തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല; വോട്ടെടുപ്പ് രണ്ട് ഘട്ടമായി; പ്രചാരണങ്ങള്‍ക്ക് കര്‍ശനനിയന്ത്രണം

ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ തെരഞ്ഞെടുപ്പ് നടത്താനാണ് ശ്രമമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണര്‍ വി ഭാസ്‌കരന്‍
തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല; വോട്ടെടുപ്പ് രണ്ട് ഘട്ടമായി; പ്രചാരണങ്ങള്‍ക്ക് കര്‍ശനനിയന്ത്രണം
Updated on
1 min read

തിരുവനന്തപുരം:  തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ തെരഞ്ഞെടുപ്പ് നടത്താനാണ് ശ്രമമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.  കോവിഡ് കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പെന്ന നിലയില്‍ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന് കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പെരുമാറ്റച്ചട്ടവും മറ്റു ക്രമീകരണങ്ങളും തയാറാക്കുക. 

ഏഴു ജില്ലകളില്‍ വീതം രണ്ടു ഘട്ടമായി വോട്ടെടുപ്പു നടത്തും. വോട്ടിങ് സമയം ഒരു മണിക്കൂര്‍ നീട്ടും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാകും വോട്ടിങ്. മുന്‍പ് ഇത് വൈകിട്ട് അഞ്ചു വരെയായിരുന്നു. കര്‍ശനനിയന്ത്രണങ്ങളോടെയാകം പ്രചാരണങ്ങള്‍. പൊതുസമ്മേളനങ്ങള്‍ക്ക് പകരം മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും നടത്തുന്ന പ്രചാരണത്തിനാകും മുന്‍തൂക്കം. രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന ചെറു സംഘങ്ങളായി വീടുകളിലെത്തി പ്രചാരണം നടത്താം.
 
ഡ്യൂട്ടിക്ക് നിയോഗിക്കുന്ന 1.5 ലക്ഷം ജീവനക്കാര്‍ക്ക് മാസ്‌ക്കും കൈയുറകളും നല്‍കും. സാമൂഹിക അകലം പാലിച്ചാകും ബൂത്തിലെ ക്രമീകരണങ്ങള്‍. രാഷ്ട്രീയ പ്രതിനിധികളുടെ ഇരിപ്പിടങ്ങളും ഇങ്ങനെ ആയിരിക്കും. എല്ലാ ബൂത്തിലും ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സാനിറ്റൈസറുണ്ടാകും. വോട്ട് ചെയ്യാന്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കാനുള്ള സ്ഥലങ്ങള്‍ രേഖപ്പെടുത്തും.

75 കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ / പ്രോക്‌സി വോട്ടുകളും പരിഗണിക്കുന്നുണ്ട്. കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അല്ലെങ്കില്‍ പ്രോക്‌സി വോട്ട് (വീട്ടിലെ മറ്റൊരാള്‍ക്ക് വോട്ടിടാം) ചെയ്യാന്‍ അനുമതി നല്‍കും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശ ലഭിക്കുന്ന മുറയ്ക്ക് പഞ്ചായത്ത്  മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യും. താല്‍കാലിക ക്രമീകരണമായതിനാല്‍ ഇതിനായി ഓര്‍ഡിനന്‍സ് മതിയാകും. 65 വയസ് കഴിഞ്ഞവര്‍ക്കു പോസ്റ്റല്‍ / പ്രോക്‌സി വോട്ട് അനുവദിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ 75 കഴിഞ്ഞവര്‍ക്ക് ഈ സൗകര്യം അനുവദിക്കാനാണു സാധ്യത. 65 കഴിഞ്ഞവര്‍ക്കു വോട്ടു ചെയ്യാന്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന വിലയിരുത്തലിലാണിത്.


തദ്ദേശ തെരഞ്ഞെടുപ്പിന്റെ പുതുക്കിയ വോട്ടര്‍ പട്ടിക ഓഗസ്റ്റ് രണ്ടാം വാരം പുറത്തിറക്കും. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ മരിച്ചവരുടെയും സ്ഥലം മാറിപ്പോയവരുടെയും പേരുകള്‍ നീക്കാത്തതില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇവ നീക്കുന്ന നടപടികള്‍ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരായ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ നടത്തി വരികയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും തെരഞ്ഞെടുപ്പ്. പുതിയ ക്രമീകരണങ്ങള്‍ സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com