

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിഷയവും പിഎസ്സി പരീക്ഷാ അട്ടിമറിയും ഉന്നയിച്ച് സർക്കാറിനെതിരെ പ്രതിപക്ഷം നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. സമരത്തെ തുടർന്ന് തലസ്ഥാന നഗരം ഗതാഗതകുരുക്കിലായി. നഗരത്തിലെ മിക്കറോഡുകളും പൊലീസ് അടച്ചു.
സെക്രട്ടറിയേറ്റിലേക്ക് കാൽനടയാത്രക്കാരെ പോലും കടത്തിവിടുന്നില്ല. ജീവനക്കാരെ പ്രവേശിപ്പിക്കുന്നത് പോലും തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ പരിശോധിച്ച ശേഷമാണ്.
സെക്രട്ടേറിയറ്റിൻെറ മൂന്ന് ഗേറ്റുകളും സമരക്കാർ ഉപരോധിച്ചു. കന്റോൺമെന്റ് ഗേറ്റിലൂടെ മാത്രമാണ് ജീവനക്കാർ സെക്രട്ടേറിയറ്റിനുള്ളിൽ പ്രവേശിക്കുന്നത്. ഉപരോധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സമരത്തിന് അഭിവാദ്യം അർപ്പിച്ചു. ജനങ്ങളെ വെറുപ്പിക്കുന്നതിൽ സർവകാല റെക്കോർഡിട്ട സർക്കാരാണ് പിണറായി സർക്കാരെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ഉദ്യോഗാർത്ഥികളുടെ മുഴുവൻ പ്രതീക്ഷയാണ് പിഎസ് സി. അതിലാണ് അട്ടിമറി സംഭവിച്ചിരിക്കുന്നത്. എന്നിട്ടും സർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. മധ്യപ്രദേശിലെ വ്യാപത്തിന് തുല്യമായ അഴിമതിയാണ് ഇവിടെ നടക്കുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
യൂനിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകർ അഖിൽ എന്ന വിദ്യാർഥിയെ കുത്തി വീഴ്ത്തിയ സംഭവത്തിലും ഒന്നാം പ്രതിയുടെ വീട്ടിൽ നിന്ന് യൂനിവേഴ്സിറ്റിയുടെ ഉത്തര കടലാസ് കണ്ടെത്തിയ സംഭവത്തിലും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് ധർണ. മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും കേരള പൊലീസിലേക്കുള്ള പിഎസ്സി പരീക്ഷയിൽ യഥാക്രമം ഒന്നാം റാങ്കും 28ാം റാങ്കും നേടിയതിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഇത് സിബിഐ അന്വേഷിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. ഇതോടൊപ്പം വൈദ്യുതി ചാർജ്ജ് വർധന പിൻവലിക്കുകയെന്നതടക്കമുള്ള ആവശ്യങ്ങളും സമരത്തിൽ ഉയർത്തിക്കാട്ടുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates