

കൊച്ചി: പൊളിച്ചിട്ട കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജോ ബ്രിങ്ക്മാനും
ഭാര്യയും പോകുന്നത് താജ്മഹല്‍ കാണാനാണ്. എഡിഫസ് എഞ്ചിനീയറിങ്ങിന്റെ വിദേശ പങ്കാളി ജെറ്റ് ഡിമോളിഷന്റെ സൗത്ത് ആഫ്രിക്കരനായ എംഡിക്ക് ഇന്ത്യയിലെത്തിയപ്പോള്‍ മുതലുള്ള ആഗ്രഹമാണ് മഹത്തായ പ്രണയകുടീരം കാണണമെന്ന്. സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ മരടിലെ നാല് അനധികൃത ഫ്‌ലാറ്റുകള്‍ പൊളിച്ചിട്ട സന്തോഷത്തില്‍ ജോയ്ക്കും ഭാര്യക്കും ഇനി താജ്മഹല്‍ കാണാന്‍ പറക്കാം. 
സ്‌ഫോടനം നടത്താനായി നിശ്ചയിച്ച ദിവസത്തിനും 2 ദിവസം മുന്‍പു തന്നെ എല്ലാ പ്രവര്‍ത്തനങ്ങളും എഡിഫസ്- ജെറ്റ് ഡിമോളിഷന്‍ ടീം പൂര്‍ത്തിയാക്കിയിരുന്നു. എച്ച്ടുഒ ഹോളിഫെയിത്തിലെ ആദ്യ സ്‌ഫോടനവും ഗോള്‍ഡണ്‍ കായലോരത്തെ ആദ്യ സ്‌ഫോടനവും അല്‍പം വൈകിയത് സുരക്ഷാ കാരണങ്ങള്‍ വിലയിരുത്താന്‍ കുറച്ചധികം സമയമെടുത്തതുകൊണ്ട് മാത്രം. ബാക്കിയെല്ലാം കൃത്യമായി നടപ്പാക്കി.
'28 വര്‍ഷമായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നു. പലതരത്തിലുള്ള നൂറു കണക്കിനു കെട്ടിടങ്ങള്‍ തകര്‍ത്തിട്ടുണ്ട്. എല്ലാ കെട്ടിടങ്ങളും ഓരോതരത്തില്‍ വെല്ലുവിളിയാണ്. പൂര്‍ണ സുരക്ഷിതമായി കെട്ടിടങ്ങള്‍ വീഴ്ത്തുന്നതിനാണ് എപ്പോഴും മുന്‍ഗണന'.- കെട്ടിടം പൊളിച്ചടുക്കുന്നതിലെ കഴിവിനെ കുറിച്ച് ജോയുടെ വാക്കുകള്‍ ഇങ്ങനെ.
ജെറ്റ് ഡിമോളിഷന്‍ സേഫ്റ്റി ഓഫിസര്‍ മാര്‍ട്ടിനസ് ബോച്ച, സീനിയര്‍ സൈറ്റ് മാനേജര്‍ കെവിന്‍ സ്മിത്, എഡിഫസ് എന്‍ജിനീയറിങ് പാര്‍ട്‌നര്‍ ഉത്കര്‍ഷ് മേത്ത, സീനിയര്‍ പ്രോജക്ട് മാനേജര്‍ മയൂര്‍ മേത്ത തുടങ്ങിയവരും അതിസൂക്ഷ്മമായി ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ക്ക് വേണ്ടി പ്രയത്‌നിച്ചു.
'ആ ഫ്‌ലാറ്റുകളില്‍ താമസിച്ചിരുന്ന ഓരോരുത്തരുടെയും വിഷമം മനസ്സിലാക്കുന്നുണ്ട്. പക്ഷേ, ഇതു ഞങ്ങളുടെ ജോലിയാണ്. അതു മികച്ച രീതിയില്‍ ചെയ്യാനായതില്‍ സംതൃപ്തിയുണ്ട്. ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. നാലു മീറ്റര്‍ മാത്രമായിരുന്നു അങ്കണവാടിയുമായുള്ള അകലം. അവിടേക്ക് കെട്ടിടം വീഴാതിരിക്കാനായി പ്രത്യേക രീതിയിലാണു സ്‌ഫോടനം ആസൂത്രണം ചെയ്തത്. ഏറ്റവും മികച്ച രീതിയില്‍ വീണത് ജെയിന്‍ കോറല്‍ കോവ് ആയിരുന്നു'.- ഉത്കര്‍ഷ് മേത്ത പറയുന്നു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
