കാസര്‍കോട്: ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചു വരാന്‍ സാഹചര്യമൊരുങ്ങിയതോടെ ചെക്ക് പോസ്റ്റുകളില്‍ ഇവരെ സ്വീകരിക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ ആരംഭിച്ചു. ദേശീയപാതയായ 66,47,48 എന്നിവയിലൂടെ കാസര്‍കോട് വഴി ഇതരസംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ മടങ്ങി വരാനുള്ള സാധ്യത കണക്കിലെടുത്ത് കാസര്‍കോട് തലപ്പാടി ചെക്ക് പോസ്റ്റില്‍ വിപുലമായ സൗകര്യങ്ങളേര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
ജമ്മു കാശ്മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, ബീഹാര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുളള ഏകദേശം 4500 ഓളം പേര്‍ നോര്‍ക്ക വെബ് സൈറ്റില്‍ തിരികെ വരാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡി.സജിത്ത് ബാബു അറിയിച്ചു. ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തുന്നവരുടെ വിവരങ്ങള്‍, ആരോഗ്യ സ്ഥിതി എന്നിവ പരിശോധിക്കുന്നതിനായി വിപുലമായ സംവിധാനങ്ങള്‍ ഈ സാഹചര്യത്തില്‍ തയ്യാറാക്കിയിട്ടുണ്ട്.
നാളെ രാവിലെ എട്ടുമണി മുതല്‍ തലപ്പാടി ചെക്ക് പോസ്റ്റിലെ 100 ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തന ക്ഷമമാകും. കര്‍ണ്ണാടക അതിര്‍ത്തിയില്‍നിന്നും ജില്ലാ അതിര്‍ത്തിയിലെത്തുന്ന ഓരോ വാഹനത്തിനും ആര്‍ ടി ഒ, പൊലീസ് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കും. ഒന്നു മുതല്‍ 100 വരെയുള്ള ടോക്കണാണ് നല്‍കുക. ടോക്കണിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഹെല്‍പ് ഡെസ്‌ക്കുകളിലേക്ക് ക്യാപ്റ്റന്‍/ഡ്രൈവര്‍ എന്നിവരെ രേഖകള്‍ പരിശോധിക്കുന്നതിന് കടത്തി വിടൂ. വാഹനത്തില്‍ നിന്ന് ക്യാപ്റ്റന്‍/ഡ്രൈവര്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാകു.
നാല് സീറ്റ് വാഹനത്തില്‍ മൂന്ന് പേരും ഏഴ് സീറ്റ് വാഹനത്തില്‍ അഞ്ചു പേര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു. ക്യാപ്റ്റന്‍/ഡ്രൈവര്‍ എന്നിവര്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഒരു ജെഎച്ച്‌ഐ, ആര്‍ ടി ഒ റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം വാഹനം പരിശോധിച്ച് യാത്രക്കാരുടെ എണ്ണം, രോഗവിവരങ്ങള്‍, കോവിഡ് പ്രോട്ടോകോള്‍ പാലനം, നിലവിലെ സ്ഥിതി എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തും.ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുള്ളവരെ മെഡിക്കല്‍ ഓഫീസര്‍ പരിശോധിക്കുന്നതിന് പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റും.
പരിശോധനയ്ക്കു് ശേഷം ജില്ലയിലുളളവരാണെങ്കില്‍ അവരെ ആംബുലന്‍സില്‍ നിരീക്ഷണ കേന്ദ്രത്തില്‍ എത്തിക്കും. മറ്റ് ജില്ലയിലുളളവരാണെങ്കില്‍ സ്വദേശത്ത് എത്തിക്കുന്നതിന് അവരുടെ ചെലവില്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തി കൊടുക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു .തയ്യാറാക്കിയിട്ടുളള ഹെല്‍പ് ഡെസ്‌ക്കുകളില്‍ ഓരോ അര മണിക്കൂര്‍ ഇടവിട്ട് അണുവിമുക്തമാക്കുന്നതിന് ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസറെ ചുമതലപ്പെടുത്തി.
രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളില്‍ എത്തിക്കുന്നതിനായി ജില്ലയില്‍ ലഭ്യമായ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുളള ആംബുലന്‍സുകളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റ് തയ്യാറാക്കി അടിയന്തിര സേവനത്തിന് ഉപയോഗിക്കേണ്ട ആംബുലന്‍സുകള്‍ ഒഴിച്ച് ഹെല്‍പ് ഡെസ്‌ക്കുകളില്‍ സജ്ജമാക്കി നിര്‍ത്തും. തലപ്പാടിയില്‍ സജ്ജീകരിച്ചിട്ടുളള ഹെല്‍പ് ഡെസ്‌ക്കുകളില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചേരുന്നതിന് കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നും തലപ്പാടിയിലേക്കും തിരിച്ചും സഞ്ചരിക്കുന്നതിന് കെ എസ് ആര്‍ ടി സി ബസ്സ് ഏര്‍പ്പെടുത്തും.
20 ഹെല്‍പ് ഡെസ്‌ക്കുകള്‍ക്ക് ഒരാളെന്ന തോതില്‍ 100 ഹെല്‍പ് ഡെസ്‌ക്കുകളില്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും മൂന്നു ഷിഫ്റ്റുകളായി 15 സംരംഭകരെ നിയോഗിക്കും. കാസര്‍കോട് ആര്‍ഡിഒയുടെ അസാന്നിധ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിനുള്ള താല്കാലിക ചുമതല ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ക്കാണ്.
ജില്ലാ അതിര്‍ത്തി കടന്ന് ഓണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കൂടുതല്‍ ആളുകള്‍ വാഹനത്തില്‍ എത്തിച്ചേരാന്‍ സാധ്യത കാണുന്നതിനാല്‍ മെയ് നാല് മുതല്‍ ആദ്യത്തെ നാലു ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ ഒരുക്കിയിട്ടുളള സംവിധാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് കാലതാമസം നേരിടില്ല
ആളുകള്‍ കോവിഡ് 19 രോഗലക്ഷണങ്ങളില്ലെന്ന സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ഡി എം ഒ യെ സമീപിക്കാന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് കാലതാമസമില്ലാതെ വിതരണം ചെയ്യുന്നതിന് എല്ലാ പി എച്ച് സി, സി എച്ച് സികളിലെ മെഡിക്കല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ജില്ലയില്‍ നിന്ന് കര്‍ണ്ണാടകയിലേക്ക് ജത്സൂര്‍ റോഡ് മാര്‍ഗ്ഗം ഇതര സംസഥാന തൊഴിലാളികള്‍ കടന്നു പോകുന്നതിന് സാധ്യതയുണ്ട്. അത്തരക്കാരെ അതിര്‍ത്തി കടത്തി വിടുന്നതിന് നടപടി സ്വീകരിക്കും. ജില്ലാ ലേബര്‍ ഓഫീസര്‍ തയ്യാറാക്കിയിട്ടുളള ഇതര സംസ്ഥാന തൊഴിലാളികളികളുടെ ലിസ്റ്റില്‍ നിന്നും കുറഞ്ഞത് 4000 പേരെ കണ്ടെത്തി അവരുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ഏത് സംസ്ഥാനത്തേക്ക് പോകുന്നു എന്നീ വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് തയ്യാറാക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates