

കുട്ടിക്കാലം മുതല്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ പോയി ദേവിയെ തൊഴുന്നതാണ്. എത്ര എതിര്‍പ്പുന്നയിച്ചാലും ആ ദേവിക്ക് പൂജ ചെയ്യണമെന്ന ആഗ്രഹവും നിലപാടും മാറ്റില്ലെന്ന് പറയുകയാണ് ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ നിയമനം നിഷേധിക്കപ്പെട്ട സുധികുമാര്‍.
അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരായി നിയമിക്കണമെന്നതിനെ അംഗീകരിക്കുന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചു പോന്നിരുന്നത്. എന്റെ കാര്യത്തില്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ ദേവസ്വം ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാട് സ്വീകരിച്ചതാണ് വിനയായത്.
അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിക്കുന്നത് തടയരുതെന്ന സുപ്രീംകോടതി വിധി പോലും മറികടന്നാണ് തന്റെ നിയമനം ദേവസ്വം കമ്മിഷണര്‍ രാമ രാജ പ്രേമ പ്രസാദ് റദ്ദാക്കിയത്. ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലേക്ക് ട്രാന്‍സ്ഫര്‍ വേണ്ട എന്ന് ഞാന്‍ ദേവസ്വം കമ്മിഷണറെ അറിയിച്ചെന്നും വാര്‍ത്തകളിലൂടെ കേട്ടു. എന്നാലത് സത്യമല്ല.
പതിനെട്ടാം നൂറ്റാണ്ടിലെ
ജാതി വ്യവസ്ഥയെ കൂട്ടുപിടിച്ച് എതിര്‍പ്പുമായി ആരൊക്കെ വന്നാലും ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ പൂജ ചെയ്യണം എന്ന ആഗ്രഹത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറല്ലെന്ന് സുധികുമാര്‍ വ്യക്തമാക്കുന്നു. ഷോഡശ്ശ സംസ്‌കാരത്തിലെ മലയാളി ബ്രാഹ്മണന്‍ വേണമെന്നാണ് തന്റെ നിയമനത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്. ഷോഡശ്ശ എന്ന് പറയുമ്പോള്‍ കുലത്തേയും, ബ്രാഹ്മണന്‍ എന്ന് പറയുമ്പോള്‍ ജാതിയേയുമാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും സുധികുമാര്‍ പറയുന്നു.
പറ ഉള്‍പ്പെടെയുള്ള പൂജകള്‍ ചെയ്യാന്‍ അബ്രാഹ്മണ ശാന്തിമാര്‍ക്ക് അറിയില്ലെന്നാണ് തന്റെ നിയമനത്തില്‍ എതിര്‍പ്പുന്നയിക്കുന്നവരുടെ മറ്റൊരു വാദം. ഇതെല്ലാം ചെയ്യേണ്ടത് മേല്‍ശാന്തിയാണ്. കീഴ്ശാന്തിമാര്‍ ചെയ്യേണ്ട പൂജകളെ കുറിച്ച് വ്യക്തമായ അറിവുണ്ട്. തന്റെ നിയമനം തടയാന്‍ ഇവരുന്നയിക്കുന്ന വാദങ്ങള്‍ മാത്രമാണ് ഇതെന്നും സുധികുമാര്‍ ചൂണ്ടിക്കാട്ടുന്നു.
ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി തന്നെ അപമാനിച്ചു എന്ന തരത്തില്‍ വന്ന വാര്‍ത്തകളും സുധികുമാര്‍ നിഷേധിക്കുന്നു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ശബരിമല മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡ് അംഗങ്ങളും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് എത്തുമെന്നാണ് തന്നെ അറിയിച്ചിരുന്നത്.
എന്നാല്‍ ചില സംഘടനകളുടെ ഉപരോധ സമരം മൂലം ഇവര്‍ക്ക് എത്താനായില്ലെന്ന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി തന്നെ അറിയിച്ചു. തനിക്ക് പറയാനുള്ളത് രേഖാമൂലം എഴുതി നല്‍കാനും സെക്രട്ടറി നിര്‍ദേശിച്ചത് അനുസരിച്ച് അങ്ങിനെ ചെയ്തു. ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ തന്നെ നിയമനം വേണം എന്നാണ് ഞാന്‍ ദേവസ്വം ബോര്‍ഡിന് എഴുതി നല്‍കിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധികുമാര്‍ പറയുന്നു.
ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലേക്ക് ട്രാന്‍സ്ഫര്‍ വേണ്ടെന്ന് പറഞ്ഞതിന് രേഖാമൂലം തെളിവുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാനായിരുന്നു ദേവസ്വം ബോര്‍ഡ് യോഗത്തിലേക്ക് സുധികുമാര്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്. ട്രാന്‍സ്ഫര്‍ വേണ്ട എന്ന നിലപാട് സുധികുമാര്‍ സ്വീകരിച്ചതിന് രേഖാമൂലം തെളിവുണ്ടെങ്കില്‍ സുധികുമാറിനെതിരെ നടപടി സ്വീകരിക്കാനായിരുന്നു ദേവസ്വം ബോര്‍ഡിന്റെ നീക്കമെന്നും സൂചനയുണ്ട്.
കാമരാജ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാടാര്‍, ധീവര സമുദായ പ്രവര്‍ത്തകരായിരുന്നു പ്രയാര്‍ ഗോപാല കൃഷ്ണനേയും മറ്റ് ബോര്‍ഡ് അംഗങ്ങളേയും തടഞ്ഞുവെച്ച് ഉപരോധ സമരം നടത്തിയത്. മൂന്ന ദിവസത്തിനുള്ളില്‍ സുധികുമാറിന് ക്ഷേത്രത്തില്‍ നിയമനം നല്‍കുമെന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധ സമരം ഇവര്‍ അവസാനിപ്പിച്ചു. എന്നാല്‍ നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് ഇതുവരെ തീരുമാനം ഒന്നും തന്നെ അറിയിച്ചിട്ടില്ലെന്ന് സുധികുമാര്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates