'തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തില്‍; ഞാന്‍ അവനെ മാത്രമേ വിളിച്ചുള്ളൂ...; അവനോടൊപ്പം തോറ്റയാളില്‍ ഒരാളാണ് ഞാനും...'; ഒരു പ്രധാനാധ്യാപകന്റെ വാക്കുകള്‍

ജയവും തോല്‍വിക്കുമിടയില്‍ എന്താണുള്ളത്? വെറുതെ ചിന്തിച്ചു പോയി. നമ്മുടെ കരുതലിന്റെ എന്തെങ്കിലും ഒരു കുറവ്? അവനോടൊപ്പം തോറ്റു പോയത് നമ്മള്‍ കൂടിയാണല്ലോ.
ഫയൽ ചിത്രം
ഫയൽ ചിത്രം
Updated on
2 min read

ഴിഞ്ഞദിവസം പുറത്തുവന്ന എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ സംസ്ഥാനം റെക്കോര്‍ഡ് വിജയമാണ് കൈവരിച്ചിരിക്കുന്നത്. 98.82 ശതമാനമാണ് ഈവര്‍ഷത്തെ വിജയ കണക്ക്. വിജയിച്ചവരെ അഭിനന്ദിക്കുന്നതിനൊപ്പം തോറ്റുപോയ കുട്ടികളെ ചേര്‍ത്തു പിടിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. അവരെ കുറ്റപ്പെടുത്താതെ വിജയത്തിലേക്കുള്ള പടവുകള്‍ കൈപിടിച്ചു കയറ്റേണ്ടതുണ്ട്. അത്തരത്തിലുള്ളൊരു കുറിപ്പാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. തന്റെ സ്‌കൂളില്‍ പരീക്ഷയ്ക്ക് തോറ്റുപോയ ഒരേയൊരു കുട്ടിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മടപ്പള്ളി സര്‍ക്കാര്‍ എച്ച് എസ് എസിലെ പ്രധാനാധ്യാപകന്‍ വി പി പ്രഭാകരന്‍ മാസ്റ്റര്‍.

പരീക്ഷാഫലം വന്നതിന് ശേഷം തന്റെ സ്‌കൂളില്‍ വിജയിച്ച 434പേരില്‍ ആരേയും വിളിക്കാതെ തോറ്റുപോയ വിദ്യാര്‍ത്ഥിയെ മാത്രമാണ് താന്‍ വിളിച്ചതെന്ന് പ്രഭാകരന്‍ മാസ്റ്റര്‍ കുറിക്കുന്നു.
ഒപ്പം തോറ്റുപോയവരെ ചേര്‍ത്തുപിടിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികളെ പരീക്ഷ എഴുതാന്‍ സജ്ജരാക്കിയ അധ്യാപകരുടെ പെരുമാറ്റത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം:

തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തില്‍. ഞാന്‍ അവനെ മാത്രമേ വിളിച്ചുള്ളൂ. വിജയിച്ച 434 പേരില്‍ ഒരാളെയും വിളിക്കാതെ. കാരണം അവനോടൊപ്പം തോറ്റയാളില്‍ ഒരാളാണ് ഞാനും. ഇപ്രാവശ്യം ആരും തോല്‍ക്കുമെന്ന് കരുതിയിരുന്നില്ല. തോല്‍ക്കുമെന്ന് കരുതിയവരെ നാം കൂടെ കൊണ്ടു നടന്നു. അതില്‍ അക്ഷരം ശരിക്കെഴുതാന്‍ അറിയാത്തവരുമുണ്ടായിരുന്നു. അവരോട് കാണിച്ച കരുതല്‍, സ്‌നേഹം പൂര്‍ണമായും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. പരാജയഭീതിയില്‍ വെളിച്ചമറ്റ കണ്ണുകളില്‍ കണ്ടതിളക്കം, ലൈബ്രറി മുറിയില്‍ പോകുമ്പോഴൊക്കെ ഞാന്‍ തിരിച്ചറിഞ്ഞു. എന്തൊരു സ്‌നേഹത്തോടെയാണ് ടീച്ചര്‍മാര്‍ അവരോട് പെരുമാറിയിരുന്നത്. ഒരുപക്ഷേ ആ കുട്ടികള്‍ ജീവിതത്തില്‍ ഈ സ്‌നേഹം മുമ്പ് അനുഭവിച്ചിട്ടുണ്ടാവില്ല. ഇത്ര സ്‌നേഹവും കരുതലും നല്കാന്‍ ടീച്ചര്‍ക്ക് ഇതിനു മുമ്പ് ഒരവസരം ലഭിച്ചിട്ടുമുണ്ടാവില്ല.

പരീക്ഷാ ദിനങ്ങളില്‍ ഇവര്‍ ഇരിക്കുന്ന ക്ലാസ് മുറികളില്‍ പോവുമ്പോള്‍ അവരുടെ കണ്ണുകളില്‍ തെളിഞ്ഞ നന്ദി സൂചകമായ നനവിന്റെ തിളക്കം. അവരുടെ അടുത്ത് പോയി തോളില്‍ തട്ടില്‍ പ്രശ്‌നമൊന്നുമില്ലല്ലോ എന്നു പറഞ്ഞപ്പോള്‍ നോക്കിയ നോട്ടത്തിലെ സ്‌നേഹം. എനിക്ക് ഇപ്പോള്‍ തോന്നുകയാണ് തോറ്റു പോയ ആ മോനും ഒരു പക്ഷേ എന്നെ നോക്കിയിട്ടുണ്ടാവാം. ഞാനത് കണ്ടില്ലല്ലോ? നമ്മുടെ നോട്ടത്തില്‍ നിന്ന് കരുതലില്‍ നിന്ന് സ്‌നേഹത്തില്‍ നിന്ന് വിട്ടു പോയ ഒരു കുട്ടി.

ഇന്നു വിളിച്ചപ്പോള്‍ പറഞ്ഞു: സാര്‍ ഞാന്‍ ജയിക്കുമെന്ന് തന്നെയാണ് കരുതിയത്. വീട്ടില്‍ ഉമ്മയില്ലേ എന്ന് ചോദിച്ചപ്പോള്‍ അവര്‍ അടുത്ത വീട്ടിലാണെന്ന് പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ ഉമ്മ തിരിച്ചുവിളിച്ചു: എന്റെ മോന്‍ മാത്രം തോറ്റു പോയി. പരീക്ഷ കഴിഞ്ഞപ്പോള്‍ അവന്‍ ജയിക്കുമെന്നാണ് എന്നോട് പറഞ്ഞത്.

ജയവും തോല്‍വിക്കുമിടയില്‍ എന്താണുള്ളത്? വെറുതെ ചിന്തിച്ചു പോയി. നമ്മുടെ കരുതലിന്റെ എന്തെങ്കിലും ഒരു കുറവ്? അവനോടൊപ്പം തോറ്റു പോയത് നമ്മള്‍ കൂടിയാണല്ലോ. റീ വാല്വേഷനല്‍ അവന്‍ ജയിക്കുമായിരിക്കും. അല്ലെങ്കില്‍ സേ പരീക്ഷയില്‍. നൂറ് ശതമാനം ലഭിക്കുമ്പോഴാണ് എല്ലാ വിജയങ്ങളും ആഘോഷമാവുന്നത്. പക്ഷേ പരീക്ഷകളില്‍ പരാജയപ്പെട്ട എത്രയോ പേര്‍ പിന്നീട് ജീവിതത്തില്‍ വലിയ വിജയം ആഘോഷിച്ചിട്ടുണ്ട് എന്നും നമുക്കറിയാം . ഞാന്‍ അവനോട് പറഞ്ഞു, സാരമില്ല, നീ നാളെ സ്‌ക്കൂളില്‍ വാ. അവന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: വരാം സാര്‍. ഫോണിനപ്പുറത്ത് അവന്റെ മുഖം എനിക്ക് ശരിക്കും കാണാമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com