

പത്തനംതിട്ട : മകര സംക്രമദിനത്തില്‍ അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. ഇന്ന് 11 ന് തിരുവാഭരണ പേടക വാഹക സംഘത്തെ മണികണ്ഠനാല്‍ത്തറ ക്ഷേത്ര സന്നിധിയില്‍ നിന്നു ക്ഷേത്രത്തിലേക്കു സ്വീകരിക്കും. ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി ജി ശശികുമാര വര്‍മ, സെക്രട്ടറി നാരായണ വര്‍മ എന്നിവര്‍ പറഞ്ഞു.
രാവിലെ 11.50ന് ചതയംനാള്‍ രാമവര്‍മ രാജ, രാജപ്രതിനിധി ഉത്രംനാള്‍ പ്രദീപ്കുമാര്‍ വര്‍മ എന്നിവരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്കു സ്വീകരിച്ച് ആനയിക്കും. ഉടവാളുമായി പടക്കുറുപ്പും ഒപ്പം ഉണ്ടാകും. ഇവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടെ നട അടയ്ക്കും. തുടര്‍ന്ന് ഉടവാള്‍ പൂജിക്കുന്നതിന് മേല്‍ശാന്തിയെ ഏല്‍പിക്കും.
ഉച്ചപൂജയ്ക്കു ശേഷം പ്രസാദം തമ്പുരാനും രാജപ്രതിനിധിക്കും നല്‍കും. തമ്പുരാന്‍ ദക്ഷിണയായി പണക്കിഴി സമ്മാനിക്കും. 12.30 ന് തിരുവാഭരണങ്ങളുടെ പട്ടിക ബന്ധപ്പെട്ടവര്‍ ഒരിക്കല്‍ കൂടി പരിശോധിച്ചു തൃപ്തിപ്പെട്ടതിനു ശേഷം പേടകം അടച്ചു പൂട്ടി താക്കോല്‍ തമ്പുരാനെ ഏല്‍പ്പിക്കും. 12.40 ന് തമ്പുരാന്‍ ഉടവാള്‍ രാജപ്രതിനിധിക്കു കൈമാറും. തുടര്‍ന്നു നീരാജനം ഉഴിഞ്ഞു പൂമാലയും ചാര്‍ത്തി പേടകം ഘോഷയാത്രയ്ക്കു സജ്ജമാക്കും. 12.55 ന് ഉടവാള്‍ വാള്‍ക്കുറുപ്പിനു കൈമാറും. ഈ വാളുമായിട്ടാണ് രാജപ്രതിനിധി ഘോഷയാത്രയ്ക്കു നേതൃത്വം നല്‍കുന്നത്.
ബലിക്കല്‍പ്പുരയില്‍ എത്തുമ്പോള്‍ പുറത്തു കാത്തു നില്‍ക്കുന്ന പതിനായിരങ്ങളുടെ ശരണം വിളികളുടെ അകമ്പടിയോടെ കൊട്ടാരം കുടുംബാംഗങ്ങള്‍ ചേര്‍ന്ന് തിരുവാഭരണം ശ്രീകോവിലിന് പ്രദക്ഷിണമായി പുറത്തേക്ക് എഴുന്നള്ളിക്കും. തിരുവാഭരണ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയാണ് പേടകം ശിരസ്സിലേറ്റുക. 1.05 ന് മേടക്കല്ലിനു സമീപം ഒരുക്കിയിട്ടുള്ള പല്ലക്കില്‍ രാജപ്രതിനിധിയും തൊട്ടു പിന്നാലെ തിരുവാഭരണ പേടകങ്ങളും യാത്രയാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates