കോട്ടയം: തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാകുമെന്ന വിലയിരുത്തലില്‍ പൊലീസ്. കൊല്ലപ്പെട്ട കൃഷ്ണന്‍കുട്ടി മന്ത്രവാദ ക്രിയകള്‍ നടത്തിയിരുന്നെന്നും ആഢംബര വാഹനങ്ങളില്‍ ചിലര്‍ ഇയാളെ കാണാന്‍ വന്നിരുന്നതായും നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നു വണ്ണപ്പുറം മുതല്‍ കഞ്ഞിക്കുഴി വരെയുള്ള സ്ഥലങ്ങളിലെ ക്യാമറകള്‍ പൊലീസ് പരിശോധിച്ചു തുടങ്ങി.
ബാങ്കുകളുടെയും കടകളുടെയും മുന്‍വശത്തു സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലെ ദൃശ്യങ്ങളാണു ശേഖരിക്കുന്നത്. ഒന്‍പതു സ്ഥാപനങ്ങളിലെ ദൃശ്യങ്ങള്‍ ശേഖരിച്ചതായും രണ്ട് ക്യാമറകളിലെ ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിന് അപേക്ഷ നല്‍കിയതായും പൊലീസ് അറിയിച്ചു. ബാങ്കുകളിലെ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനു തിരുവനന്തപുരത്തെ പ്രധാന ഓഫിസില്‍ അപേക്ഷ നല്‍കി.
കൃഷ്ണന്റെ മകള്‍ ആര്‍ഷ ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടടുപ്പിച്ച് വാട്‌സാപ്പില്‍ ഓണ്‍ലൈനിലുണ്ടായിരുന്നു. അര്‍ധരാത്രിയോടെ കൊലപാതകം നടന്നിട്ടുണ്ടാകാമെന്നാണു പൊലീസ് കരുതുന്നത്. ഈ സമയം റോഡിലൂടെ കടന്നുപോയ വാഹനങ്ങളുടെ വിവരങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. പൂജയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണു കൊലപാതകത്തില്‍ കലാശിച്ചതെന്ന വിലയിരുത്തലിലാണു പൊലീസ്.
അതേസമയം കൃഷ്ണന്‍കുട്ടിയുടെ മകള്‍ ആര്‍ഷ രണ്ടാഴ്ച മുന്‍പ് കോളജിലെ കുട്ടികളുടെയും അധ്യാപകരുടെയും വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒരാളെ കഴുത്തറത്തുകൊല്ലുന്ന ഭീകരദൃശ്യം പോസ്റ്റ് ചെയ്തതായി അധ്യാപകര്‍ പൊലീസിനോട് പറഞ്ഞു. ഇതാവര്‍ത്തിക്കരുതെന്നു മുന്നറിയിപ്പു നല്‍കിയതായും തൊടുപുഴ ഗവ. ബിഎഡ് കോളജിലെ അധ്യാപകര്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ആര്‍ഷ ക്ലാസില്‍ മാറിയിരുന്നു കരയുന്നതും കൂട്ടുകാര്‍ കണ്ടിരുന്നു.
കൊലപാതകം നടന്നത് ഞായറാഴ്ച രാത്രി 10.53നു ശേഷമാണെന്ന സൂചനയാണ് ലഭിക്കുന്നത്. കൊല്ലപ്പെട്ട ആര്‍ഷ കൃഷ്ണന്‍ ഈ സമയം വരെ വാട്‌സ്ആപ് ഉപയോഗിച്ചിരുന്നു. രാത്രി സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. തൊടുപുഴ ബിഎഡ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആര്‍ഷ. ഇതിനു ശേഷം അധികം വൈകാതെ കൊല നടന്നിട്ടുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. രാത്രിയിലെ ഫോണ്‍കോളുകളുടെ വിവരശേഖരണം പൊലീസ് ആരംഭിച്ചു.
അതേസമയം, കമ്പകക്കാനത്തെ അയല്‍വാസികളോടും ബന്ധുക്കളോടും കാര്യമായ സൗഹൃദം പുലര്‍ത്തിയിരുന്നില്ലെങ്കിലും കൃഷ്ണന്‍ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും താല്‍പര്യം കാണിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. രണ്ടുവര്‍ഷം മുന്‍പു വരെ വണ്ണപ്പുറം പഞ്ചായത്തിലെ ബിജെപിയുടെ ബൂത്ത് പ്രസിഡന്റായിരുന്നു കൃഷ്ണനെന്നു വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി.സജീവന്‍ പറഞ്ഞു. പൊതുപരിപാടികള്‍ക്കെല്ലാം കൃത്യമായി പങ്കെടുത്തിരുന്നു. നന്നായി സംസാരിക്കുമായിരുന്ന കൃഷ്ണന്റെ വാക്കുകളില്‍ ആരും വീണുപോകുമെന്നു വണ്ണപ്പുറം നിവാസികള്‍ പറയുന്നു. വീടിന്റെ പരിസരം വിട്ടുള്ളവരോട് നല്ല അടുപ്പമാണു കൃഷ്ണന് ഉണ്ടായിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍, തൊടുപുഴയ്ക്കടുത്ത് വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് വീടിനുസമീപം കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹത അകലുന്നില്ല. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് വീടിനുപിന്നില്‍ ഒറ്റക്കുഴിയില്‍ നാലുമൃതദേഹങ്ങളും മൂടിയിട്ടിരിക്കുന്ന മരവിപ്പിക്കുന്ന കാഴ്ചയായിരുന്നു.
മൃതദേഹങ്ങള്‍ വലിച്ചിഴച്ചല്ല കുഴിയിലേക്കെത്തിച്ചതെന്നതിനാല്‍ മൂന്നിലേറെപ്പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാത്രമല്ല, കൊല്ലപ്പെട്ട ഗൃഹനാഥന്‍ കൃഷ്ണന് നൂറിലധികം കിലോ തൂക്കമുണ്ട്.
ഞായറാഴ്ച വൈകിട്ടുവരെ ഇവരെ വീട്ടില്‍ കണ്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. രണ്ടു ദിവസമായി ഇവരുടെ യാതൊരു വിവരവും ഇല്ലാത്തതിനാലാണ് വീട്ടിലേക്ക് അന്വേഷിച്ചെത്തിയത്. നാലംഗകുടുംബത്തിനു പുറംലോകവുമായി വലിയ ബന്ധമില്ലായിരുന്നു. കൃഷ്ണന്‍ വീട്ടില്‍ മന്ത്രവാദവും പൂജയും നടത്തിയിരുന്നു.
നെല്‍ മണികള്‍ ഉപയോഗിച്ചു കണക്കുകൂട്ടിയാണു കൃഷ്ണന്‍ പൂജകള്‍ നടത്തിയിരുന്നതെന്നും കോഴിക്കുരുതി ഉള്‍പ്പെടെ നടത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. ഒറ്റപ്പെട്ട വീട്ടിലേക്ക് ഒട്ടേറെ വാഹനങ്ങള്‍ സ്ഥിരമായി വന്നുപോയിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയാണു വന്നിരുന്നതെന്നു നാട്ടുകാര്‍ പറയുന്നു.
ഇന്നലെ രാവിലെ നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയില്‍ വീടിന്റെ വാതില്‍ ചാരിയ നിലയിലായിരുന്നു. അകത്തു കടക്കാന്‍ ബലം പ്രയോഗിച്ചതായി സൂചനയില്ല. വീട്ടില്‍ സ്ഥിരമായി വന്നിരുന്നവര്‍ ആരെങ്കിലുമാണോ സംഭവത്തിനു പിന്നിലെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
ബന്ധുക്കളുമായി സ്വത്ത് തര്‍ക്കമുണ്ടായിരുന്നതായും സൂചനയുണ്ട്. അടുത്തുതന്നെയാണു താമസിച്ചിരുന്നതെങ്കിലും കൃഷ്ണനും കുടുംബവും സഹോദരങ്ങളുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. സംസാരം പോലും ഇല്ലായിരുന്നു. അമ്മ മരിച്ചിട്ടുപോലും ചടങ്ങുകളില്‍ പങ്കെടുത്തില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates