടയറുകള്‍ പൊട്ടി ലോറി ചെരിയുകയും ആ ആഘാതത്തില്‍ പ്ലാറ്റ്‌ഫോമിലെ ലോക്ക് പൊട്ടി കണ്ടെയ്‌നര്‍ ബോക്‌സ് എതിര്‍ വശത്തുനിന്നു വന്ന ബസിലേക്ക് ഇടിച്ചുകയറുകയും ചെയ്തതാകാനാണ് സാധ്യതയെന്നുമാണ് ആര്‍ടിഒ സൂചിപ്പിക്കുന്നത്.

അപകടം നടന്നയുടന്‍ ലോറിയില്‍നിന്ന് ഇറങ്ങി ഓടിയ ഡ്രൈവര്‍ ഹേമരാജ് പൊലീസില്‍ കീഴടങ്ങുന്നതിനു മുന്‍പ് ബന്ധുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.  'ലോറി അപകടത്തില്‍പ്പെട്ടു, കുറച്ചുപേര്‍ക്കു പരുക്കുണ്ടെന്നാണ് കരുതിയത്. പക്ഷേ, ഒട്ടേറെ പേര്‍ മരിച്ചതായി കേള്‍ക്കുന്നു. അതിനാല്‍ പൊലീസില്‍ കീഴടങ്ങുകയാണ്' എന്ന് അറിയിച്ചിരുന്നതായും പറയപ്പെടുന്നു.

അവിനാശി അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ലോറി ഡ്രൈവര്‍ക്കാണെന്ന് മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. മെക്കാനിക്കല്‍ പ്രശ്‌നമാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ടയര്‍ പൊട്ടിയതല്ല അപകടകാരണമെന്ന് വ്യക്തമായിട്ടുണ്ട്. അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തില്‍ റോഡ് സുരക്ഷാ അതോറിട്ടി 25 ന് യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com