തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ അവസാനം നടത്താൻ സാധ്യത. ഒക്‌ടോബർ അവസാനം വിജ്ഞാപനം പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. അന്തിമ വോട്ടർപട്ടിക കഴിഞ്ഞയാഴ്‌ച പ്രസിദ്ധീകരിച്ചു. സംവരണ വാർഡുകളുടെ നറുക്കെടുപ്പും പൂർത്തിയായി. തദ്ദേശഭരണസമിതി അധ്യക്ഷസ്ഥാനങ്ങളുടെ സംവരണവും രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നിശ്ചയിക്കും.
ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ തിരുവനന്തപുരം, കൊല്ലം കോർപറേഷനുകളിലെ നറുക്കെടുപ്പ് അടുത്തയാഴ്‌ചത്തേക്ക് മാറ്റി. വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു. ഹൈദരാബാദിലെ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയുടെ എൻജിനിയർമാരാണ് യന്ത്രങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നത്. 12,000 യന്ത്രമുള്ള എറണാകുളത്ത് ആദ്യഘട്ട പരിശോധന ഇന്ന് ആരംഭിക്കും.
നവംബർ 11നാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപന ഭരണസമിതികളുടെ കാലാവധി അവസാനിക്കുന്നത്. കാലാവധി അവസാനിച്ചാൽ കുറച്ചുനാളത്തേക്ക് ഉദ്യോഗസ്ഥഭരണമാകും ഉണ്ടാകുക. ഇത് അധികദിവസം നീളില്ലെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ നൽകുന്ന സൂചന.ഒക്‌ടോബറിൽ രണ്ടുഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ലക്ഷ്യമിട്ടത്. എന്നാൽ കോവിഡ് രൂക്ഷമായതിനാൽ സർവകക്ഷിയോഗം നിർദേശിച്ച പ്രകാരം തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates