

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയെ ഇളക്കി മറിച്ച് സിനിമാ- സാംസ്‌കാരിക പ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും ലോങ് മാര്‍ച്ച്. ഫേസ്ബുക്ക് കൂട്ടായ്മകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോങ് മാര്‍ച്ചില്‍ സിനിമാ- സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ഒത്തുകൂടി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും രാജ്യത്തുടനീളം ഉയരുന്ന അമര്‍ഷവും പ്രതിഷേധവും ആസാദി മുദ്രാവാക്യങ്ങളും ഒട്ടും ചോരാതെ കൊച്ചിയിലും ഉയര്‍ന്നു കേട്ടു. കനത്ത വെയിലിനെയും അവഗണിച്ച് നട്ടുച്ച നേരത്താണ് പ്രതിഷേധക്കാര്‍ ഫോര്‍ട്ട് കൊച്ചി ലക്ഷ്യമാക്കി നടന്നു തുടങ്ങിയത്.'ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്' എന്നതായിരുന്നു രാജേന്ദ്ര മൈതാനിയില്‍ നിന്നു തുടങ്ങിയ പ്രതിഷേധമാര്‍ച്ചിന്റെ മുദ്രാവാക്യം.
നടന്‍മാരായ ഷെയ്ന്‍ നിഗം, മണികണ്ഠന്‍, സംവിധായകരായ കമല്‍, ആഷിക് അബു, ഗീതു മോഹന്‍ദാസ്, നടിമാരായ നിമിഷാ സജയന്‍, റീമാ കല്ലിങ്കല്‍, എഴുത്തുകാരായ ഉണ്ണി ആര്‍, എന്‍ എസ് മാധവന്‍, സംഗീത സംവിധായകന്‍ ഷഹബാസ് അമന്‍, ഗായികമാരായ രഞ്ജിനി ഹരിദാസ്, രശ്മി സതീഷ്, തിരക്കഥാകൃത്ത് ശ്യാം പുഷകരന്‍, സംവിധായിക അര്‍ച്ചന പദ്മിനി, ഛായാഗ്രഹകന്‍ വേണു തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
ഇത്തരം നിയമങ്ങള്‍ എന്‍ഫോഴ്‌സ് ചെയ്യുന്നത് കുറച്ചുപേര്‍ മാത്രമാണെന്ന് നടന്‍ ഷെയ്ന്‍ നിഗം പറഞ്ഞു. 'അനുസരിക്കേണ്ടത് നമ്മളാണ്. എന്നാല്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടതും നമ്മള്‍ തന്നെയാണ്. ആ സ്റ്റാന്‍ഡില്‍ അവസാനം വരെ ഉറച്ചുനില്‍ക്കണം.'- ഷെയ്ന്‍ നിഗം പറഞ്ഞു. ഇത്രയും കാലം എല്ലാം സഹിച്ച് നിന്നു, ഇനി ഇതിന് കഴിയില്ലെന്ന് നടി റീമാ കല്ലിങ്കല്‍ പറഞ്ഞു. തലയ്ക്ക് വെളിച്ചമുളള ആര്‍ക്കും ഇനി മിണ്ടാതിരിക്കാന്‍ കഴിയില്ല. യുവജനങ്ങളും, വിദ്യാര്‍ത്ഥികളുമാണ് കൃത്യമായി കാര്യങ്ങള്‍ പറഞ്ഞ് മുന്നിട്ടിറങ്ങിയത്.ന്യൂനപക്ഷം ആയതുകൊണ്ട് ഇവിടത്തെ പൗരന്മാര്‍ അല്ല എന്ന് പറയാന്‍ സ്റ്റേറ്റിന് ഒരു അധികാരവും ഇല്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുമെന്നും റീമാ കല്ലിങ്കല്‍ പറഞ്ഞു. 'അടുത്തിടെ ഒരു ബോര്‍ഡ് വായിച്ചു. തൃശൂര്‍ ചോദിച്ചിട്ടു കൊടുത്തില്ല, അപ്പോഴാണ് ഇന്ത്യ ചോദിക്കുന്നത്, കൊടുക്കുമോ?, കൊടുക്കില്ല'-നിമിഷാ സജയന്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി ഗൗരവമുള്ള രാഷ്ട്രീയ പ്രശ്‌നമാണെന്ന് സംവിധായകന്‍ ആഷിക് അബു പറഞ്ഞു. ഇതില്‍നിന്ന് ആര്‍ക്കും മാറി നില്‍ക്കാന്‍ കഴിയില്ല. ഏതൊക്കെ തരത്തില്‍ പ്രതിഷേധിക്കാമോ, അങ്ങനെയെല്ലാം പ്രതിഷേധിക്കുകയാണ് വേണ്ടതെന്നും ആഷിക് അബു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates